Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ക്ലാസിലും പഠിപ്പിക്കാൻ ഇനി വിനിമയ പുസ്തകം

classroom

സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണ ഭാഗമായി ഒന്നു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും വിശദമായി പരിശോധിച്ച് ഓരോ വിഷയത്തിനും വിനിമയ പുസ്തകം പ്രസിദ്ധീകരിക്കും. പാഠങ്ങൾ പ്രവർത്തനാധിഷ്ഠിതമാക്കി മാറ്റണമെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിലാണു പരിഷ്കരണം.

പല പാഠങ്ങളും വിദ്യാർഥികൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും ഉപയോഗിച്ചിരിക്കുന്ന ഭാഷ അത്ര പോരെന്നും അഭിപ്രായമുണ്ട്. ഈ അക്കാദമിക് വർഷം ഒൻപത്, 10 ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ നിലവിൽ വന്നതേയുള്ളൂ. അവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ മാർച്ചിൽ ആദ്യ വാർഷിക പരീക്ഷ എഴുതാൻ പോവുകയാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, പ്ലസ്‌ വൺ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2014ലും രണ്ട്, നാല്, ആറ്, എട്ട്, പ്ലസ് ടു ക്ലാസുകളിലെ പുസ്തകങ്ങൾ 2015ലും പരിഷ്ക്കരിച്ചിരുന്നു. ഒൻപത്, 10 ക്ലാസുകളിലേത് ഈ വർഷമാണു പരിഷ്ക്കരിച്ചത്.

ഇതിനനുസരിച്ച് അധ്യാപകരുടെ കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചു. ഒരു പാഠപുസ്തകം തയാറാക്കാൻ 10–12 ലക്ഷവും കൈപ്പുസ്തകത്തിന് ഏഴു ലക്ഷം രൂപ വരെയുമാണു ചെലവ്. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ പാഠപുസ്തകം പരിഷ്ക്കരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് ഉടനടി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഓരോ പുസ്തകവും പരിശോധിച്ചു പിഴവ് കണ്ടെത്താൻ തീരുമാനിച്ചത്. ഹയർ സെക്കൻഡറിയിലെ റഷ്യൻ പാഠപുസ്തകം വരെ ഇങ്ങനെ പരിശോധിച്ചു. ഇതിനായി കഴിഞ്ഞ 17 മുതൽ 19 വരെ എസ്‌സിഇആർടിയിൽ അധ്യാപക ശിൽപശാല വിളിച്ചു ചേർത്തിരുന്നു.

തുടർന്ന്, കൂടുതൽ അധ്യാപകരെ ഉൾപ്പെടുത്തി 21 മുതൽ 23 വരെ ശിൽപശാല നടത്തി. വിനിമയ പുസ്തകം തയാറാക്കാൻ ഇന്നു മുതൽ 29 വരെ അടുത്ത ശിൽപശാല നടത്തുകയാണ്. അധ്യയന വർഷം അവസാന ടേമിലേക്ക് കടക്കുകയാണെങ്കിലും ഈ വർഷം തന്നെ വിനിമയ പുസ്തകങ്ങൾ തയാറാക്കി അധ്യാപകർക്ക് എത്തിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ‘കുഴപ്പമുള്ള’ പാഠങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തയാറാക്കിയ പാഠപുസ്തകങ്ങളിൽ ക്രിയാത്മകതയ്ക്കും പ്രവർത്തനാധിഷ്ഠിത പാഠങ്ങൾക്കുമായിരുന്നു മുൻതൂക്കം.

2009 മുതൽ 2011 വരെയുള്ള കാലയളവിലാണ് അന്നത്തെ സർക്കാർ, പരിഷ്ക്കരണം നടപ്പാക്കിയത്. എന്നാൽ, യുഡിഎഫ് സർക്കാർ നടപ്പാക്കിയ പാഠപുസ്തകത്തിൽ പഠന നേട്ടത്തിനു പ്രാധാന്യം നൽകി. അതിൽ നിന്നു പഴയ രീതിയിലേക്ക് അധ്യാപകരെ മാറ്റാനാണ് വിനിമയ പുസ്തകം നൽകുന്നത്. അധ്യാപകർ പുതിയ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും പഠിച്ചു വരുന്നതേയുള്ളൂ. ഇതിനിടെയാണു വിനിമയ പുസ്തകം കൂടി ലഭിക്കുക. ഇത് ആകെ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട്.

Your Rating: