Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മിടുക്കനു മുന്നിൽ ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും ഒന്നുമല്ല

mehul-garg മെഹുൽ അമ്മ ദിവ്യയോടൊപ്പം

ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ബുദ്ധിമാനെന്നു ലോകം വിശേഷിപ്പിക്കുന്ന പ്രതിഭയാണു സ്റ്റീഫൻ ഹോക്കിങ്. മൺമറഞ്ഞു പോയെങ്കിലും, ബുദ്ധിയിൽ ഹോക്കിങ്ങിനൊപ്പം തന്നെയാണ് ആൽബർട്ട് ഐൻസ്റ്റീനിന്റെയും സ്ഥാനം. ലോകം കണ്ട എക്കാലത്തെയും ഏറ്റവും ബുദ്ധിമാൻമാരായ ശാസ്ത്രജ്ഞരാണ് ഇരുവരും. മനുഷ്യ ബുദ്ധിശക്തിയുടെ അളവുകോലെന്ന് അറിയപ്പെടുന്ന ബുദ്ധിലബ്ധി അഥവാ ഇന്റലിജന്റ്സ് ക്വോഷിയന്റിൽ ഇവർക്കൊപ്പം തന്നെയാണ്, അല്ല ഇവരേക്കാളും 2 പോയിന്റ് മുന്നിലാണ് മെഹുൽ ഗാർഗ് എന്ന പത്തുവയസ്സുകാരൻ. മെൻസ ഐക്യു ടെസ്റ്റില്‍ ഐൻസ്റ്റീനെയും ഹോക്കിങ്ങിനെയും പിന്തള്ളിയാണ്  ഇന്ത്യൻ വംശജനായ മെഹുൽ ലോകത്തെ ഞെട്ടിച്ചത്.

162 പോയിന്റാണ് മെഹുൽ ഐക്യു ടെസ്റ്റില്‍ കരസ്ഥമാക്കിയത്. ഈ സ്കോർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മെഹുലാണ്. കഴിഞ്ഞ വർഷം മെൻസ ഐക്യു ടെസ്റ്റിലെ വിജയി സഹോദരനായ ധ്രുവ് ഗാർഗ് ആയിരുന്നു ഇതോടെ മെൻസ ഐക്യു സമൂഹത്തിലെ അംഗങ്ങളായി ഇരുവരും. 

mehul-dhruv ധ്രുവ്, മെഹുൽ

സഹോദരൻമാർ തമ്മിൽ കടുത്ത മത്സരമാണെന്നും, ബുദ്ധിയിൽ താനൊട്ടും പിറകിലല്ലെന്നു തെളിയിക്കാനും ധ്രുവിനെ മറികടക്കാനുമുളള ശ്രമങ്ങള്‍ മെഹുൽ നടത്തയിരുന്നുവെന്നും ഇവരുടെ അമ്മ ദിവ്യ ഗാർഗ് പറഞ്ഞു. മത്സരത്തിന്റെ പല ഘട്ടത്തിലും താൻ മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും പിതാവ് ഗൗരവ് ഗാർഗ് നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും മെഹുൽ വിജയത്തിനുശേഷം പ്രതികരിച്ചു.

ലോകസമൂഹത്തിലെ ഒരു ശതമാനത്തിനു മാത്രം പങ്കെടുക്കാൻ കഴിയുന്ന ഐക്യു മത്സരമാണ് മെന്‍സ ഐക്യു ടെസ്റ്റ്. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ഐക്യു സമൂഹമാണ് മെന്‍സ. ക്രിക്കറ്റും ഐസ്‍സ്കേറ്റിങും ഇഷ്ടപ്പെടുന്ന മെഹുലിനു ഭാവിയിൽ ടെക്നോളജിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതുതായി ചെയ്യണമെന്നാണ് ആഗ്രഹം. 100 സെക്കൻഡിനു താഴെ സമയമെടുത്തു റൂബിക്സ് ക്യൂബ് പൂർത്തീകരിക്കാനും ഡ്രംസ് വായിക്കാനുമാണു മെഹുൽ ഏറെയിഷ്ടപ്പെടുന്നത്. 

ബുദ്ധിയിൽ മാത്രമല്ല, സഹജീവികളോടുളള സ്നേഹത്തിലും  ഈ സഹോദരങ്ങൾ മുന്നിൽ തന്നെയാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കു വേണ്ടി ഒരു ആപ്പ് തുടങ്ങാനും അയൽക്കാരെ തമ്മിൽ ബന്ധിപ്പിക്കാനുമുളള ശ്രമങ്ങളിലാണ് ഇവർ. ഇതിനായി തുടങ്ങിയ പേജിലൂടെ 1300 ഡോളർ ഇവർ ഇതുവരെ സംഭരിച്ചു കഴിഞ്ഞു. ചുറ്റും കാണുന്ന ഈ ലോകത്ത് ക്രിയാത്മകമായ എന്തെങ്കിലും മാറ്റം കൊണ്ടുവരാനുളള ശ്രമത്തിലാണു തങ്ങളെന്ന് ഫണ്ട് സമാഹരണത്തിനായി തുടങ്ങിയ പേജില്‍ ഇവർ കുറിച്ചിരിക്കുന്നു.

വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിജയങ്ങൾക്കുപരിയായി ഈ ലോകത്തെയും സമൂഹത്തെയും അറിഞ്ഞു മക്കൾ വളരണമെന്നുതന്നെയാണു ഈ ബുദ്ധിമാൻമാരുടെ മാതാപിതാക്കളായ ദിവ്യയും ഗൗരവ് ഗാർഗും ആഗ്രഹിക്കുന്നത്.

Education News>>