Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനക്കാരും ക്യൂവിലാണ്; എടിഎമ്മിനു മുന്നിലല്ലെന്നു മാത്രം

queue

മൈനസ് രണ്ടു ഡിഗ്രി തണുപ്പിനെയും കോരിച്ചൊരിയുന്ന മഴയെയുമൊന്നും വകവയ്ക്കാതെ ചൈനയിലെ യുവാക്കള്‍ നീണ്ട ക്യൂവില്‍ ക്ഷമയോടെ കാത്തിരിപ്പിലാണ്. ഇന്ത്യയിലെ പോലെ എടിഎമ്മിനോ ബാങ്കിനോ ബവ്‌റിജസ് കോര്‍പ്പറേഷനോ സിനിമാ തിയേറ്ററിനോ മുന്നിലല്ല ഈ നീണ്ട വരിയെന്ന് മാത്രം. പരീക്ഷാ തയ്യാറെടുപ്പിനായി യൂണിവേഴ്‌സിറ്റി ലൈബ്രറിക്കു മുന്നിലാണ് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഈ കാത്തിരിപ്പ്. കിഴക്കന്‍ ചൈന പ്രവിശ്യയിലെ നാന്‍ജിയാങ്ങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെ ലൈബ്രറിക്ക് മുന്നില്‍ നിന്നുള്ള നീണ്ട വരികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

യൂണിവേഴ്‌സിറ്റിയിലെ അവസാനവട്ട പരീക്ഷകളുടെ മുന്നോടിയായുള്ള തയ്യാറെടുപ്പിനായാണ് വിദ്യാർഥികള്‍ കൂട്ടമായെത്തിയത്. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് പല വിദ്യാര്‍ത്ഥികളും ലൈബ്രറിക്കുള്ളില്‍ പഠനത്തിനായൊരിടം കണ്ടെത്തുന്നത്. നീണ്ട നേരം ക്യൂവില്‍ നിന്നിട്ടും ലൈബ്രറിയില്‍ ഇടം കിട്ടാതെ നിരാശരായി മടങ്ങേണ്ടി വരുന്നവരും നിരവധി. എട്ടു മണിക്കാണ് ലൈബ്രറി തുറക്കുന്നതെങ്കിലും കൊടും തണുപ്പത്ത് അഞ്ചു മണി മുതല്‍ തന്നെ വിദ്യാർഥികള്‍ ഇവിടെ വരി നില്‍ക്കാന്‍ ആരംഭിക്കുന്നു. വിദ്യാർഥികളുടെ തിരക്ക് കണക്കിലെടുത്ത് അര മണിക്കൂര്‍ മുന്‍പ് ലൈബ്രറി തുറന്നെങ്കിലും വിദ്യാർഥികളുടെ ദുരിതത്തിന് കുറവൊന്നും ഉണ്ടായില്ല.

പരീക്ഷയടുക്കുമ്പോള്‍ വിദ്യാർഥികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിനു പകരം ലഭ്യമായ ലൈബ്രറി ഇടങ്ങള്‍ റിസര്‍വ് ചെയ്യാനാണ് സര്‍വകലാശാല പറയുന്നതെന്ന് വിദ്യാർഥികള്‍ ആരോപിക്കുന്നു. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് പഠിക്കാനായി പ്രത്യേക ക്യുബിക്കിളുകള്‍ നല്‍കുന്ന പതിവും ഇവിടെയുണ്ട്. സ്‌കൂള്‍, സര്‍വകലാശാല തലങ്ങളില്‍ അടക്കം ചൈനയുടെ വിദ്യാഭ്യാസ രംഗത്തുള്ള കടുത്ത മത്സരമാണ് ഇത്തരം നീണ്ട വരികള്‍ക്ക് കാരണമെന്ന് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
 

Your Rating: