Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടാം ക്ലാസില്‍ തോറ്റു; ഇന്നു ആസ്തി കോടികള്‍

trishneet-arora തൃഷ്‌നീത് അറോറ

സദാസമയവും കംപ്യൂട്ടറില്‍ നോക്കിയിരുന്നതിനാല്‍ എട്ടാം ക്ലാസ് പരീക്ഷയ്ക്ക് തോറ്റു സ്‌കൂള്‍ വിട്ട പയ്യന്‍സ്. പക്ഷേ, 23-ാം വയസ്സില്‍ കോടികള്‍ മൂല്യമുള്ള കമ്പനിയുടമ, സൈബര്‍ സുരക്ഷാ വിദഗ്ധന്‍, എത്തിക്കല്‍ ഹാക്കര്‍, പുസ്തക രചയിതാവ് എന്നീ നിലകളില്‍ ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ച. പരിചയപ്പെടാം ലുധിയാനക്കാരന്‍ തൃഷ്‌നീത് അറോറ എന്ന ന്യൂജനറേഷന്‍ റോള്‍ മോഡലിനെ.

ലുധിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടിഎസി സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് തൃഷ്‌നീത് അറോറ. റിലയന്‍സ്, അമൂല്‍, റാല്‍സണ്‍ ഇന്ത്യ, സിബിഐ, പഞ്ചാബ് പൊലീസ്, ഗുജറാത്ത് പൊലീസ് തുടങ്ങിയവരെല്ലാം ടിഎസിയുടെ ക്ലയന്റാണ്. 12-ാം വയസ്സില്‍ വീട്ടിലൊരു കംപ്യൂട്ടര്‍ വാങ്ങിയതോടെയാണ് തൃഷ്‌നീതിന്റെ കരിയര്‍ കഥ തുടങ്ങുന്നത്. കംപ്യൂട്ടറില്‍ പലവിധ പരീക്ഷണങ്ങള്‍ നടത്തി ഒടുവില്‍ ഒരു ദിവസം കംപ്യൂട്ടര്‍ പണിമുടക്കി. അതു നന്നാക്കാൻ കൊടുത്ത കടയില്‍ ചെന്നിരുന്ന തൃഷ്‌നീത് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിന്റെ സൂക്ഷ്മമായ കാര്യങ്ങള്‍ കണ്ടു പഠിക്കാന്‍ തുടങ്ങി. കംപ്യൂട്ടര്‍ കേടാകുന്നത് സ്ഥിരമായതോടെ ഹാര്‍ഡ്‌വെയറിലുള്ള തൃഷ്‌നീതിന്റെ താൽപര്യവും കൂടി. ഒടുവില്‍ ഹാര്‍ഡ്‌വെയറിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിച്ചു പഠിച്ച് സ്‌കൂളിലെ പരീക്ഷാഫലം വന്നപ്പോള്‍ തോല്‍വി. പിന്നെ സ്‌കൂളിലേക്കു പോയില്ല. പത്താം ക്ലാസ് പരീക്ഷ കറസ്‌പോണ്ടന്‍സ് ആയി എഴുതിയെടുത്തു.

സ്വയം പഠനം, വീട്ടിലെ കംപ്യൂട്ടറിലുള്ള പരീക്ഷണം, യൂ ട്യൂബ് വീഡിയോകള്‍ എന്നിവയിലൂടെ തൃഷ്‌നീതിന്റെ കംപ്യൂട്ടര്‍ പഠനം മുന്നേറി. പുതുതായി പഠിക്കുന്ന കാര്യങ്ങള്‍ ബ്ലോഗിലൂടെ ലോകവുമായി പങ്കുവച്ചു. ബ്ലോഗ് ചെയ്യുന്ന സമയത്താണ് എത്തിക്കല്‍ ഹാക്കിങ്ങിലും സൈബര്‍ സുരക്ഷയിലും തത്പരനാകുന്നത്. ചണ്ഡീഗഢില്‍ ബിടെക് പഠിക്കുന്ന കൂട്ടുകാരില്‍നിന്നു പലതും പഠിച്ചു. 'ഹാക്കിങ് വിത്ത് സ്മാര്‍ട്ട് ഫോണ്‍സ്' എന്നൊരു പുസ്തകം ഇതിനിടെ പുറത്തിറക്കിയെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2013 ഫെബ്രുവരിയിലാണ് രണ്ടാമത്തെ പുസ്തകമായ 'ഹാക്കിങ് ഇറ' പുറത്തിറക്കുന്നത്. ഇതേസമയം തന്നെയാണ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൈബര്‍ സുരക്ഷ നല്‍കുന്ന ടിഎസി സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന സ്ഥാപനം തൃഷ്‌നീത് ആരംഭിക്കുന്നത്.

ഇതേ വര്‍ഷം തന്നെ ഗുജറാത്തില്‍ നടന്ന ബിസിനസ്സ് റിലേഷന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രസംഗകനായി തൃഷ്‌നീത്. ഇന്ത്യയുടെ മുന്‍ധനമന്ത്രി യശ്വന്ത് സിന്‍ഹ അടക്കമുള്ളവര്‍ അന്ന് വേദിയിലുണ്ടായിരുന്നു. തൃഷ്‌നീതിന്റെ പ്രസംഗം കേട്ട ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിനു വേണ്ടി ഒരു വര്‍ക്ക്‌ഷോപ്പ് അവതരിപ്പിക്കാന്‍ തൃഷ്‌നീതിനെ ക്ഷണിച്ചു. പിന്നീടങ്ങോട്ട് മുതിര്‍ന്ന ഐപിഎസ്, ക്രൈം ബ്രാഞ്ച്, സിബിഐ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള നിരവധി ക്ലാസുകള്‍. സൈബര്‍ സുരക്ഷയെപ്പറ്റി ഇന്ത്യയിലുടനീളം നിരവധി പ്രഭാഷണങ്ങളും ശില്‍പശാലകളും. 2014ലെ റിപബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലില്‍നിന്നു സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. തുടര്‍ന്ന് പഞ്ചാബ് പൊലീസ് അക്കാദമിയുടെ ഐടി ഉപദേഷ്ടാവായി നിയമനം. അതേ വര്‍ഷം തന്നെ 'ഹാക്കിങ് ടോക്ക് വിത്ത് തൃഷ്‌നീത് അറോറ' എന്ന പേരില്‍ അടുത്ത പുസ്തകവും പുറത്തിറക്കി. കോളജിലേക്ക് പോയില്ലെങ്കിലും ഇപ്പോള്‍ വിദൂരപഠനം വഴി ബിസിഎ പഠിക്കുന്നു.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൈബര്‍ സുരക്ഷയുടെ കവചം ഒരുക്കുന്ന തിരക്കിലാണ് തൃഷ്‌നീത് ഇപ്പോള്‍. ഇന്ത്യയെ ഒരു സൈബര്‍ കുറ്റകൃത്യരഹിത രാജ്യമാക്കി മാറ്റുകയാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം.

Your Rating: