Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിർമ്മ’യുടെ വിജയകഥ

മോൻസി വർഗീസ്
nirma

ഒരു തകർച്ചയുടെ വക്കിൽ നിന്നും ആപ്പിൾ കംപ്യൂട്ടേഴ്സിന് തിരിച്ചു വരവിന്റെ പാതയൊരുക്കിയ പ്രചാരണ വാചകമായിരുന്നു 'Think Different' അഥവാ ചിന്തിക്കുക, വ്യത്യസ്തമായി. ലോകത്ത് ഏറെ ആളുകളെ ആകർഷിച്ച ഒരു പരസ്യ വാചകമാണിത്. ഭ്രാന്തവും അസാധാരണവുമെന്ന് തോന്നിക്കാവുന്ന ചിന്തകളുള്ളവർക്കാണ് ലോകത്തെ മാറ്റിമറിക്കാൻ കഴിയുക എന്ന് ഈ പ്രചാരണങ്ങളിലൂടെ ജന മനസ്സുകളിൽ എത്തിക്കാൻ ആപ്പിളിന് കഴിഞ്ഞു. ലോകത്ത് വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പരിവർത്തനങ്ങൾക്ക് വിധേയരാക്കിയ മഹദ് വ്യക്തിത്വങ്ങളെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ആപ്പിളിന്റെ പരസ്യങ്ങൾ. മഹാത്മാഗാന്ധി, ആൽബർട്ട് ഐൻസ്റ്റീൻ, തോമസ് ആൽവാ എഡിസൺ, മാർട്ടിൻ ലൂഥർ കിങ്, മുഹമ്മദ് അലി, റിച്ചാർഡ് ബ്രാൻസർ... തുടങ്ങിയവരൊക്കെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തവരാണ്.

ആപ്പിളിന്റെ സ്ഥാപകനും സാരഥിയുമായിരുന്ന സ്റ്റീവ് ജോബ്സും വ്യത്യസ്തവും നൂതനവുമായ ആശയങ്ങളാൽ ലോകത്തെ മാറ്റി മറിച്ച ആളാണ്. അദ്ദേഹം അവതരിപ്പിച്ച നൂതന ആശയങ്ങളാണ് ഇന്ന് സ്മാർട്ട് ഫോണുകളുടെ പ്രചാരത്തിന് ഗതിവേഗം കൂട്ടിയത്. ഓരോ കാലഘട്ടത്തിലും നിലവിലുള്ള സാഹചര്യങ്ങൾക്കു ബദലായി പുതുമയുള്ള കാര്യങ്ങൾ അവതരിപ്പിച്ചവർ ശ്രദ്ധേയരാണ്. സമര രീതി എന്നാൽ അക്രമം എന്ന് കരുതിയിരുന്ന കാലത്താണ് മഹാത്മാ ഗാന്ധി സഹനത്തിലൂടെയും സമാധാന മാർഗങ്ങളിലൂടെയും സമരം െചയ്യാം എന്ന് ലോകത്തിനു കാണിച്ചുകൊടുത്തത്. പിന്നീട് എത്രയോ ലോകനേതാക്കളെയാണ് മഹാത്മാഗാന്ധിയുടെ സമരരീതി സ്വാധീനിച്ചത്. മാർട്ടിൻ ലൂഥർ കിങ് പോലും തന്റെ മാർഗദർശിയായി കണ്ടിരുന്നത് മഹാത്മാഗാന്ധിയെ ആയിരുന്നു. വ്യത്യസ്തമായ ആശയങ്ങൾ തുടക്കത്തിൽ ആരും തന്നെ സ്വീകരിക്കണമെന്നില്ല. ‘‘ആദ്യം മറ്റുള്ളവർ നിങ്ങളെ അവഗണിക്കും, പിന്നീടവർ നിങ്ങളെ നോക്കി പരിഹസിച്ച് ചിരിക്കും, പിന്നീടവർ നിങ്ങളോട് കലഹിക്കും, അതിനു ശേഷമേ നിങ്ങൾക്ക് വിജയിക്കാൻ കഴിയൂ’’ എന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഇത് ആശയങ്ങളുടെ കാലമാണ്. ഏതൊരു രംഗത്തും പുതുമയുള്ള ആശയങ്ങൾ അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരാണ് വിജയിക്കുന്നത്. ഇത്തരത്തിലുള്ള പുതിയ ആശയങ്ങളാണ് ലോകത്തിന്റെ വേഗത കൂട്ടുന്നത്. 

