Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാം, അക്ഷരമാല; പഠിപ്പിക്കാം മലയാളം

Print

സംസ്ഥാനത്തെ ഗവ. എൽപി–യുപി സ്കൂളുകളിലെ മുഴുവൻ അധ്യാപകരെയും മലയാളത്തിലെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിക്കുന്നു. നവംബർ അഞ്ചിനു നടത്തുന്ന അധ്യാപക ക്ലസ്റ്റർ പരിശീലനത്തിന്റെ മുഖ്യ വിഷയമാണ് അക്ഷരമാല പഠിക്കുക എന്നത്. എയ്ഡഡ് സ്കൂൾ അധ്യാപകരും പരിശീലനത്തിന്റെ ഭാഗമായി അക്ഷരമാല പഠിക്കേണ്ടിവരും.

കേരളത്തിൽ ഈയിടെ നടത്തിയ വിദ്യാഭ്യാസ സർവേയിൽ ഒന്നുമുതൽ ഏഴുവരെയുള്ള സ്കൂൾ വിദ്യാർഥികൾ ബഹുഭൂരിപക്ഷവും മലയാളം അക്ഷരങ്ങൾ തെറ്റായിട്ടാണ് എഴുതുന്നത് എന്നു കണ്ടെത്തി. കുട്ടികൾക്കു ഭാഷാബോധം ഉണ്ട്. എന്നാൽ ശരിയായി എഴുതാനും ഉച്ചരിക്കാനും അറിയില്ല. കുട്ടികളെ ബോധവൽക്കരിക്കണമെന്നു ബ്ലോക്ക് റിസോഴ്സ് സെന്റർ (ബിആർസി) മുഖേന വിദ്യാഭ്യാസവകുപ്പു പലതവണ അധ്യാപകരോടു നിർദേശിച്ചിരുന്നു.

വേണമെങ്കിൽ സർവശിക്ഷാ അഭിയാന്റെ (എസ്എസ്എ) സഹകരണവും തേടാമെന്നും പറഞ്ഞിരുന്നു. എന്നിട്ടും കാര്യമായ പുരോഗതി കാണാത്തതിനാലാണ് അധ്യാപകരെ മുഴുവൻ അക്ഷരമാല പഠിപ്പിക്കുന്നത്. ആദ്യം അധ്യാപകർ പഠിക്കട്ടെ എന്നിട്ടാകാം വിദ്യാർഥികളുടെ ഇടയിലുള്ള ഹിതപരിശോധനയെന്നും തീരുമാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും സംസ്ഥാന എസ്എസ്എ പ്രോജക്ട് ഓഫിസറും ചേർന്നാണു പരിശീലന വിഷയം തിരഞ്ഞെടുത്തത്.

ബിആർസി സെന്ററുകളിലെ ഭാഷാ വിദഗ്ധരാണു പരിശീലിപ്പിക്കുക. ഈ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സംസ്ഥാനത്തെ മുഴുവൻ സെന്ററുകളിലും ആരംഭിച്ചു. നവംബർ അഞ്ചിനു ബ്ലോക്കുതല പരിശീലനത്തിൽ അധ്യാപകർ പങ്കെടുക്കും. അതിനിടെ, ആറാം പ്രവൃത്തിദിനമായതിനാൽ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിക്കുമെന്നു യുഡിഎഫ് അനുകൂല അധ്യാപക സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.