Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റുള്ളവരുടെ അഭിപ്രായം കേട്ടു സ്വപ്നങ്ങളെ പരിമിതപ്പെടുത്തരുത്

മോൻസി വർഗീസ്
Mae-Carol-Jemison

മറ്റുള്ളവരുടെ അഭിപ്രായം കേട്ടു സ്വന്തം സ്വപ്നങ്ങളെ പരിമിതപ്പെടുത്തരുത്. അസാധ്യം എന്നു ചുറ്റുപാടുമുള്ളവർ പറഞ്ഞപ്പോഴും അതിലൊന്നും ശ്രദ്ധകൊടുക്കാതെ സ്വന്തം സ്വപ്നത്തിൽ വിശ്വാസമർപ്പിച്ചവരാണു ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. മറ്റുളളവരുടെ അഭിപ്രായങ്ങൾക്കു വില കൊടുത്തിരുന്നെങ്കിൽ താനെവിടെയും എത്തില്ലായിരുന്നു എന്നു പറഞ്ഞത് മേ കരോൾ ജെമിസൺ (Mae Carol Jenison)എന്ന ചരിത്രത്തിൽ ഇടം നേടിയ ബഹിരാകാശ സഞ്ചാരി ആയിരുന്നു. ചെറുപ്പം മുതൽ ആകാശത്തേക്കു നോക്കി ‘താനൊരിക്കൽ അനന്ത വിദൂരതയിൽ പോയി തിരിച്ചുവരും’ എന്ന സ്വപ്നം അവളുടെ അധ്യാപകർക്കു പോലുമൊരു തമാശയായിട്ടാണു തോന്നിയത്. അവളെ പ്രോൽസാഹിപ്പിക്കാൻ പക്ഷേ മാതാപിതാക്കളുണ്ടായിരുന്നു. അവരുടെ പ്രോൽസാഹനവും മാർട്ടിൻ ലൂഥർ കിങ്ങിൽ നിന്നും ലഭിച്ച പ്രചോദനവും അവളെ ബഹിരാകാശത്തേയ്ക്കു സ‍ഞ്ചരിക്കുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ വംശജ എന്ന ചരിത്ര നേട്ടത്തിനുടമയാക്കി.

1956 ഒക്ടോബർ 17ന് അലബാമയിൽ ജനിച്ച മേ കരോൾ ചെറുപ്പം മുതൽക്കേ ശാസ്ത്രത്തെ സ്നേഹിച്ചുതുടങ്ങി. പിതാവ് ചാർളി ജെമിസണും മാതാവ് ഡൊറോത്തി ഗ്രീനും അവൾക്കു മികച്ച വിദ്യാഭ്യാസം നൽകാൻ ഷിക്കാഗോയിലേക്കു  താമസം മാറ്റി. പഠനത്തോടൊപ്പം നൃത്തത്തിലും താൽപര്യമുണ്ടായിരുന്ന അവൾ വ്യത്യസ്ത നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്നു. 16–ാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നു കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. അതോടൊപ്പം നൃത്തത്തിലും വൈദഗ്ധ്യം നേടി. എൻജിനീയറിങ് ബിരുദമെടുത്ത മേ കരോൾ ജെമിസൺ പിന്നീട് പഠിക്കാൻ പോയത് വൈദ്യശാസ്ത്രമാണ്. 1981ൽ കോർണൽ മെഡിക്കൽ കോളജിൽ നിന്നും ബിരുദമെടുത്തു. പഠനത്തിനിടെ ക്യൂബ, കെനിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി.

എൻജിനീയറും ഡോക്ടറുമൊക്കെ ആയെങ്കിലും അവർ ഏറ്റവും അധികം താലോലിച്ചിരുന്ന  സ്വപ്നം ബഹിരാകാശ സ‍ഞ്ചാരി ആവുക എന്നതായിരുന്നു. അതിനൊരു അവസരത്തിനായി കാത്തിരുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലേക്ക് പല തവണ അപേക്ഷ അയച്ചു. ഒടുവിൽ 1987ൽ അവരുടെ അപേക്ഷ നാസ സ്വീകരിച്ചു. രണ്ടായിരം അപേക്ഷകരിൽ നിന്നു ബഹിരാകാശ ഗവേഷണ ദൗത്യത്തിനായി തിരഞ്ഞെടുത്ത പതിനഞ്ചുപേരിൽ  ഒരാളാകാൻ കഴിഞ്ഞത് എൻജിനീയറിങ്ങിലും വൈദ്യശാസ്ത്രത്തിലുമുണ്ടായിരുന്ന  അറിവിന്റെ പിൻബലത്താലാണ്.

1992 സെപ്റ്റംബർ 12 ലെ എൻഡവർ സ്പേസ് ഷട്ടിൽ ദൗത്യസംഘത്തിലെ അംഗമായി ഡോക്ടർ ജെമിസൺ ചരിത്രത്തിലേക്കു കാലെടുത്തുവച്ചു. ബഹിരാകാശത്തു നിന്നും അവർ ആദ്യം കണ്ടത് താൻ വളർന്ന ഷിക്കാഗോ പട്ടണം ആയിരുന്നു. സ്വപ്ന സാക്ഷാൽകാരത്തിന്റെ അത്യപൂർവ നിമിഷങ്ങൾ. 190 മണിക്കൂറം 30 മിനിറ്റും 23 സെക്കൻഡും ബഹിരാകാശത്ത് കഴിഞ്ഞ സമയത്ത് അസ്ഥി കോശങ്ങളെക്കുറിച്ചു ഗവേഷണവും നടത്തി. തിരിച്ചെത്തിയ മേ കരോൾ ജെമിസൺ ദശലക്ഷക്കണക്കിനു ചെറുപ്പക്കാർക്ക് സ്വപ്നം കാണാൻ പ്രചോദനമായി.

അവഗണന അനുഭവിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന മേ കരോൾ പിന്നീടു ശാസ്ത്ര സാങ്കേതിക പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്ന ദൗത്യങ്ങൾ ഏറ്റെടുത്തു. നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു. ശാസ്ത്രത്തിൽ താൽപര്യമുള്ള സമർഥരായ പാവപ്പെട്ടവരെ സഹായിക്കാൻ മാതാവിന്റെ പേരിൽ ഒരു എൻഡോവ്മെന്റ് തുടങ്ങി. അധ്യാപനത്തിൽ ശ്രദ്ധയൂന്നിയ അവർ ഇപ്പോൾ പ്രതിരോധ രംഗത്തു ഗവേഷണം നടത്തുന്ന 100 Year Starship എന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു. ഒൻപതു ഡോക്ടറേറ്റുകൾ അടക്കം നിരവധി ബഹുമതികൾ നേടിയ മേ കരോൾ ജെമിസണെ ഏറ്റവുമധികം സ്വാധീനിച്ചത് ‘‘ഉണർന്നെണീറ്റു പ്രവർത്തിക്കുകയാണു സ്വപ്നസാക്ഷാൽക്കാരത്തിനുള്ള  ഏറ്റവും നല്ല മാർഗം’’ എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകളാണ്.

Be Positive>>