1945 ൽ ഗുജറാത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കർസൻഭായ് പട്ടേൽ ഇന്ന് വലിയ ഒരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണ്. ഇരുപത്തിയൊന്നാമത്തെ വയസിൽ രസതന്ത്രത്തിൽ ബിരുദമെടുത്ത കർസൻഭായി ഒരു ലാബ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചു. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ചെലവു കുറഞ്ഞ രീതിയിൽ എങ്ങനെ അലക്കുപൊടി ഉണ്ടാക്കാം എന്ന് അദ്ദേഹം ഗവേഷണ നിരീക്ഷണങ്ങൾ നടത്തി. തന്റെ വീടിന്റെ പിന്നാമ്പുറത്തിരുന്ന് കർസൻഭായി നിർമിച്ച അലക്കുപൊടി വീടുവീടാന്തരം നടന്ന് വിറ്റഴിച്ചു. കിലോഗ്രാമിന് മൂന്നു രൂപയ്ക്കു വിറ്റിരുന്ന അലക്കുപൊടി വളരെ വേഗത്തില്‍ അദ്ദേഹത്തിന്റെ മേഖലയിൽ പ്രചാരത്തിലായി. ക്രമേണ കമ്പനിയായി വളർന്ന പ്രസ്ഥാനത്തിന് തന്റെ മകളുടെ പേരായ ‘നിർമ്മ’ എന്ന പേരും നൽകി. എന്നാൽ അദ്ദേഹം നിർമിച്ച ചെലവു കുറഞ്ഞതും നിലവാരമുള്ളതുമായ അലക്കുപൊടി കടകളിൽ സ്വീകരിക്കാൻ തയാറായില്ല. വിൽപനയ്ക്ക് ശേഷം മാത്രം പണം തരാം എന്ന നിലപാടിലായിരുന്നു കടയുടമകൾ.

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കർ‌സൻഭായി അതിസാഹസികമായ ഒരു തീരുമാനം എടുത്തു. തന്റെ തൊഴിലാളികളെ കൊണ്ട് കടകളിൽ എത്തിച്ചിരുന്ന ഉൽപന്നങ്ങൾ തിരിച്ചെടുത്തു. അതിന് ശേഷം ടെലിവിഷൻ എന്ന മാധ്യമത്തിന്റെ സാധ്യത ഉപയോഗിച്ച് ഫലപ്രദമായ പരസ്യ പ്രചാരണങ്ങൾ തുടങ്ങി. ഉപഭോക്താക്കൾ കടകളിൽ ‘നിർമ്മ’ അന്വേഷിച്ച് എത്താൻ തുടങ്ങി. ഡിമാൻഡ് കൂടിയപ്പോൾ മാത്രമാണ് കർസൻഭായി തന്റെ ഉൽപന്നങ്ങൾ വീണ്ടും കടകളിൽ എത്തിച്ചത്. അതും ഒരു നിബന്ധനയോടെ. പണം മുൻകൂറായി നൽകണം. കർസൻ ഭായിയുടെ ഉറച്ചതും വ്യത്യസ്തവുമായ ഒരു തീരുമാനമാണ് ‘നിർമ്മ’ എന്ന ബ്രാൻഡിന് ബഹുരാഷ്ട്ര കമ്പനികളോട് മൽസരിച്ച് വിജയം നേടാൻ സഹായകമായത്. പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങിനെ സധൈര്യം മുന്നേറണം എന്നതിന് ഒരു ഉദാഹരണമാണ് കർസൻ ഭായിയുടെ ജീവിത വിജയം. ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലവാരമുള്ള നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുന്നു. 

Read More: Success Stories