Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

250 കായികതാരങ്ങൾക്ക് ഒറ്റ നാക്കായി ഈ കൊച്ചു മിടുക്കി

arwa

സമരവീരയെന്ന ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരം സെഞ്ച്വറി അടിച്ചു ശ്രീലങ്കയെ ജയിപ്പിച്ച ഒരു മത്സരമുണ്ടായിരുന്നു. ആ വലിയ വേദിയിൽ വെച്ച് അദ്ദേഹത്തിന് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിക്കപ്പെട്ടപ്പോൾ സിംഹളഭാഷ  മാത്രം അറിയാവുന്ന ആ മനുഷ്യൻ  ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്കു മുമ്പിൽ പതറി നിന്നതും ജയവർധനെ എന്ന സഹതാരം സഹായത്തിനെത്തിയതും വിങ്ങുന്ന ഒരു കാഴ്ചയായിരുന്നു...അതിലും എത്രയോ നീറുന്ന കാഴ്ചയാണപ്പോൾ കേൾക്കാനും സംസാരിക്കാനും  കഴിയാത്ത മനുഷ്യർ...അങ്ങനെയുള്ള കായികതാരങ്ങൾക്കു ശബ്ദമാകുകയാണ് അർവാ ഇംതിയാസ്‌ എന്ന പതിനാറുകാരി.

ശ്രീനഗറിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിയാണ് അർവ.സംസാരിക്കാനും കേൾക്കാനും കഴിയാത്ത 250 കായികതാരങ്ങൾക്കിടയിൽ  മുഖ്യസഹായിയായി, അവരുടെ പരിഭാഷകയായി പ്രവർത്തിക്കുകയാണ് ഈ കൊച്ചുമിടുക്കിയിപ്പോൾ.

മറ്റുള്ളവരുമായി സംസാരിക്കാനും ആശയങ്ങൾ കൈമാറാനും കഴിയാതെ വിഷമിക്കുന്നവരുടെ കാഴ്ചകൾ വേദനയായപ്പോഴാണ് അർവ ഇങ്ങനെയൊരു ദൗത്യത്തിനു തയ്യാറായത്. അതിനു പ്രേരണയായതോ കുടുംബത്തിൽ തന്നെയുള്ള നാലു അംഗങ്ങൾ. കേൾക്കാനും സംസാരിക്കാനും കഴിയാത്ത അവർക്കൊപ്പം നടന്നു അവരുടെ ബുദ്ധിമുട്ടുകളും വേദനകളും  ശൈലിയിയും ഭാഷയും ചെറുപ്പത്തിലേ കൈകാര്യം ചെയ്യാൻ ശീലിച്ചിരുന്നു അർവ. മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഇവർ അനുഭവിക്കുന്ന പ്രയാസങ്ങൾ സ്വാനുഭവത്തിലൂടെ തന്നെ വേദനയായി അർവക്കുള്ളിലുണ്ടായിരുന്നു. ആ വേദനയാണ് ജമ്മു-കാശ്മീർ സ്പോർട്സ് അസോസിയേഷനിൽ അംഗങ്ങളായ കേൾക്കാനും സംസാരിക്കാനും കഴിയാത്ത 250 കായികതാരങ്ങളുടെ ശബ്ദമാകാൻ അവൾക്കു പ്രചോദനമായത്. 

അഞ്ചാം ക്ലാസ്സുമുതലാണ് അർവ സംസാരിക്കാൻ കഴിയാത്തവരുടെ ശബ്ദമാകാൻ തുടങ്ങിയത്. ജമ്മു മുഴുവൻ ഇവർക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നതിനാൽ പഠനത്തിനിടയിൽ നിരവധി ക്ലാസുകൾ നഷ്ടപ്പെടാറുണ്ടെങ്കിലും ഈ കായികതാരങ്ങളുടെ സഹായിയായി പോകുന്നതിനു അർവക്കു യാതൊരു മടിയുമില്ല. ജീവിതം മുഴുവൻ ഇവരുടെ ശബ്‍ദമാകണമെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട് ഈ പെണ്കുട്ടി.  

ഇംതിയാസ് അഹമ്മദ് എന്ന അർവയുടെ പിതാവ് ഒരു ഓട്ടോ ഡ്രൈവറാണ്. മകളുടെ ഈ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് അദ്ദേഹം.''ചില സമയങ്ങളിൽ അവൾക്കു ക്ലാസുകൾ നഷ്ടപെടാറുണ്ട്. കായികതാരങ്ങളുടെ കൂടെ പലസ്ഥലങ്ങളിലും സഞ്ചരിക്കേണ്ടതായി വരാറുണ്ട്. ചില സന്ദർഭങ്ങളിൽ പല പ്രശ്ങ്ങളെയും അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യാറുണ്ട്. പക്ഷെ ഇതിൽ നിന്നും പിന്മാറാൻ അവൾ തയ്യാറല്ല’’. ഞങ്ങൾ പൂർണപിന്തുണയുമായി മകൾക്കൊപ്പമുണ്ട്. അർവ, അവൾ ചെയ്യുന്നത് ശരിക്കും ഒരു പുണ്യമല്ലേ? അഭിമാനം നിറഞ്ഞ വാക്കുകളോടെ ഇംതിയാസ്‌ അഹമ്മദ് ചോദിക്കുന്നു.

സാമ്പത്തികമായി വലിയ ഭദ്രതയൊന്നുമില്ലാത്ത ഒരു കുടുംബമാണ് അർവയുടേത്. ഡോക്ടറാകണമെന്ന ഒരു മോഹമുണ്ട് ഈ മിടുക്കിക്ക്. പക്ഷെ അച്ഛന്റെ വരുമാനം അതിനു തികയില്ലെങ്കിലും തനിക്കൊപ്പമുള്ളവരുടെ പ്രാർത്ഥനകൾ തന്റെ ആഗ്രഹങ്ങൾ സഫലമാക്കുമെന്നു തന്നെയാണ് ഇവൾ വിശ്വസിക്കുന്നത്. ഒരു ഡോക്ടറെ പോലെ മറ്റുള്ളവരെ സേവിക്കാൻ കഴിയുന്ന മേഖലകൾ വളരെ ചുരുക്കമാണെന്നു നന്നായറിയുന്ന അർവ, തനിക്കൊപ്പം തന്നെ തന്റെ സേവനങ്ങൾ കൂടി വളർത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്.  

Education News>>