Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റമുറി വീട്ടിൽ നിന്നൊരു 14ാം റാങ്ക്

sarath ശരത് വിഷ്ണു മാതാപിതാക്കളൊടൊപ്പം

ആ ചിരിയിൽ വിടർന്നതു പുതുജീവിതമായിരുന്നു. ഇരുൾ വീണ് പെരുമഴ പെയ്ത കർക്കടകത്തിൽ രേവതി നക്ഷത്രത്തിൽ വൈകി ജനിച്ച ആൺകുഞ്ഞിന് ശരത് വിഷ്ണു എന്ന്മാതാപിതാക്കൾ പേര് വിളിച്ചു. അമ്മ ശാരദയുടെ പേരിന്റെ ആദ്യാക്ഷരമുള്ള ശരത്. പിന്നെ കൃഷ്ണഭക്തിയിൽ ചേർന്ന വിഷ്ണു. മകൻ പിറന്ന് ആറു മാസം തികയും മുമ്പേഅച്ഛൻ സുധാകരന് ഉപജീവനത്തിനുള്ള വഴി തുറന്നു. അതിന് നിമിത്തമായതും പാൽപ്പല്ല് മുളയ്ക്കും മുമ്പേ അമ്മയെ നോക്കി പുഞ്ചിരിച്ച മകൻ. അച്ഛൻ സുധാകരൻ അന്ന്സമീപത്തെ പറമ്പുകളുടെ കാര്യസ്ഥനായിരുന്നു. തിരൂർ സ്വദേശിയുടേതാണ് പറമ്പ്.

കുഞ്ഞിന് നൽകാൻ ശുദ്ധമായ പാൽ കിട്ടാത്തതിന്റെ വിഷമം മാതാപിതാക്കൾക്ക്. പക്ഷേ അവരത് മറച്ച് വെച്ചു. പറമ്പിന്റെ ഉടമയുടെ അമ്മ ഇതറിഞ്ഞു. ഒരു സായാഹ്നത്തിൽതിരൂരിൽ നിന്ന് സ്ഥലമുടമയുടെ വക പശുവും കിടാവും വാടനാംകുറുശ്ശി കല്ലിടുമ്പിൽ വീട്ടിലെത്തി. അവിടെ നിന്ന് തുടങ്ങി സുധാകരന്റെ പാൽക്കച്ചവടം.

മെഡിക്കൽ എൻട്രൻസിന് 14ാം റാങ്ക് നേടിയ ശരത് വിഷ്ണു പറയും ഇനിയുള്ള കഥ. പൊരുതി നേടിയ മധുരതരമായ വിജയത്തിന്റെ കഥ.

∙ ബാല്യം
വീടിന് കുറച്ചൊക്കെ അടുത്തുള്ള പരുത്തിപ്ര യുപി സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ. നാലഞ്ച് പശുക്കളുണ്ടായിരുന്നു വീട്ടിൽ. ഇതായിരുന്നു കുടംബത്തിന്റെ വരുമാന മാർഗം.

രാവിലെ അടുത്തുള്ള വീടുകളിലേക്ക് പാൽ എത്തിക്കണം. ഇതു കഴിഞ്ഞ് ബാക്കിയുള്ള പാൽ ക്ഷീര സംഘത്തിൽ കൊടുക്കും. സ്കൂൾ അടുത്താണെങ്കിലും പാൽ കൊടുത്ത്കഴിയുമ്പോഴേയ്ക്കും സ്കൂളിൽ പോകാനുള്ള സമയമാകും.പിന്നെ ഓടി സ്കൂളിലെത്തും. ആദ്യം കുടുംബ ക്ഷേത്രമായ കല്ലിടുമ്പിൽ അയ്യപ്പൻ കാവിൽ വിളക്കുവയ്ക്കും. ഇന്നും ആ പതിവിനു മാറ്റമില്ല. ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ വാണിയംകുളം ടിആർകെ ഹയർസെക്കൻ‍ഡറി സ്കൂളിൽ ചേർന്നു.

∙ പഠനം
പഠനത്തിന് ആദ്യമൊന്നും വലിയ ചിട്ടയൊന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ പഠിപ്പിക്കുന്നത് ശ്രദ്ധയോടെ കേൾക്കും .വീട്ടിൽ വന്നാൽ കാര്യമായ പഠനമൊന്നും അന്നുണ്ടായിരുന്നില്ല.ഹോം വർക്ക് പോലും വീട്ടിൽ നിന്ന് ചെയ്തിട്ടില്ല. സ്കൂളിലെ അധ്യാപകരില്ലാത്ത പീരിയഡിലോ ഇന്റർവെൽ സമയത്തോ ഹോം വർക്ക് പൂർത്തിയാക്കും.

പത്താം ക്ലാസിൽ എല്ലാവിഷയത്തിനും എ പ്ലസ് കിട്ടി.നന്നായി പഠിക്കണമെന്ന തോന്നലുണ്ടാക്കിയത് ബന്ധുക്കളും നാട്ടുകാരുമാണ്. ഏഴാം ക്ലാസിൽ യുഎസ്എസ് സ്കോളർഷിപ്പ് കിട്ടി. അന്ന് ഫോട്ടോയൊക്കെ പത്രത്തിൽ വന്നു.എല്ലാവരും നല്ല പ്രതീക്ഷയിലായിരുന്നു. മറ്റുള്ളവരുടെ പ്രതീക്ഷകൾ നശിപ്പിക്കരുതെന്ന തോന്നലാണ് ശരിക്കും പ്രചോദനമായത്.

