Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന്റെ മഴയറിവുകൾ ബ്രിട്ടീഷ് പാർലമെന്റിൽ

Author Details
arathi ഡോ. ആരതി മേനോൻ

നല്ല മഴ പെയ്തെങ്കിലെന്നു മലയാളികൾ കൊതിച്ചിരിക്കുമ്പോൾ നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടി ഇന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കു മുന്നിൽ ഇവിടത്തെ മഴയെക്കുറിച്ചു സംസാരിക്കും. കളമശേരി സ്വദേശി ഡോ. ആരതി മേനോനാണു ബ്രിട്ടീഷ് പാർലമെന്റിൽ ശാസ്ത്ര സാങ്കേതിക വിഭാഗം നടത്തുന്ന ‘സ്റ്റെം ഫോർ ബ്രിട്ടൻ’ എന്ന പരിപാടിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ഓരോ വർഷവും അഞ്ഞൂറിലേറെ യുവഗവേഷകരാണ് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നത്. തിരഞ്ഞെടുക്കപെടുന്ന 35% പേർക്കു ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാം. മികവിന്റെ അടിസ്ഥാനത്തിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകളുമുണ്ട്. സമ്മാനം ലഭിച്ചാൽ ആരതിയുടെ മഴയറിവുകളിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം.

യുകെ നാച്ചുറല്‍ എൻവയൺമെന്റൽ റിസർച് കൗൺസിലും ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയവും ചേര്‍ന്നു നടത്തുന്ന ‘ഇൻകംപാസ്’ (Incompass) ഗവേഷണപദ്ധതിയിൽ ശാസ്ത്രജ്ഞയാണ് ആരതി. ഇന്ത്യൻ മൺസൂണിലെ മാറ്റങ്ങളെക്കുറിച്ചു ബ്രിട്ടനിലെ റെഡിങ് സർവകലാശാലയിലാണു ഗവേഷണം. പഠനസംഘത്തിലെ ഏക മലയാളി. 2018 വരെ നീളുന്ന ഗവേഷണ പദ്ധതിയിൽ ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ വിവരണമാണ് ‘സ്റ്റെം ഫോർ ബ്രിട്ടൻ’ പരിപാടിയിലേക്കു തിരഞ്ഞെടുത്തത്.

ജർമനിയിൽ ശാസ്ത്രജ്ഞനായ നികേഷ് നാരായണിന്റെ ഭാര്യയും കളമശേരി രോഹിണിയിൽ വിജയകുമാർ മേനോന്റെയും ലൈല വി. മേനോന്റെയും മകളുമാണ് ആരതി. മൂന്നു വയസ്സുള്ള മകളുണ്ട്. അദ്വിക.

∙പിന്നിട്ട പഠന വഴികൾ
ആലുവ യുസി കോളജിൽ ഫിസിക്സിൽ ബിരുദം കഴിഞ്ഞ് ആരതി കൊച്ചി കുസാറ്റിലെത്തിയത് അപ്ലൈഡ് ഫിസിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു. കാലാവസ്ഥാ പഠനത്തിൽ മാസ്റ്റേഴ്സ് എടുത്തത് അങ്ങനെയാണ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഡ്വാന്‍സ്ഡ് മാസ്റ്റേഴ്സിനു ചേർന്നപ്പോൾ മഴ സംബന്ധിച്ച് ആഴത്തിലുള്ള പഠനം തുടര്‍ന്ന്, ജർമനിയിലെ പോട്സ്–ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ചിൽ പിഎച്ച്ഡിക്കു ചേർന്നു. മെറ്റ് ജോബ്സ് എന്ന വെബ്സൈറ്റിൽ കാലാവസ്ഥാ രംഗത്തെ ലോകസാധ്യതകൾ തിരയവെ ഇംഗ്ലണ്ടിലെ റെഡിങ് സർവകലാശാല കണ്ണിലുടക്കി. അങ്ങനെ ശമ്പളത്തോടെയുള്ള ഗവേണഷണവുമായി കൂടുമാറ്റം.

∙ മഴ പഠിക്കാൻ ഇന്ത്യയിലേക്ക്
കഴിഞ്ഞ വർഷം മഴക്കാലത്ത് ആരതിയും സംഘവും ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു. യുകെയിലെ കാലാവസ്ഥാപഠന വിഭാഗമായ ‘മെറ്റ്’ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ പഠന നിരീക്ഷണം. ലക്നൗവിലും ബെംഗളൂരുവിലും പല ദിവസങ്ങളിലായി കാലാവസ്ഥാ വ്യതിയാനം നോക്കി മഴയളന്നു. ഇന്ത്യൻ പ്രതിരോധവകുപ്പിന്റെ പ്രത്യേക പരിശോധനകൾക്കു ശേഷമാണു പഠന റിപ്പോർട്ട് കിട്ടിയത്. ഈ പഠനം ഇന്ത്യൻ കാലാവസ്ഥ പഠനത്തിനു വലിയ സഹായകമാകും എന്നുറപ്പുള്ളതായി ആരതി പറഞ്ഞു.

ഇന്ത്യയിലെ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ കൃത്യത പോരെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതു കർഷകരെയും കൃഷിയെയും വല്ലാതെ ബാധിക്കുന്നു. അടുത്തവർഷം എത്ര മഴ പെയ്യുമെന്നും വരൾച്ചയുടെ കടുപ്പം എത്രയായിരിക്കുമെന്നും നേരത്തെ അറിയുന്നതു കർഷകർക്കു സഹായമായിരിക്കും. റെഡിങ്ങിലെ ഗവേഷണലക്ഷ്യവും അതു തന്നെ.

∙ പഠനം സാധ്യതകൾ
ഇന്ത്യയിൽ കാലാവസ്ഥാ പഠനത്തിനു വലിയ സാധ്യതയാണുള്ളതെന്ന് ആരതി പറയുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അടക്കമുള്ള മികവുറ്റ പഠന കേന്ദ്രങ്ങളുണ്ട്. ഇവിടെയും ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അടക്കമുള്ള മി‍കവുറ്റ പഠന കേന്ദ്രങ്ങളുണ്ട്. ഇവിടെയും ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മിറ്റിയറോളജി പോലെയുള്ള സ്ഥാപനങ്ങളിലുമെല്ലാം ശാസ്ത്രജ്ഞർക്കു മികച്ച അവസരങ്ങളുണ്ട്. കൂടുതൽ വിദ്യാർഥികൾ ഈ രംഗത്തേക്കിറങ്ങിയാൽ തുടർപഠനത്തിനുള്ള വിദേശസാധ്യതകളും കൂടുതൽ പരിചിതമാകുമെന്ന് ആരതി സൂചിപ്പിക്കുന്നു.