Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യശ്രമത്തിൽ ഐപിഎസ്, മൂന്നു വർഷങ്ങൾക്കു ശേഷം ഐഎഎസ്

garima-singh

ചിലരങ്ങനെയൊക്കെയാണ്. ഒാറഞ്ചു വിറ്റുകിട്ടുന്ന ചെറിയ തുക സ്വരുക്കൂട്ടി സ്കൂളുകൾ പണിതു നാട്ടിലെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകും, മാസശമ്പളം കൊണ്ട് അംഗൻവാടികൾ നവീകരിക്കും. ഹരേക്കല ഹജബ്ബയും ഗരിമ സിങ്ങുമെല്ലാം സാധാരണക്കാരായ മനുഷ്യർ തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യവും മഹത്വവും ഏറ്റവും ശരിയായ അർഥത്തിലറിയാമെന്നതുകൊണ്ടാണ് ഈ പേരുകൾ ഉയർന്നു കേൾക്കാനിടവരുന്നത്. മംഗലൂരുകാരൻ ഹജബ്ബ ‘അക്ഷരങ്ങളുടെ പുണ്യാളൻ’ എന്നറിയപ്പെടാൻ തുടങ്ങിയതു തലച്ചുമടായി ഒാറഞ്ച് വിറ്റ്, ആ തുക കൊണ്ടു സ്കൂൾ പണിതപ്പോഴാണ്. ആദ്യമായി അക്ഷരങ്ങളെ അറിയുന്നയിടം കുഞ്ഞുങ്ങളുടെ ഒാർമകളിലെന്നും മധുരം നിറയ്ക്കണമെന്ന ആഗ്രഹത്താലാണ് ഗരിമ സിങ് എന്ന ഐഎഎസ് ഒാഫിസർ തന്റെ മാസശമ്പളം കൊണ്ട് അംഗൻവാടി നവീകരിച്ചത്. 

ഗരിമ സിങ്, 2015 ലെ സിവിൽ സര്‍വീസ് പരീക്ഷയിൽ 55–ാം റാങ്കു നേടിയ മിടുക്കിയാണ്. അതിനും മൂന്നു വർഷം മുമ്പു 2012 ൽ ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവീസിൽ 109–ാം റാങ്ക് നേടി IPS പട്ടികയിൽ ഇടം പിടിച്ചിരുന്നു ഇവർ. ‘1090’ എന്ന വനിതാ ഹെൽപ്‍ലൈൻ നമ്പറിനു പിന്നിലും കുപ്രസിദ്ധമായ മോഹൻലാൽ ഗഞ്ച് പീഡനക്കേസ് തെളിയിച്ചതിലുമെല്ലാം ഈ IPS ഒാഫിസർ ശക്തമായ സാന്നിധ്യമായിരുന്നു. ആത്മസമർപ്പണത്താലും നിഷ്പക്ഷമായ നിലപാടുകളാലും മികവുറ്റ പൊലീസ് ഒാഫിസറെന്നു പേരെടുത്ത ഗരിമ, സ്ത്രീകള്‍ക്കിടയിലും താഴെക്കിടയിലുളള സമൂഹങ്ങളിലും വലിയൊരു പ്രതീക്ഷയായിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥയായ ഗരിമ സിങ്ങിന് ആദ്യ നിയമനം ലഭിച്ചത് ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലേക്കായിരുന്നു; സാമൂഹികക്ഷേമ ഒാഫിസറായി. നിയമനം ലഭിച്ച ആദ്യനാളുകളിലെപ്പോഴോ ഗരിമയുടെ ശ്രദ്ധയിൽപ്പെട്ട ഒന്നായിരുന്നു ജീർണ്ണിച്ചു നശിച്ചുവീഴാറായ, മദ്‍വാരി മസ്ജിദ് റോഡിലെ അംഗൻവാടി. അക്ഷരങ്ങള്‍ എന്തെന്നു കുഞ്ഞുങ്ങൾ ആദ്യമറിയുന്ന ഇടങ്ങളാണ് അംഗന്‍വാടികൾ. അതുകൊണ്ടുതന്നെ അത് ഒാർമകളിലെന്നും നിറഞ്ഞു നിൽക്കുന്ന ഇടമാകണമെന്നു ചിന്തിച്ച ഗരിമ, ആ അംഗൻവാടിയെ പുനരുദ്ധരിക്കുക എന്ന ചുമതല സ്വയമേറ്റെടുക്കുകയായിരുന്നു. 