∙ഡോക്ടറാകണമെന്ന ആഗ്രഹം
ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സ്കൂൾ പഠന കാലത്ത് സുരേഷ് ഗോപിയായിരുന്നു ഇഷ്ട നടൻ. പൊലീസ് വേഷങ്ങളിൽ സുരേഷ് ഗോപിയുടെ മിന്നുന്ന പ്രകടനങ്ങൾ കണ്ടപ്പോൾആഗ്രഹിച്ചത് പൊലീസ് ആകണമെന്നാണ്. കാക്കി മനസ്സിലെ നിറമായി മാറി. കോൺസ്റ്റിബിളോ എസ്ഐയോ എന്നൊന്നുമില്ല. പൊലീസ് ആകണം.

∙മാറ്റം
അമ്മയുടെ ആഗ്രഹം ഞാൻ ‍ഡോക്ടറാകണമെന്നായിരുന്നു. ഇതിനിടെ പ്ലസ്ടു വിന് 98 ശതമാനം മാർക്ക് കിട്ടി. ഇതിനൊപ്പം എഴുതിയ മെഡിക്കൽ എൻട്രൻസിന് 4006 ാം റാങ്കും. അന്നാണ് പരസ്യം ശ്രദ്ധിച്ചത്. മഞ്ചേരി ഭാഭ എൻട്രൻസ് അക്കാദമിയുടെ. 6000ത്തിൽ താഴെ റാങ്ക് ലഭിച്ചവർക്ക് സൗജന്യ പഠനം ഭാഭ വാഗ്ദാനം ചെയ്തു. അങ്ങനെ ഭാഭയിൽ ചേർന്നു.

∙ഇഷ്ട വിഷയവും എൻട്രൻസ് പഠന രീതികളും
കണക്കായിരുന്നു ഇഷ്ട വിഷയം. വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര മേളകളിൽ എന്നും ഒന്നാമതായിരുന്നു. അത് കൊണ്ട് തന്നെ കണക്ക് ഇഷ്ട വിഷയമായി. ഗണിത ശാസ്ത്ര മേളകളിലും പങ്കെടുത്തു.

ഡോക്ടറാകണമെന്ന അമ്മയുടെ ആഗ്രഹം മനസ്സിലാക്കിയതോടെ കണക്കിനോടുള്ള ഇഷ്ടം അവസാനിപ്പിച്ചു. പിന്നെ ബയോളജിയായി പ്രിയ വിഷയം. പഠനത്തിന് എന്നും രീതി ഒന്നു തന്നെയാണ്. കുറഞ്ഞത് ഏഴു മണിക്കൂർ ഉറക്കത്തിന് സമയം കിട്ടും വിധമാണ് പഠനം. എത്ര വൈകി പഠനം നിർത്തിയാലും ക്ലോക്കിൽ ഏഴ് മണിക്കൂർ ക്രമീകരിച്ചുവയ്ക്കും.അതനുസരിച്ച് ഉണരും. ഭാഭയിലെ പഠനവും ഇങ്ങനെയായിരുന്നു. നിങ്ങൾക്ക് പഠിക്കാൻ ഇഷ്ടമായ സമയം നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക എന്നതായിരുന്നു അവിടത്തെ രീതി.

∙ ഭാവി
കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് ചേരണം. സഹോദരി ശാരിക പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുടെ ഭാവിയിലും ശ്രദ്ധ വേണം. എൻട്രൻസ്പരീക്ഷയിൽ നേടിയ 960ൽ 935 മാർക്കും 14ാം റാങ്കും തിളക്കം തന്നെയാണ്. പക്ഷേ ഇതിൽ അവസാനിപ്പിക്കരുതെന്നാണ് ഇവിടെ അഭിനന്ദിക്കാനെത്തിയവരുടെ നല്ല വാക്കുകൾ.അപ്പോൾ എനിക്കും തോന്നി സിവിൽ സർവീസ് മോഹം. (സുരേഷ് ഗോപിയുടെ ആരാധകന് പഴയ പൊലീസ് മോഹം ഐപിഎസിൽ എത്തി നിൽക്കുന്നുവെന്ന് വായിച്ചെടുക്കാവുന്നഭാവം.)

വാടാനാംകുറുശ്ശിയിലെ എൻട്രൻസ് 14ാം റാങ്ക് ജേതാവിന്റെ വീട് ഒറ്റമുറിയിൽ തീർത്ത് ഓലമേഞ്ഞ് നിൽക്കുന്നു. വീട്ടിൽ വന്നാൽ ശരത് വിഷ്ണു പഠിക്കുന്ന തെങ്ങോലയിട്ട് മറച്ചവരാന്ത. വർഷങ്ങൾക്ക് മുമ്പ് അന്തിമഹാകാളൻ കാട്ടിൽ നിന്ന് ഒഴുകിയെത്തിയ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടതാണ് കല്ലിടുമ്പിൽ വീട്. അമ്മയുടെ സഹോദരിജാനകിയുൾപ്പെടെയുള്ളവരുടെ സഹായത്തോടെ വീട് നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

എൻട്രൻസ് റാങ്കിന്റെ വിവരമറിഞ്ഞ് യുവ ഐപിഎസ് ജേതാവായ എഎസ്പി ജി.ജയദേവ് സമ്മാനമായി മൊബൈൽ ഫോൺ നൽകി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിനും അനുമോദിക്കാനെത്തി. ഷൊർണൂർ പ്രഭാതം കലാസാംസ്ക്കാരിക വേദിപ്രസിഡന്റ് എം.ആർ മുരളി എംബിബിഎസ് പഠന ചെലവ് വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Your Rating: