Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിനു വേണ്ടി ദരിദ്രനായ ഡ്യുനന്റ്

മോൻസി വർഗീസ്
Red Cross

ദരിദ്രനായിരുന്ന ഒരാൾ സ്വന്തം പ്രയത്നത്താൽ സമ്പന്നനായ കഥ ഏവരെയും പ്രചോദിപ്പിക്കാറുണ്ട്. എന്നാൽ സമ്പന്നനായിരുന്ന ഒരാൾ മഹത്തായ ഒരു യജ്ഞത്തിനായി പ്രവർത്തിച്ച്  ദരിദ്രനായ കഥയാണ് ഹെൻറി ഡ്യുനന്റിന്റേത്. 1828 മേയ് എട്ടിന് സ്വിറ്റ്സർ‌ലൻഡിലെ ജനീവയിൽ ജനിച്ച ഹെൻറി ഡ്യുനാന്റ് (Henry Dunant) റെഡ് ക്രോസ് എന്ന മഹത്തായ സംഘടനയുടെ സ്ഥാപകൻ എന്ന നിലയിലാണ് ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളത്. സമ്പന്നതയിൽ ജനിച്ച ഡ്യുനന്റിന്റെ മാതാപിതാക്കൾ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ തൽപരരായിരുന്നു. സാമൂഹിക സേവനത്തിന്റെ പ്രസക്തിയും മഹത്വവും ചെറുപ്പം മുതൽതന്നെ മനസ്സിലാക്കിയിരുന്ന ഡ്യുനന്റ് അശരണരോട് കനിവുള്ള ആളായിരുന്നു.

1859 ൽ ബിസിനസ് സംബന്ധമായ ഒരു യാത്രയ്ക്കിടയിലാണ് ‘സോൾഫെറിനോ’ യുദ്ധം നടക്കുന്ന സ്ഥലത്ത് ഡ്യുനന്റ് എത്തിയത്. ഫ്രാൻസും  ഓസ്ട്രിയയും തമ്മിലുണ്ടായ സോൾഫെറിനോ യുദ്ധത്തിന്റെ ബാക്കിപത്രമെന്നോണം യുദ്ധഭൂമിയിൽ അവശേഷിച്ച ആയിരക്കണക്കിനാളുകളുടെ രോദനം ഡ്യുനന്റ് എന്ന മനുഷ്യസ്നേഹിയുടെ കരളലിയിക്കുന്നതായിരുന്നു. തദ്ദേശവാസികളായ സ്ത്രീകളെയും പെൺകുട്ടികളെയും സംഘടിപ്പിച്ചുകൊണ്ട് മുറിവേറ്റ ഭടന്മാരെ ചികിൽസിക്കുന്ന ദൗത്യം അദ്ദേഹം സ്വയം ഏറ്റെടുത്തു. വേദന അനുഭവിക്കുന്നവർ ഏതു പക്ഷക്കാരെന്നതു നോക്കാതെ ‘എല്ലാവരും സഹോദരന്മാർ’ എന്ന ആശയത്തോടെയാണ് ദൈന്യത നിറഞ്ഞ മനുഷ്യരെ അവർ സഹായിച്ചത്. 

സോൾഫെറിനോ യുദ്ധത്തിൽ ഡ്യുനാന്റ് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ വിവരിച്ചുകൊണ്ട് 1862 ൽ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. ‘എ മെമ്മറി ഓഫ് സോൾഫെറിനോ’ എന്ന ഗ്രന്ഥത്തിന്റെ പ്രതികൾ യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കും, മിലിട്ടറി തലവന്മാർക്കും എത്തിച്ചുകൊടുത്തു. യുദ്ധം വിതയ്ക്കുന്ന വിനാശത്തെയും മനുഷ്യത്വരഹിതമായ രീതികളെയും വിവരിക്കുന്ന ഗ്രന്ഥം പുതിയ ചില ചിന്തകൾക്കു തുടക്കമിട്ടു. യുദ്ധം ഉണ്ടാവാതിരിക്കണമെന്നും യുദ്ധത്തിൽ ഏർപ്പെടുന്നവര്‍ മനുഷ്യത്വത്തോടെ പെരുമാറണമെന്നുമുള്ള ഡ്യുനാന്റിന്റെ ആശയങ്ങൾ യൂറോപ്പിലെമ്പാടും പ്രചരിച്ചു. പൊതുജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജനീവാ സൊസൈറ്റിയുടെ സമ്മേളനത്തിൽ തന്റെ ആശയങ്ങൾ അവതരിപ്പിക്കുവാൻ ഡ്യുനന്റിന് ക്ഷണം ലഭിച്ചു. 1863 ഫെബ്രുവരി 17 ന് അദ്ദേഹം അവതരിപ്പിച്ച ആശയമാണ് പിന്നീട് റെഡ്ക്രോസ് സൊസൈറ്റി എന്ന രാജ്യാന്തര സംഘടനയ്ക്കു രൂപം നൽകാൻ പ്രേരകമായത്. ഇതേ ദിനമാണ് റെഡ് ക്രോസിന്റെ സ്ഥാപകദിനമായി കണക്കാക്കിയിട്ടുള്ളത്.

henry-dunant

തന്റെ മഹത്തായ ആശയ പ്രചാരണത്തിനായി മുഴുവൻ സമയവും നീക്കിവച്ച ഡ്യുനന്റ് 1867 ൽ ബിസിനസ് തകർന്ന് പാപ്പരായി തീർന്നു. പിന്നീട് ദാരിദ്ര്യത്തിൽപ്പെട്ട് സ്വന്തം നാടുവിട്ട അദ്ദേഹം കുറേക്കാലത്തേക്ക് വിസ്മൃതിയിലായിരുന്നു. അനാരോഗ്യത്തോടെ പലയിടങ്ങളിലായി കഴിഞ്ഞിരുന്ന അദ്ദേഹത്തെക്കുറിച്ച് 1895 ൽ ഒരു ജർമൻ മാസികയിൽ വന്ന ലേഖനത്തെ തുടർന്ന് വീണ്ടും ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ട ഹെൻറി ഡ്യുനന്റിന്റെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് 1901 ലെ സമാധാനത്തിനുള്ള ആദ്യത്തെ നൊബേൽ സമ്മാനത്തിന് അർഹനായി. സമ്മാനമായി ലഭിച്ച തുകപോലും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിച്ചത്. 1910ൽ മരണപ്പെട്ട ഹെൻറി ഡ്യുനന്റിന്റെ ജന്മദിനമായ മേയ് എട്ട് രാജ്യാന്തര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു.

ഡ്യുനാന്റ് തുടക്കംകുറിച്ച രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി ഇന്ന് 190 രാഷ്ട്രങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു. റെഡ് ക്രോസ് സൊസൈറ്റിക്കുള്ള അംഗീകാരമായി മൂന്നു തവണ (1917, 1944, 1963) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഡ്യുനന്റിനോടുള്ള ബഹുമാനസൂചകമായി സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. 

Be Positive>>