Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയം വേണോ; സ്വീകരിക്കാം ഈ വാക്കുകൾ

മോൻസി വർഗീസ്
Usain Bolt

കായികരംഗത്ത് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു സവിശേഷ വ്യക്തിയാണ് ഉസൈൻ ബോൾട്ട്. ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പടുന്ന ഉസൈൻ ബോൾട്ട് തന്റെ വിജയങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളൊക്കെയും പ്രചോദനാത്മകങ്ങളാണ്. 1986 ഓഗസ്റ്റ്  21 ന് ജമൈക്ക എന്ന ചെറു രാജ്യത്തെ ഷെർവുഡ് കണ്ടന്റ് എന്ന പട്ടണത്തിൽ ജനിച്ച ഉസൈൻ ബോൾട്ട്  അത്‍ലറ്റിക് ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്കുടമയാണ്.  2008 ലെ ബെയ്ജിങ് ഒളിംപിക്സ് മുതൽ തുടർച്ചയായ മൂന്ന് ഒളിംപിക്സുകളിൽ നിന്നും എട്ട് സ്വർണ മെഡലുകൾ വാരിക്കൂട്ടിയ ആ വ്യക്തിയുടെ വിജയരഥം ഇന്നും ചലിച്ചുകൊണ്ടിരിക്കുന്നു. 2008 ലെ ഒളിംപിക്സിൽ 4 X100 മീറ്റർ റിലേയിൽ പങ്കെടുത്ത ടീമംഗം നെസ്റ്റ കാർട്ടർ ഉത്തേജകമുരുന്നുപയോഗിച്ച കാരണത്താൽ അന്ന് ലഭിച്ച സ്വർണ മെഡൽ അയോഗ്യമാക്കിയിരുന്നില്ല എങ്കിൽ ‘‘ട്രിപ്പിൾ ട്രിപ്പിൾ’’ എന്ന അപൂർവ ബഹുമതിക്ക് ബോൾട്ട് അർഹനായേനെ. എന്നിരുന്നാലും മൂന്ന് ഒളിംപിക്സുകളിലായി മൽസരിച്ച 100, 200 മീറ്റർ ഓട്ടമൽസരങ്ങളിൽ സ്വർണമെഡലിന് അർഹത നേടിയതിനാൽ ‘ട്രിപ്പിൾ ഡബിൾ’ എന്ന ബഹുമതി അദ്ദേഹത്തിനുള്ളതാണ്. കൂടാതെ 100 മീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ 11 തവണ ലോക ചാംപ്യൻ എന്ന നിരവധി നേട്ടങ്ങൾ വേറെയും.

ഉസൈൻ ബോൾട്ട് തന്റെ ലോകോത്തര വിജയങ്ങളുടെ കാരണങ്ങളായി പറഞ്ഞതൊക്കെയും വിജയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സ്വീകരിക്കാവുന്ന ആശയങ്ങളാണ്. കായികരംഗത്ത് ലോകം ആദരിക്കുന്ന എക്കാലത്തെയും പ്രതിഭകളായ മുഹമ്മദ് അലിയുടെയും പെലെയുടെയും ഗണത്തിലേക്ക് താൻ കൂടി ഉയരണം എന്നതായിരുന്നു ബോൾട്ട് കണ്ട സ്വപ്നം. ഉന്നതമായ സ്വപ്നങ്ങളും കഴിവിലുള്ള വിശ്വാസവും പരിശ്രമവുമാണ് തന്റെ വിജയരഹസ്യം എന്നു പറയുന്ന ബോൾട്ട് വീണ്ടും വീണ്ടും പുതിയ സ്വപ്നങ്ങൾ മെനഞ്ഞുകൊണ്ടേയിരിക്കുന്ന സ്വഭാവക്കാരനാണ്. അത്‌ലറ്റിക്സിൽ നിന്നും വിരമിച്ച താൻ ഇഷ്ടപ്പെടുന്ന കായികവിനോദമായ ഫുട്ബോൾ പരിശീലിച്ച് തന്റെ ഇഷ്ട ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു വേള എങ്കിലും ബൂട്ട്  കെട്ടണമെന്ന സ്വപ്നമാണിപ്പോഴുള്ളത്.

ക്രിക്കറ്റിനെയും സച്ചിൻ തെൻഡുൽക്കറെയും ഏറെ ആരാധിക്കുന്ന ബോൾട്ട് പറയുന്നത് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്ക് പരിധികൾ നിർണയിക്കരുതെന്നാണ്. പലപ്പോഴും തുടക്കം മോശമാകാറുണ്ടെങ്കിലും അതിശക്തമായി ലക്ഷ്യത്തിലെത്താൻ കഴിയുന്നത് അതിനുള്ള ഉൾവിളി കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ‘‘ഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ അതിനായുള്ള പരിശീലനത്തിനായി ശ്രദ്ധ കൊടുക്കുക. പ്രകടനങ്ങളെക്കുറിച്ച് ആശങ്കയുള്ളവർ മാനസികമായി പരാജയപ്പെട്ടു കഴിഞ്ഞു.’’

ഏതൊരു കഴിവും നിരന്തരമായ പരിശീലനങ്ങളിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ. വിജയത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഉണ്ടാകാവുന്ന സ്വാഭാവിക പരാജയങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ പ്രാപ്തനായതിനാൽ ഇടയ്ക്കുണ്ടാകാവുന്ന ഇടർച്ചകൾ ഒരിക്കലും ബോൾട്ടിനെ കുലുക്കിയിരുന്നില്ല. ‘‘എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളോ അഭിപ്രായങ്ങളോ എന്നെ തളർത്താറില്ല’’–  ബോൾട്ട് പറയുന്നു. താനാരാണെന്നും തനിക്കെന്തൊക്കെ ചെയ്യാൻ കഴിയുമെന്നുമുള്ള ബോധവുമാണ് ബോൾട്ടിനെ വിജയിയാക്കിയത്. നമുക്കു വേണ്ടതും അതു തന്നെയാണ്.