Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പര്‍ 30ന്റെ അമരക്കാരനാകാൻ ഹൃതിക് റോഷൻ

Hrithik-Roshan

വ്യക്തികളുടെ ജീവചരിത്രം വരച്ചിടുന്ന ബയോപിക്കുകള്‍ ബോളിവുഡില്‍ സാധാരണമാണ്. ധീരുഭായ് അംബാനി, മേരി കോം, മില്‍ഖാ സിങ്, എം. എസ്. ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിങ്ങനെ നിരവധി പേരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ അഭ്രപാളികളില്‍ തെളിഞ്ഞിട്ടുണ്ട്. സാധാരണ ചുറ്റുപാടുകളില്‍ ജനിച്ച് അസാധാരണമായ പ്രവര്‍ത്തനങ്ങളിലൂടെ സെലിബ്രിറ്റി പദവിയിലേക്ക് ഉയര്‍ന്നവരാണ് ബയോപിക്കുകളിലെ നായിക നായകന്മാർ. 

anand-kumar വിദ്യാർഥികളിലൊരാൾ ആനന്ദ് കുമാറിനു മധുരം നൽകുന്നു

ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാർഥികളെ ഐഐടികളുടെ പടി കടത്തിയ ആനന്ദ് കുമാര്‍ എന്ന ഗണിതശാസ്ത്രജ്ഞനും ഈ പട്ടികയിലൊരാളാവുകയാണ്. ആനന്ദ് കുമാറും അദ്ദേഹത്തിന്റെ സൂപ്പര്‍ 30 എന്ന സൗജന്യ പഠന പരിപാടിയും ഇന്ത്യയ്ക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്ന വിജയകരമായ ഒരു പഠന പദ്ധതിയാണ്. 

സൂപ്പര്‍ 30 എന്ന പേരില്‍ത്തന്നെ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഹൃതിക് റോഷനാണ് ആനന്ദ് കുമാറിന്റെ വേഷം അവതിരിപ്പിക്കുന്നത്. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2018 നവംബര്‍ 23നു പുറത്തിറങ്ങും. റിലയന്‍സ് എന്റര്‍ടെയ്ൻമെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. 

2015ല്‍ ഫ്രഞ്ച് സംവിധായകന്‍ പാസ്‌കല്‍ പ്ലിസണ്‍ ആനന്ദ് കുമാറിനെ കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. ഡിസ്‌കവറി ചാനല്‍, അല്‍ജസീറ എന്നിവയുള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളും ആനന്ദ് കുമാറിനെയും സൂപ്പര്‍ 30യെയും കുറിച്ചു പരിപാടികള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 

Education News>>