ADVERTISEMENT

ഫസ്റ്റ് ബെൽ ക്ലാസുകളും സ്കൂളിലെ റിവിഷൻ ക്ലാസുകളും ശ്രദ്ധിച്ച കുട്ടികൾക്ക് സംതൃപ്തി നൽകുന്നതായിരുന്നു ഫിസിക്സ് പരീക്ഷ. യൂണിറ്റ് അടിസ്ഥാനത്തിലുള്ള സ്കോർ വിതരണം ഏറെക്കുറെ പാലിക്കപ്പെട്ടു. ഫോക്കസ് ഏരിയകളോടു നീതി പുലർത്തിയത് ശരാശരിക്കാർക്കും തുണയായി. 

മിക്ക ചോദ്യങ്ങളും മോഡൽ പരീക്ഷയിലെ ചോദ്യങ്ങളോടു ചേർന്നുനിന്നതും പാഠപുസ്തകത്തിലെ ചില ചോദ്യങ്ങൾ അതേപടി ചോദിച്ചതും പഠനത്തിൽ അൽപം പിന്നിൽ നിൽക്കുന്നവർക്കു സഹായകരമായി (ഉദാ. ചോദ്യം 30). മൊത്തത്തിൽ ഇനിയുള്ള സബ്ജക്ട് പരീക്ഷകളിൽ ആത്മവിശ്വാസം പകരുന്നതായി ഫിസിക്സ് പരീക്ഷ. 

sslc-examination-physics-paper-review-ba-bu-payyath-kozhikode-avila-ghss-school
ബാബു പയ്യത്ത്

ഒരു സ്കോറിന്റെ വിഭാഗത്തിലെ 8 ചോദ്യങ്ങളിൽ ഭൂരിഭാഗവും എളുപ്പമായിരുന്നെങ്കിലും 4, 8 ചോദ്യങ്ങൾ മിക്ക കുട്ടികൾക്കും ചാലഞ്ചിങ് ആയിരിക്കും. രണ്ടു സ്കോർ വിഭാഗത്തിൽ 12 ചോദ്യങ്ങളാണുണ്ടായിരുന്നത്. ഇവയിൽ 16, 18 ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടാൻ അൽപം ചിന്തിക്കണം. 19–ാം ചോദ്യത്തിലെ (b) പാർട്ടിൽ നിയമത്തിന്റെ പേരെഴുതുക എന്നോ, പ്രസ്താവന എഴുതുക എന്നോ നൽകി ചോദ്യഭാഷ കൃത്യമാക്കാമായിരുന്നു.

3, 4 സ്കോർ വിഭാഗത്തിൽ ചിത്രീകരണങ്ങൾക്കും ഗണിത പ്രശ്നങ്ങൾക്കും കൂടിയ പ്രാതിനിധ്യം കിട്ടി. ഗണിത പ്രശ്നങ്ങൾ പലതും എളുപ്പമായിരുന്നെങ്കിലും കണക്കിൽ താൽപര്യം കുറഞ്ഞ കുട്ടികൾക്കും കോവിഡ് കാലത്ത് ഇത്തരം കണക്കുകൾ അധ്യാപകരുടെ സഹായത്തോടെ ചെയ്തു പഠിക്കാൻ അവസരം ലഭിക്കാതെ പോയ ഒട്ടേറെപ്പേർക്കും വെല്ലുവിളിയാണ്. 

മികച്ച നിലവാരക്കാർക്ക് അൽപം വെല്ലുവിളി ഉയർത്തുന്ന ചോദ്യങ്ങളായിരുന്നു 16, 18, 21, 22 തുടങ്ങിയവ. 26–ാം ചോദ്യത്തിലെ (b) വിഭാഗം പല കുട്ടികൾക്കും ‘എങ്ങനെ വിശദമാക്കണം’ എന്ന ആശയക്കുഴപ്പമുണ്ടാക്കി. മിക്ക ചോദ്യങ്ങളിലും ഭിന്നനിലവാരക്കാരെ പരിഗണിക്കും വിധമുള്ള പടവുകൾ നൽകിയതു പൊതുവേ ഉപകരിച്ചു. ഗണിത പ്രശ്നങ്ങളിൽ വല്ലാതെ സമയം ചെലവഴിച്ചിട്ടില്ലെങ്കിൽ നിലവാരമുള്ള കുട്ടികൾക്ക് എപ്ലസ് ഉറപ്പിക്കാവുന്നതായിരുന്നു ഫിസിക്സ് പരീക്ഷ.

(കോഴിക്കോട് ആവള കുട്ടോത്ത് ജിഎച്ച്എസ്എസ് അധ്യാപകനാണ് ലേഖകൻ)

English Summary : SSLC Examination Physics Question Paper Review by Babu Payyath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com