Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ്റാണ്ടിന്റെ കണ്ടെത്തൽ

മോൻസി വർഗീസ്
penicillin

രണ്ട് മഹായുദ്ധങ്ങൾ വിതച്ച ദുരന്തം മൂലം ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇതേ നൂറ്റാണ്ടിൽ തന്നെയാണ് മാനവരാശിയുടെ വളർച്ചയെ ത്വരിതഗതിയിലാക്കിയ നിരവധി കണ്ടുപിടിത്തങ്ങളും ഉണ്ടായത്. യുദ്ധങ്ങൾ വിനാശകരമായ അവസ്ഥ സൃഷ്ടിക്കുന്നതോടൊപ്പം ശാസ്ത്ര സാങ്കേതിക വൈദ്യശാസ്ത്ര മേഖലകളിലൊക്കെയും ചില മുന്നേറ്റങ്ങൾ നടത്തുവാനും കാരണമായിട്ടുണ്ട്. എതിരാളികളെ ആക്രമിക്കുവാനും കീഴ്പ്പെടുത്തുവാനും ഉപയോഗിച്ച പല യന്ത്രങ്ങളും വാഹനങ്ങളുമൊക്കെ യുദ്ധകാലത്ത് രൂപകൽപന ചെയ്തവ ആണ്. ജീപ്പ് എന്ന വാഹനം അതിന് ഒരു ഉദാഹരണമാണ്.

എതിരാളികളെ നിഗ്രഹിക്കുന്നതിനൊപ്പം സ്വന്തം പക്ഷത്തുള്ള ആളുകളുടെ ജീവൻ നിലനിർത്തേണ്ടതും സൈന്യങ്ങളുടെ ആവശ്യമാണ്. ഒന്നാം ലോക മഹാ യുദ്ധകാലത്ത് ഇംഗ്ലണ്ടിന്റെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഡോക്ടറും ഗവേഷകനുമായിരുന്ന അലക്സാണ്ടർ ഫ്ലെമിങ് എന്ന പ്രതിഭാശാലിയുടെ കണ്ടെത്തലുകളാണ് പെൻസിലിൻ എന്ന മഹാ ഔഷധത്തിന്റെ പിറവിക്ക് കാരണമായത്. യുദ്ധത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് മുറിവിലുണ്ടാകുന്ന അണുബാധ മൂലമാണെന്ന് ഫ്ലെമിങ്ങിന് മനസിലായി. അക്കാലത്ത് ഉപയോഗിച്ചിരുന്ന ആന്റിസെപ്റ്റിക്കുകൾ ഗുണത്തെക്കാൾ ഏറെ ദോഷമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തൊലിപ്പുറമേയുള്ള ചെറിയ മുറിവുണക്കാൻ മാത്രം ഫലപ്രദമായിരുന്ന ആന്റിസെപ്റ്റിക്കുകൾ ആഴത്തിലുള്ള മുറിവിൽ പ്രയോഗിക്കുന്നത് അപകടകരം ആയിരുന്നു. മനുഷ്യശരീരത്തിൽ പെരുകുന്ന അപകടകാരികളായ ബാക്ടീരിയകളെ എങ്ങനെ നിയന്ത്രിക്കാം എന്ന ഗവേഷണ ദൗത്യത്തിൽ ഏർപ്പെട്ട ഫ്ലെമിങ്ങിന് ആകസ്മികമായി ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടുക ആയിരുന്നു.

രണ്ടാഴ്ചക്കാലത്തെ ഒഴിവുകാലം ആസ്വദിച്ചതിന് ശേഷം 1928 സെപ്റ്റംബർ 3ന് തന്റെ പരീക്ഷണശാലയിൽ തിരിച്ചെത്തിയ അലക്സാണ്ടർ ഫ്ലെമിങ് കണ്ടത് അലങ്കോലമായി കിടക്കുന്ന ഉപകരണങ്ങളാണ്. ഉപകരണങ്ങൾ കഴുകി വൃത്തിയാക്കി വയ്ക്കാതിരുന്ന തന്റെ സഹായിയെ അദ്ദേഹം ശാസിച്ചെങ്കിലും ഒരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ജനലിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തിൽ തന്റെ ഗവേഷണ ഉപകരണങ്ങളിൽ സൂക്ഷിച്ചിരുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്ന ഫംഗസുകളായിരുന്നു അത്. വളരെ കാലമായി താൻ അന്വേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരം. പെൻസിലിൻ എന്ന ആന്റിബയോട്ടിക് ആകസ്മികമായ ഒരു സംഭവത്തിലൂടെ ഫ്ലെമിങ് കണ്ടെത്തുകയും പിന്നീട് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തുന്ന അദ്ഭുത മരുന്ന് ആവുകയും ചെയ്തു. ഹോവാർഡ് ഫ്ലോറെ, ബോറിസ് ചെയിൻ എന്നിവർ ചേർന്നാണ് പെൻസിലിൻ വ്യാവസായികമായി ഉത്പാദിപ്പിച്ച് വിപണിയിൽ ഇറക്കിയത്. 1945 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അലക്സാണ്ടർ ഫ്ലെമിങ് ഇവരോടൊപ്പം പങ്കിട്ടു.

ജീവിതത്തിലുടനീളം എളിമയും ഉന്നത മൂല്യങ്ങളും വച്ചുപുലർത്തിയിരുന്ന ആളായിരുന്നു അലക്സാണ്ടർ ഫ്ലെമിങ്. തന്റെ കണ്ടെത്തൽ കച്ചവട താൽപര്യത്തിനായി ഉപയോഗിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജീവൻരക്ഷാ ഔഷധങ്ങൾ ലാഭേച്ഛ കൂടാതെ വിനിമയം നടത്തണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 1945ൽ അമേരിക്കയിലെ മരുന്ന് നിർമ്മാണ കമ്പനികളുടെ സംഘടന അദ്ദേഹത്തിന് പുരസ്കാരമായി നൽകിയ ഒരു ലക്ഷം അമേരിക്കൻ ഡോളർ താൻ പഠിച്ച ഗവേഷണ സ്ഥാപനമായ സെന്റ് മേരീസ് മെഡിക്കൽ സ്കൂളിന് സംഭാവന ചെയ്യുകയാണുണ്ടായത്. അലക്സാണ്ടർ ഫ്ലമിങ്ങിന്റെ അഭിപ്രായത്തിൽ ‘ഗവേഷണത്വരയോടെ നാം അന്വേഷണം തുടർന്നാൽ ആഗ്രഹിച്ചതിലും ഏറെ ലഭ്യമാകും’’. ഒരു നല്ല അന്വേഷകന് വിജയത്തിലേക്കുള്ള വാതിൽ കണ്ടെത്താൻ കഴിയും. നിരന്തരമായി പരിശ്രമിക്കുക. ആകസ്മികമായെങ്കിലും വിജയം നിങ്ങളെ തേടി എത്തും. പരിശ്രമങ്ങൾക്കിടയിലുണ്ടാകാവുന്ന ആകസ്മിക വിജയങ്ങളെ ഭാഗ്യം എന്ന് വിശേഷിപ്പിക്കാമെങ്കിലും പരിശ്രമിക്കാത്തവരെ തേടി ഭാഗ്യം എത്തില്ല. പരിശ്രമിച്ചു മുന്നേറുക.