Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർക്കു നേടാൻ പലവഴികൾ

study-methods

ഓരോരുത്തർക്കും പഠിക്കാന്‍ ഓരോ രീതിയുണ്ട്. ചിലർ ഉറക്കെ പറഞ്ഞു പഠിക്കും. ചിലർക്ക് കേട്ടു പഠിച്ചാലാണ് മനസ്സിലാകുക. എഴുതി പഠിച്ചില്ലെങ്കിൽ തലയിൽ കയറാത്തവരുമുണ്ട്. സ്വന്തം പഠനശൈലി അറിഞ്ഞ് പഠനരീതി മാറ്റിയാൽ കൂടുതൽ മികവു കാണിക്കാം.

കണ്ടു പഠിക്കുന്നവർ നിറം നൽകൂ
പഠന ഭാഗങ്ങള്‍ കണ്ടുപഠിക്കാൻ താല്പര്യമുള്ളവരാണ് ദൃശ്യപഠിതാക്കൾ. പുസ്തകങ്ങളിലെ പാഠ്യഭാഗങ്ങളുടെ പേജ് ഓർത്തെടുത്താകും പരീക്ഷ എഴുതുന്നത്.

∙ ടെക്സ്റ്റ് ബുക്കുകൾ വായിക്കുമ്പോൾ പ്രധാന പോയിന്റുകൾക്ക് അടിവരയിടുക. നോട്ട് എഴുതുമ്പോഴും പോയിന്റുകളുടെ പ്രാധാന്യം അനുസരിച്ച് പല നിറങ്ങളിൽ എഴുതാം. പ്രധാനപ്പെട്ടതിന് ഒരു നിറം, ഉദാഹരങ്ങള്‍ക്ക് ഒരു നിറം എന്നരീതിയിൽ പരീക്ഷാ സമയത്ത് ഈ നിറങ്ങൾക്കൊപ്പം പാഠഭാഗങ്ങളും മനസ്സിൽ എളുപ്പത്തിൽ തെളിയും.
∙ കട്ടിയുള്ള പേപ്പറുകൾ ചെറിയ കഷണങ്ങളായി മുറിച്ച് പഠിച്ചിരിക്കേണ്ട ഭാഗങ്ങൾ എഴുതിയിടാം. ഓര്‍മയിൽ നിൽക്കുന്ന തരത്തിൽ കീ വേഡുകൾ ഉണ്ടാക്കി എഴുതിയിടുകയുമാവാം. ഇടയ്ക്കിടെ ഇതെടുത്തു നോക്കി റിവിഷൻ ചെയ്യാം.
∙ പഠിച്ചത് പെട്ടെന്ന് മറന്നു പോകാതിരിക്കാനുള്ള എളുപ്പവഴി കാര്യങ്ങളെ ഭാവനയിൽ കാണുക എന്നതാണ്. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളും മറ്റും പഠിക്കുമ്പോൾ അവ ഒരു സിനിമപോലെ മനസ്സിൽ കാണുക. ചരിത്രവും ശാസ്ത്രവുമൊക്കെ ഇങ്ങനെ ഭാവനയിൽ വിടർത്താം.‌
∙ ഡയഗ്രമുകളും ചാർട്ടുകളും മുറിയിൽ കാണത്തക്ക വിധം ഒട്ടിച്ചു വയ്ക്കാം തിയറി ഭാഗങ്ങളും ഡയഗ്രമായി വരച്ചിടാം. കണക്കിലെ പ്രധാന ഫോർമുലകളും എഴുതി ഒട്ടിച്ചോളൂ.

കേട്ടു പഠിക്കുന്നവർ ഉറക്കെ വായിക്കണം
വായിച്ച കാര്യങ്ങളേക്കാൾ കേട്ട കാര്യങ്ങൾ ഓർത്തു വായിക്കുന്ന കൂട്ടരാണിവർ.

∙ ഉറക്കെ വായിച്ചു പഠിക്കുന്നതാണ് മനസ്സിൽ തങ്ങി നിൽക്കുക. പ്രധാനപ്പെട്ട പോയിന്റ് കൂടുതൽ ഉച്ചത്തിൽ വായിക്കുക.
∙ സ്വന്തം ശബ്ദത്തിൽ പാഠഭാഗങ്ങൾ വായിച്ച് റെക്കോർഡ് ചെയ്തു വയ്ക്കാം. ശാന്തമായി കേട്ടു മനപ്പാഠമാക്കാം.
∙ ഗ്രൂപ്പ് സ്റ്റഡി ശ്രാവ്യപഠിതാക്കൾക്കാകും കൂടുതൽ ഗുണം ചെയ്യുക. സുഹൃത്തുക്കള്‍ക്ക് പറഞ്ഞു കൊടുത്തും അവർ പറയുന്നതു കേട്ടും കാര്യങ്ങൾ മനപ്പാഠമാകും.
∙ ക്ലാസെടുക്കുമ്പോൾ നന്നായി ശ്രദ്ധിച്ചിരുന്നാൽ തന്നെ പഠനഭാരം കുറയ്ക്കാം. പ്രധാന പോയിന്റുകൾ തനിക്കു മാത്രം കേൾക്കത്തക്ക വിധം ക്ലാസ്സിൽ ഇരുന്നു തന്നെ ഉരുവിടാം.
∙ പാഠങ്ങൾ പാട്ടാക്കി ഇടയ്ക്കിടെ പാടി നടക്കൂ. പാട്ടും പാടി പരീക്ഷയെഴുതാം.

ബഹളക്കാർക്ക് എഴുതിപ്പഠിക്കാം
‘അടങ്ങിയിരുന്ന് പഠിച്ചൂടെ’ എന്ന് ചിലരോട് ചോദിച്ചിട്ട് കാര്യമില്ല. തുള്ളിച്ചാടി നടന്നു പഠിക്കാൻ ഇഷ്ടമുള്ളവരാണിവർ.

∙ വരികൾക്കിടയിലൂടെ വിരലോടിച്ചു നടന്നു വായിക്കാം.
∙ പഠന സമയങ്ങളിൽ പേനയോ പെൻസിലോ വിരലുകൾക്കിടയിൽ വച്ചു ചുഴറ്റാം. സ്ട്രസ് ബോൾ ഉരുട്ടിയും അമർത്തിയും കൈകൾക്ക് ചലനം നൽകാം.
∙ കഴിവതും കാര്യങ്ങൾ ചെയ്തു പഠിക്കുക. പരീക്ഷണങ്ങൾ നടത്തിയും മോഡലുകളുണ്ടാക്കിയും പഠനം എളുപ്പമാക്കാം.
∙ വായിക്കുന്ന ഭാഗങ്ങൾ മറ്റൊരു ബുക്കിൽ കുറിച്ചിടാം. ശരീരത്തിന് ഒരു ചലനം നൽകുക എന്നതാണ് ഉദ്ദേശം. ഒപ്പം വായിച്ചവ എഴുതുമ്പോൾ ഒന്നു കൂടി മനസ്സിൽ ഉറയ്ക്കും. 

Your Rating: