Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാങ്കുകൾ വാരിക്കൂട്ടി ഗോപിക

gopika-murthy

‘കറുത്ത കോട്ടിട്ട്, ഫയലും ചുരുട്ടിപ്പിടിച്ച് കോടതി വരാന്തയിലൂടെ ഓടി നടക്കുന്ന അഭിഭാഷകർ...‘നിയമം പഠിക്കുന്നവരെക്കുറിച്ചു മലയാളികളുടെ ചിന്ത ഇതാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വമ്പൻ നിയമസ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ബുദ്ധിവൈഭവമുള്ള ലീഗല്‍ അഡ്വൈസർമാരെ കൊത്തിക്കൊണ്ടു പോകാൻ ക്യൂ നിൽക്കുകയാണിപ്പോൾ. റാങ്കുകൾ വാരിക്കൂട്ടി നിയമബിരുദം പൂർത്തിയാക്കിയ ഗോപികയുടെ സ്ഥാപനങ്ങള്‍ കോടതി മുറികളിൽ തങ്ങി നില്‍ക്കുന്നില്ല.

നിയമവഴിയിലേക്ക്
നിയമത്തിന്റെ വഴിയിലേക്കു വന്നുചേരുകയായിരുന്നു ഗോപിക. സ്കൂളിലെ സീനിയേഴ്സ് പറഞ്ഞുകേട്ടാണു 17 നിയമ സർവകലാശാലകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ ‘ക്ലാറ്റ്’ എഴുതിയത്. വെറുതെ രസത്തിനു വേണ്ടിയല്ല. അത്യാവശ്യം അധ്വാനിച്ചു തന്നെ, ഫലം വന്നപ്പോൾ ദേശീയതലത്തിൽ പത്താം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും! ബെംഗളുരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് അഞ്ചു വർഷത്തെ ബിഎ– എൽഎൽബി ഓണേഴ്സ് ബിരുദം കഴിഞ്ഞിറങ്ങുമ്പോൾ കഴുത്തിൽ പതിനൊന്നു സ്വർണമെഡലുകൾ വേറെ. ബാച്ലർ ഓഫ് സിവിൽ ലോ എന്ന മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യാൻ യു. കെയിലേക്ക് പറന്നു കഴിഞ്ഞു ഈ മിടുക്കി.

തിരുവനന്തപുരംകാരിയായ ഗോപിക ചെറുപ്പം മുതലേ സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ മിടുക്കിയായിരുന്നു. എഴുത്തും വായനയും സാഹിത്യവും ഇഷ്ടങ്ങളായി കൂടെ. പ്ലസ്ടു പഠിക്കുന്ന കാലത്ത്, നിയമവിദ്യാർഥികളായ പഴയ സീനിയേഴ്സ് പറഞ്ഞ വിശേഷങ്ങൾ കേട്ടപ്പോൾ സാഹിത്യം ഇഷ്ടമുള്ളവർക്കു പറ്റിയ മേഖലയാണു നിയമം എന്നു തോന്നി. 2010ൽ പ്ലസ്ടു പാസ്സായി എൻജിനിയറിങിന് തിരുവനന്തപുരം ഗവൺമെന്റ് കോളജില്‍ ചേർന്നപ്പോഴാണ് ചിന്തയ്ക്ക് ചൂടു പിടിച്ചത്.

ഗോപിക ആ ചിന്ത അമ്മ ലക്ഷ്മിയോടു പങ്കിട്ടു. പരിചയമുള്ളവരോടെല്ലാം ചോദിച്ചു. കാര്യങ്ങൾ കുഴപ്പമില്ലെന്നു മനസ്സിലായപ്പോൾ അമ്മ പച്ചക്കൊടി കാട്ടി. പക്ഷേ, എൻട്രൻസ് കിട്ടിയ ശേഷം മാത്രമേ എൻജിനിയറിങ് ഉപേക്ഷിക്കാവൂ എന്നൊരു നിബന്ധന വച്ചു. അച്ഛൻ പി. ആർ. മൂർത്തിയും തടസ്സമൊന്നും പറഞ്ഞില്ല.

