Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം നല്‍കിയതു രാഷ്ട്രപതി; പതിനാലുകാരന്‍ പുറത്തിറക്കുന്നതു നാലു തടവുകാരെ

ayush-kishore

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതിയില്‍ നിന്നു 10,000 രൂപ സമ്മാനമായി കിട്ടിയാല്‍ നിങ്ങള്‍ എന്തു ചെയ്യും?ചിലരത് പൊന്നു പോലെ സൂക്ഷിച്ചു വയ്ക്കും. ചില കുട്ടികള്‍ അതു വീട്ടുകാരെ ഏല്‍പ്പിക്കും. ചിലര്‍ ആ പണം കൊണ്ടു ഗുണമുള്ള എന്തെങ്കിലും വാങ്ങും. ചിലരാകട്ടെ അതു സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ച് തീര്‍ക്കും. എന്നാല്‍ ഭോപ്പാലിലെ ആയുഷ് കിഷോര്‍ എന്ന 14കാരന്‍ ചെയ്തത് എന്താണെന്ന് അറിയുമോ? ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ നാലു തടവുകാരെ ആ പണമുപയോഗിച്ച് പുറത്തിറക്കുന്നു. 

പിഴ ചുമത്തിയ തുക കെട്ടിവയ്ക്കാനില്ലാത്തതു കൊണ്ടു ജയിലഴികള്‍ക്കു പിന്നില്‍ കിടക്കാന്‍ വിധിക്കപ്പെട്ട നാലു പേര്‍ക്കാണ് ആയുഷ് തന്റെ സമ്മാനത്തുക കൊണ്ട് സ്വാതന്ത്ര്യം നേടി കൊടുത്തത്. റിപബ്ലിക് ദിനത്തില്‍ ഇവര്‍ നാലു പേരും ജയില്‍ മോചിതരായി പുറത്തിറങ്ങും. വിശിഷ്ട നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡ് 2016ലാണു രാഷ്ടപതിയില്‍ നിന്നു കിഷോര്‍ ഏറ്റുവാങ്ങിയത്. കണക്കിലുള്ള പ്രാഗത്ഭ്യമാണ് കിഷോറിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌ക്കാര തുകയായി ലഭിച്ച 10,000 രൂപയും ഓള്‍ റൗണ്ട് പ്രകടനത്തിനു സ്‌കൂളില്‍ നിന്നു ലഭിച്ച 28,000 രൂപയുമാണു ജയിലിലെ തടവുകാര്‍ക്കു വേണ്ടി കിഷോര്‍ വിനിയോഗിച്ചത്. 

പ്രചോദനമായത് ഒരു ജയില്‍ ചാട്ടം
2016 ഒക്ടോബറില്‍ ഭോപ്പാല്‍ ജയിലില്‍ നടന്ന ജയില്‍ചാട്ടവും അതിനെ തുടര്‍ന്നു ജയില്‍ കാവല്‍ക്കാരന്‍ മരിക്കാനിടയായ സംഭവവുമാണ് കിഷോറിനെ സ്വാധീനിച്ചത്. പോലീസ് ഉദ്യോഗസ്ഥയായ അമ്മ വിനീത മാളവ്യയോട് ജയിലിലെ ജീവിതം എങ്ങനെയാണ് എന്ന് കിഷോര്‍ ചോദിച്ച് മനസ്സിലാക്കി. വര്‍ഷങ്ങളോളം ജയിലില്‍ ജോലി ചെയ്തു പിഴയടക്കാനുള്ള തുക സ്വരൂപിക്കുന്ന നിരവധി പേരുടെ കഥ അമ്മ മകനു പറഞ്ഞു കൊടുത്തു. 2000 രൂപ പോലും സംഘടിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ പലരും ഇന്നും ജയിലറയ്ക്കുള്ളില്‍ കഴിയുന്നതായുള്ള വിവരം കിഷോറിനു ചെറുതല്ലാത്ത ഞെട്ടല്‍ സമ്മാനിച്ചു. അതോടെയാണു തന്റെ സമ്മാന തുക അങ്ങനെയുള്ളവര്‍ക്കു വേണ്ടി നീക്കിവയ്ക്കാന്‍ കിഷോര്‍ തീരുമാനിച്ചത്. 

രാജ്യാന്തര, ദേശീയ തലങ്ങളില്‍ നടന്ന നിരവധി കണക്ക് മത്സരങ്ങളില്‍ കിഷോര്‍ പങ്കെടുത്തു വിജയം കൈവരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ െലവല്‍ മെന്റല്‍ അര്‍ത്ത്‌മെറ്റിക് കോംപറ്റീഷനില്‍ ഗ്രാന്‍ഡ് ചാംപ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഒരു ദേശീയ റെക്കോര്‍ഡും കിഷോറിന്റെ പേരിലുണ്ട്. യുകെയിലെ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലും ഓണററി ഡോക്ടറേറ്റ് ബിരുദവും കിഷോര്‍ സ്വന്തമാക്കിയിട്ടുണ്ട്. 

Education News>>