Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് ഒരു സ്വപ്നമുണ്ട്...

മോൻസി വർഗീസ്
dream

ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളിൽ പ്രമുഖനാണ് മാർട്ടിൻ ലൂഥർ കിങ്. കേവലം 39 വർഷം മാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്റെ അസാമാന്യമായ നേതൃപാടവത്തിലൂടെയും വാഗ്ധോരണികളിലൂടെയും മനുഷ്യാവകാശ സംരക്ഷണത്തിന് ഊർജം പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1957 മുതൽ 1968 വരെയുള്ള കാലയളവിൽ അമേരിക്കയിലുടനീളം 60 ലക്ഷം കിലോമീറ്റർ താണ്ടി രണ്ടായിരത്തി അഞ്ഞൂറ് പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ചിന്തോദ്ദീപകങ്ങളായ ആശയങ്ങളിലൂടെ ജനങ്ങളിൽ പൗരബോധവും ആത്മാഭിമാനവും ഉണർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

മാർട്ടിൻ ലൂഥർ കിങ്ങിനെ ഏറ്റവും സ്വാധീനിച്ച നേതാവ് മഹാത്മാ ഗാന്ധിയായിരുന്നു. വോട്ടവകാശംപോലുമില്ലാതിരുന്ന അമേരിക്കയിലെ കറുത്ത വംശജരെ സംഘടിപ്പിച്ച അദ്ദേഹം അവകാശ പോരാട്ടങ്ങൾ നടത്തിയത് ഗാന്ധിയൻ മാതൃകയിലുള്ള സമാധാന മാർഗങ്ങളിലൂടെയായിരുന്നു. 1964 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിലൂടെ കിങ്ങിന്റെ പ്രവർത്തനങ്ങൾ ആദരിക്കപ്പെട്ടു.

ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട പ്രഭാഷകരിൽ ഒരാളാണ് മാർട്ടിൻ ലൂഥർ കിങ്. 1963 ഓഗസ്റ്റ് 28 പ്രഭാഷണങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ദിനമാണ്. അന്നാണ് ലിങ്കൺ സ്ക്വയറിൽ വിഖ്യാതമായ 'I have a dream' അഥവാ എനിക്ക് ഒരു സ്വപ്നമുണ്ട് എന്ന പ്രഭാഷണം നടന്നത്. ജനലക്ഷങ്ങളെ ആവേശഭരിതരാക്കിയ ഈ പ്രഭാഷണത്തിൽ അദ്ദേഹം ഉപയോഗിച്ച വാചകങ്ങൾ ഇന്നും പ്രചോദനാത്മകമാണ്.

നേതൃത്വത്തിലേക്കുള്ള യാത്ര മാർട്ടിൻ ലൂഥർ കിങ്ങിന് സുഗമമായിരുന്നില്ല. അദ്ദേഹത്തിന്റെ വീട് ചുട്ട് ചാമ്പലാക്കുകയും അനവധി തവണ ആക്രമിക്കപ്പെടുകയും ചെയ്തു. അദ്ദേഹം 20 തവണ ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലുണ്ടായിരുന്ന ഉറച്ച വിശ്വാസം ഒരിക്കലും തളർത്താതെ അദ്ദേഹത്തെ മുന്നോട്ടു നയിച്ചു.

‘‘ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് അയാൾ ആയാസരഹിതമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴല്ല മറിച്ച് അയാൾ എത്രത്തോളം വെല്ലുവിളികളെയും വിവാദങ്ങളെയും അതിജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്’’ എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാചകങ്ങൾ നേതൃത്വത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായമായാണ് ലോകം കണക്കാക്കിയിട്ടുള്ളത്. വെല്ലുവിളികളെ അതിജീവിച്ചവരാണ് മികച്ച നേതാക്കളായിട്ടുള്ളത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് നിർഭയമായി ചെയ്യുക.

നമുക്ക് മുന്നോട്ട് ചലിക്കാൻ കഴിയണം. നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയുന്നില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക.... എന്തായാലും ചലിച്ചുകൊണ്ടേയിരിക്കുക. ‘‘വിശ്വാസമുള്ളവൻ ഒരു സ്റ്റെയർകേസിലേക്ക് കാലെടുത്തു വയ്ക്കുന്നത് ഈ നടത്തം എന്നെ ലക്ഷ്യത്തിൽ എത്തിക്കും എന്ന ഉറപ്പോടെയാണ്. അതിന് സ്റ്റെയർകേസ് മുഴുവൻ കാണണമെന്നില്ല.’’ ആത്മവിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ചു മാർട്ടിൻ ലൂഥർ കിങ് പറയുന്നു.

താൻ കണ്ട സ്വപ്നങ്ങളൊക്കെയും സഫലീകരിക്കുന്നതുവരെ ജീവിച്ചിരിക്കാൻ കഴിഞ്ഞില്ലെങ്കിലും മാർട്ടിൻ ലൂഥർ കിങ് നേതൃത്വംകൊടുത്ത മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ ജനകോടികളുടെ ആത്മാഭിമാനം ഉയർത്താനും അവകാശ സംരക്ഷണം സാധ്യമാക്കാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയെ നിലനിർത്താൻ എല്ലാ ജനുവരി മാസത്തെയും മൂന്നാമത്തെ തിങ്കളാഴ്ച അമേരിക്കയിൽ പൊതു ഒഴിവ് ദിനമാണ്. ‘‘ഇരുട്ടുകൊണ്ട് ഇരുട്ടിനെ മാറ്റാൻ കഴിയില്ല. പ്രകാശംകൊണ്ടേ ഇരുട്ടകറ്റാൻ കഴിയൂ. അതുപോലെ വിദ്വേഷത്തിലൂടെ വിദ്വേഷത്തെ അകറ്റാൻ‍ കഴിയില്ല. സ്നേഹത്തിലൂടെ മാത്രമേ സാധിക്കൂ’ എന്നു പറഞ്ഞ മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ എക്കാലത്തും പ്രസക്തമാണ്.

Be Positive>>