ജില്ലയിലെ അംഗൻവാടികൾക്ക് ഒരു മാതൃകയാക്കി മദ്‍വാരി മസ്ജിദ് റോഡിലെ ആ അംഗൻവാടിയെ മാറ്റണമെന്ന ചിന്തയും ആ ഉദ്യമത്തിനു പുറകിലുണ്ടായിരുന്നു. തന്റെ സമ്പാദ്യത്തിൽ നിന്ന് 50,000 രൂപയാണ് ഗരിമ അതിനു മാറ്റിവെച്ചത്. പുതുക്കി പണിത്, നിറം പൂശിയ അംഗൻവാടിയിൽ പുതുമേശകളും കസേരകളും നിറഞ്ഞു. ചുവരുകളിൽ അക്ഷരമാലകളും വർണ്ണചിത്രങ്ങളും ചാർട്ടുകളും കളിക്കോപ്പുകളും വിനോദങ്ങളിലൂടെ അക്ഷരങ്ങളെ അടുത്തറിയാൻ പഠനസാമഗ്രികളും ഒരുക്കി. അംഗൻവാടിയുടെ കവാടത്തിൽ പോലും ആകർഷകമായ ബോർഡ് സ്ഥാപിച്ചു.

‘തീർത്തും പരിതാപകരമായ അവസ്ഥയിലായിരുന്നു ആ അംഗൻവാടി പ്രവർത്തിച്ചിരുന്നത്. കുട്ടികളിൽ യാതൊരു വിധത്തിലുളള താല്‍പര്യം ജനിപ്പിക്കാനും അതിന് കഴിയുമായിരുന്നില്ല. ആ അംഗൻവാടിയിലെ 22 കുട്ടികൾക്ക് എക്കാലവും ഒാർമിക്കാനുളളതായിരിക്കണം തങ്ങൾക്ക് ആദ്യത്തെ അറിവ് ലഭിച്ച ഇടമെന്ന ചിന്തയാണ് ഇപ്രകാരമൊരു കാര്യത്തിന് പ്രേരിപ്പിച്ചത്. മറ്റ് ഒാഫിസര്‍മാരും പൊതുപ്രവർത്തകരും ബിസിനസുകാരുമെല്ലാം ഇതുപോലെയുളള പ്രവർത്തനങ്ങളെ  സഹായിക്കുന്നതു നാടിന്റെ മുന്നേറ്റത്തിന് ഉപകാരമാകും. ജില്ലാഭരണകൂടം ഈ വരുന്ന മാർച്ച് 31 ന് മുൻപായി 50 അംഗൻവാടികൾ നവീകരിക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ ഗരിമ സിങ് പറഞ്ഞു. 

ജനങ്ങൾക്ക് ഉദ്യോഗസ്ഥവൃന്ദത്തിലും ഭരണകൂടത്തിലും വിശ്വാസമുണ്ടാകണമെങ്കിൽ ഗരിമ സിങ്ങിനെ പോലുളള ഉദ്യോഗസ്ഥർ ആവശ്യമാണ്. സമൂഹത്തിൽ വലിയ മാറ്റവും മുന്നേറ്റവും സൃഷ്ടിക്കാൻ ഇങ്ങനെയുളളവർക്ക് മാത്രമേ സാധിക്കുകയുളളൂ.

Job Tips >>