Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മകളെ സ്വീകരിക്കുവാൻ പ്രചോദനം നൽകിയ ലിനസ് പോളിങ്

മോൻസി വർഗീസ്
linus-pauling

ചരിത്രത്തിൽ ആദ്യമായി വ്യത്യസ്ത മേഖലകളിൽ മറ്റാരുമായും പങ്കുവയ്ക്കാതെ രണ്ട് നൊബേൽ സമ്മാനങ്ങൾ നേടിയ വ്യക്തിയാണ് ലിനസ് പോളിങ് (Linus Pauling). 1954ൽ രസതന്ത്രത്തിലും 1962ൽ സമാധാനത്തിനുമുള്ള നൊബേൽ പുരസ്കാര ജേതാവായ പോളിങ് ആണവ പരീക്ഷണങ്ങൾക്കും യുദ്ധങ്ങൾക്കും എതിരായ പോരാട്ടങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. മോളിക്യുലാർ ബയോളജി എന്ന ഒരു ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിച്ച അദ്ദേഹം ‘മോളിക്യുലാർ ബയോളജിയുടെ പിതാവ്’ എന്ന പേരിലും അറിയപ്പെടുന്നു.

ആഴത്തിലുള്ള വായനയും ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ആയിരുന്നു അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇരുപത് ശാസ്ത്രജ്ഞരിൽ ഒരാളായി ശാസ്ത്രലോകം വിലയിരുത്തുന്ന വ്യക്തിയാക്കി മാറ്റിയതിനു പിന്നിൽ. ആറ്റങ്ങളും തന്മാത്രകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇലക്ട്രോൺ നെഗറ്റിവിറ്റിയെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും രസതന്ത്ര ശാസ്ത്ര ശാഖയ്ക്ക് ഒരു കുതിപ്പിനു കാരണമായി. സാധാരണ മനുഷ്യർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള അതി സങ്കീർണങ്ങളായ ശാസ്ത്രസത്യങ്ങളെ വളരെ ലളിതമായ രീതിയിൽ വിവരിക്കുന്നതിലും ലിനസ് പോളിങ്ങ് ബഹു സമർഥനായിരുന്നു. ആണവ പരീക്ഷണങ്ങൾക്ക് എതിരായ നിലപാടുകൾ അദ്ദേഹത്തിനു നിരവധി ശത്രുക്കളെയും നേടിക്കൊടുത്തു.

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്ത് പോർട്ട് ലാന്റിൽ 1901 ഫെബ്രുവരി 28ന് ജനിച്ച പോളിങ്ങിന്റെ പിതാവ് ഹെർമൻ ഒരു മരുന്ന് കച്ചവടക്കാരനായിരുന്നു. പുത്രന്റെ അറിവിനോടുള്ള അഭിനിവേശം കണ്ടെത്തിയ പിതാവ് ധാരാളം പുസ്തകങ്ങൾ വായിക്കാൻ എത്തിച്ചുകൊടുക്കുമായിരുന്നു. ശാസ്ത്രത്തോടായിരുന്നു പോളിങ്ങിന് കൂടുതൽ താൽപര്യം. പോളിങ്ങിന് ഒൻപതു വയസുള്ളപ്പോൾ പിതാവ് മരിച്ചു. പിന്നീടങ്ങോട്ട് മാതാവിന്റെ പരിമിത വരുമാനത്തിൽ ക്ലേശകരമായ ജീവിതമായിരുന്നു. പഠന ചെലവുകൾക്കായി പലവിധ ജോലികളും എടുക്കേണ്ടതായി വന്നു. 

ഒരിക്കൽ സ്കൂളിലെ സഹപാഠിയുടെ വീട്ടിലെ ചെറിയ രസതന്ത്ര ലാബിൽ കണ്ട രാസപ്രവർത്തന പരീക്ഷണങ്ങളാണ് പോളിങ്ങിനെ രസതന്ത്രത്തിലേക്ക് ആകർഷിച്ചത്. ലോയ്ഡ് ജഫ്റസ് എന്ന ആ സുഹൃത്തുമൊത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്തി. 1922ൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും 1925ൽ ഫിസിക്കൽ കെമിസ്ട്രിയിലും മാത്തമാറ്റിക്കൽ ഫിസിക്സിലും ഡോകടറേറ്റും കരസ്ഥമാക്കിയ പോളിങ്ങ് ശാസ്ത്രാധ്യപകനായും പ്രവർത്തിച്ചു. 1926ൽ ശാസ്ത്ര ഗവേഷണത്തിനും ഉപരിപഠനത്തിനുമായി യൂറോപ്പിൽ എത്തിയ അദ്ദേഹത്തിന് ലോകോത്തര ശാസ്ത്രജ്ഞന്മാരായ ആർനോൾഡ് സോമർഫെൽഡ്, നീൽസ്ബോർ, എർവിൻ ഷോഡിഞ്ചർ തുടങ്ങിയവരോടൊത്ത് പ്രവർത്തിക്കാൻ സാധിച്ചു. ‘‘ദ് നേച്ചർ ഓഫ് ദ് കെമിക്കൽ ബോണ്ട്’’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ശാസ്ത്രകുതുകികളെ ഇന്നും ആകർഷിക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനെതിരെ ആറ്റം ബോബ് പ്രയോഗിച്ചതിൽ  ലിനസ് പോളിങ്ങിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. അമേരിക്കൻ ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിന് ഒരു സമയത്ത് രാജ്യം വിട്ടു പോകാൻ പാസ്പോർട്ട് വരെ നിഷേധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ആനും ആണവ യുദ്ധങ്ങൾക്കെതിരെ പ്രചാരണം നയിച്ചിരുന്നു. 1957ൽ ലോകമെമ്പാടുമുള്ള പതിനൊന്നായിരം ശാസ്ത്രജ്ഞരിൽ നിന്നും ഒപ്പുശേഖരണം നടത്തിയ ലൈനസ് പോളിങ്ങ് ആണവായുധങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് ഒരു ഭീമ ഹർജി സമർപ്പിച്ചു. 1958ൽ ‘നോ മോർ വാർ’ എന്നൊരു പുസ്തകവും അദ്ദേഹം പുറത്തിറക്കി. 1962 ഒക്ടോബർ 10ന് ആണവ നിർവ്യാപന നിയമം നിലവിൽ വന്ന ദിവസമാണ് സ്വീഡനിലെ നൊബേൽ പുരസ്കാര സമിതി അദ്ദേഹത്തിന് 1962ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്. ശാസ്ത്രത്തിലെ നന്മകളെ സ്വീകരിക്കുവാനും തിന്മകളെ ഉന്മൂലനം ചെയ്യുവാനും പ്രചോദനം നൽകിയ ലിനസ് പോളിങ്ങ് എക്കാലത്തെയും മഹാനായ ഒരു ശാസ്ത്രജ്ഞനാണ്. പുത്തൻ അറിവുകളോടുള്ള അഭിവാഞ്ഛയും നിലപാടുകളിലെ കാർക്കശ്യവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.