എൻജിനീയറിങ്ങിനൊപ്പം ക്ലാറ്റിനു വേണ്ടി ഒരു വർഷത്തെ ചിട്ടയായ പഠനം. ലോ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ നോക്കി സിലബസ് മനസ്സിലാക്കി. ഓരോ വർഷവും ഓരോ വീഭാഗം ചോദ്യങ്ങൾക്കു പ്രാധാന്യം കൊടുത്താണ് ചോദ്യപേപ്പർ തയാറാക്കുന്നതെന്ന് അറിയാമായിരുന്നു. ആ വർഷം പൊതുവിജ്ഞാനത്തിനായിരുന്നു പ്രാധാന്യം. മുടങ്ങാതെ പത്രങ്ങൾ വായിച്ചു. കൂടുതൽ സമയം മറ്റു കാര്യങ്ങൾക്കുമായി ക്രമീകരിച്ചു. 2011ൽ പ്രവേശന പരീക്ഷയെഴുതി.

വേറിട്ട പഠനരീതികൾ
ക്ലാറ്റിൽ റാങ്കോടെ വിജയം സ്വന്തമായപ്പോൾ എൻജിനീയറിങ്ങിനോടു ടാറ്റാ പറഞ്ഞ് ബെംഗളൂരുവിലേക്ക് വണ്ടി കയറി. പുതിയൊരു ലോകമായിരുന്നു കാത്തിരുന്നത്. വിദ്യാർഥികളായിരുന്നു യൂണിവേഴ്സിറ്റിയിലെ താരങ്ങൾ. സമർഥരായ വിദ്യാർഥികൾ അംഗങ്ങളായ കോളജ് കമ്മിറ്റിയാണ് പഠനരീതികൾ തീരുമാനിച്ചത്. അധ്യാപകർ വഴികാട്ടികളായി കൂടെയുണ്ടായിരുന്നു. ഇന്റേൺഷിപ്പുകളും മോക് കോർട്ടും പോലുള്ള പ്രായോഗിക രീതിയായതുകൊണ്ട് പഠനം പരമാവധി ആസ്വദിച്ചു. കുറച്ചു പേർ മാത്രമുള്ള ക്യാംപസും ഇഷ്ടമായി.

gopika ഗോപിക മാതാപിതാക്കൾക്കൊപ്പം

ഒന്നാം റാങ്കിന് മൂന്ന്, ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പെൺകുട്ടി കാറ്റഗറിയിൽ മൂന്ന്. പ്രോസീജ്യുറൽ ലോ, ബിസിനസ് ആൻഡ് കോർപററ്റ് ലോ, ക്രിമിനൽ ലോ വിഷയങ്ങളിലെ ഒന്നാം സ്ഥാനത്തിന് മൂന്ന്, ബെസ്റ്റ് ഔട്ട് ഗോയിങ് വിഭാഗത്തിൽ രണ്ട്... അങ്ങനെയാകെ പതിനൊന്ന് സ്വർണമെഡലുകളാണ് ഗോപികയ്ക്ക് സ്വന്തമായത്. മിടുക്കൻമാരും മിടുക്കികളും മാത്രമുള്ള കോളജിൽ നിന്ന് മിടുമിടുക്കിയായി ഗോപിക പുറത്തിറങ്ങി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ ധാരാളമുണ്ടെങ്കിലും കേരളത്തിൽ പഠിച്ചു വരുന്നവരെ ഇത്തരം ക്യാംപസുകളിൽ കാണുന്നില്ലെന്നതു സങ്കടകരമാണെന്നു ഗോപിക പറയുന്നു. നിയമരംഗത്തെ മാറ്റങ്ങളും അവസരങ്ങളും പഠനസാധ്യതകളും അറിയാത്തതാവണം കാരണമെന്നാണ് ഈ യുവതിയുടെ അഭിപ്രായം. നിയമപഠനത്തിന്റെ സാധ്യതകളുടെ ചിറകിൽ പുതിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുകയാണു ഗോപികയെന്ന മിടുമിടുക്കി.

Your Rating: