Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാസ്കറ്റ് ബോൾ വെറുതെയുണ്ടായതല്ല; ആവശ്യത്തിനു പരിഹാരമായിരുന്നു

മോൻസി വർഗീസ്
BASKET-US-CHINA-NBA-LAKERS-YI

ലോകമെമ്പാടും നാൽപത് കോടിയിലേറെ ആളുകൾ കളിക്കുന്ന ജനപ്രിയ കായിക വിനോദമായ ബാസ്കറ്റ്ബോൾ കളി ജന്മമെടുത്തത് 1891 ലാണ്. പണ്ട് അമേരിക്കയിലെ ആസ്ടെക്, മായൻ വംശജർക്കിടയിൽ ശത്രുക്കളുടെ തലയോട്ടികൾ ബാസ്കറ്റിൽ എറിഞ്ഞുകളിക്കുന്ന വിനോദം നിലവിലുണ്ടായിരുന്നുവെങ്കിലും  ആധുനിക ബാസ്കറ്റ് ബോൾ കളി രൂപീകൃതമായത് ഒരു പ്രത്യേക ആവശ്യത്തിനായിരുന്നു. ഈ കളി ഇത്രയേറെ ജനപ്രിയമാകുമെന്ന് അതിന്റെ സൃഷ്ടിതാവായ ജയിംസ് നൈസ്മിത്ത് (James Naismith) പോലും വിചാരിച്ചിരുന്നില്ല.

1861 നവംബർ ആറിന് കാനഡയിൽ ജനിച്ച ജയിംസ് നൈസ്മിത്തിന് തന്റെ ഒൻപതാമത്തെ വയസിൽ മാതാപിതാക്കളെ നഷ്ടമായി. അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന നൈസ്മിത്ത് ചെറുപ്പം മുതൽക്കേ കായിക വിനോദങ്ങളിൽ മികവ് പുലർത്തി. മോൺട്രിയോളിലെ മക്‌ഗിൽ സർവ്വകലാശാലയിൽ നിന്നും കായിക വിദ്യാഭ്യാസത്തിൽ ബിരുദം നേടിയ നൈസ്മിത്ത് വിവിധ കായിക വിഭാഗങ്ങളിൽ കോച്ചായി തന്റെ കരിയർ ആരംഭിച്ചു. ഫുട്ബോളും റഗ്ബിയുമായിരുന്നു  പ്രധാന ഇനങ്ങൾ.

മികച്ച കായിക പരിശീലകനായി അറിയപ്പെട്ട നൈസ്മിത്തിന് 1890ൽ അമേരിക്കയിലെ വൈഎംസിഎ ഇന്റർനാഷനൽ ട്രെയിനിങ് കോളജിൽ കായികാധ്യാപകനായി നിയമനം ലഭിച്ചു. അതിശൈത്യം അനുഭവപ്പെട്ടിരുന്ന മസാച്ചുസെറ്റിലെ സ്പ്രിങ്ഫീൽഡിലായിരുന്നു കോളജ് സ്ഥിതി ചെയ്തിരുന്നത്. ശൈത്യകാലത്ത് ഫുട്ബോൾ, റഗ്ഗ്ബി... തുടങ്ങിയ ഔട്ട്ഡോർ കളികൾ സാധ്യമായിരുന്നില്ല. പൊതുവെ അലസരും തെമ്മാടികളുമായിരുന്ന കുട്ടികളെ ഇക്കാലത്ത് സജീവമാക്കുവാൻ ഒരു കളിയുടെ ആവശ്യകത ഉയർന്നുവന്നു. അങ്ങനെയാണ് ഒരു ഇൻഡോർ ഗെയിം രൂപീകരിക്കാനുള്ള ദൗത്യം നൈസ്മിത്തിൽ എത്തിച്ചേർന്നത്. കേവലം 14 ദിവസങ്ങൾ കൊണ്ട് അദ്ദേഹം പുതിയ ഒരു കായിക വിനോദം രൂപകൽപന ചെയ്തു. അതാണ് ഇന്നത്തെ ബാസ്കറ്റ് ബോൾ. ജയിംസ് നൈസ്മിത്ത് ചിട്ടപ്പെടുത്തിയ പതിമൂന്ന് നിയമങ്ങളോടെ 1891 ൽ ബാസ്കറ്റ് ബോൾ കളി നിലവിൽ വന്നു. പിന്നീട് നിയമങ്ങളിൽ പല ഭേദഗതികൾ ഉണ്ടായെങ്കിലും നൈസ്മിത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഊന്നിയാണ് ഈ കളിയുടെ വളർച്ച. പഠനത്തിലും മികവ് പുലർത്തിയിരുന്ന നൈസ്മിത്ത് 1898ൽ മെഡിക്കൽ ബിരുദവും നേടി. റഗ്ബി കളിക്കാരുടെ ഹെൽമറ്റ് ആദ്യമായി ഡിസൈൻ ചെയ്തതും ഇദ്ദേഹമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ബാസ്കറ്റ് ബോൾ അമേരിക്കയിലും പിന്നീട് ലോകമെമ്പാടും ഒരു ജനപ്രിയ ഗെയിമായി വളർന്നു. നൈസ്മിത്തിന്റെ അഭിപ്രായത്തിൽ ‘‘കരുത്തുള്ള ശരീരവും ശാന്തമായ മനസ്സും ഉദാത്തമായ മാതൃകയുമാണ് കായിക വിനോദങ്ങളുടെ ലക്ഷ്യം’’. ബാസ്കറ്റ് ബോൾ കളിക്ക് നൈസ്മിത്ത് ബോൾ എന്ന പേരിടണം എന്ന വാദഗതികൾ പോലും അക്കാലത്തുണ്ടായി. എന്നാൽ അദ്ദേഹം ഈ ആവശ്യത്തെ സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്. 1936 ലെ ബർലിൻ ഒളിംപിക്സിലാണ് ഈ ഇനം ആദ്യമായി ഉൾപ്പെടുത്തുന്നത്. അന്നത്തെ വിജയികൾക്ക് മെഡൽ സമ്മാനിച്ചതും ബാസ്കറ്റ് ബോളിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജയിംസ് നൈസ്മിത്ത് ആയിരുന്നു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കായിരുന്നു യഥാക്രമം സ്വർണം, വെള്ളി, വെങ്കല മെഡലുകൾ ലഭിച്ചത്. 1939 നവംബർ 28 ന് അന്തരിച്ച നൈസ്മർ നിരവധി ബഹുമതികളും പുരസ്കാരങ്ങളും നേടി. നിരവധി ലോകോത്തര ബാസ്കറ്റ്ബോൾ സ്റ്റേഡിയങ്ങൾ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അദ്ദേഹം പറയുന്നു: ചുരുക്കത്തിൽ, ആകസ്മികമായി ഉണ്ടായ ഒരു കളിയല്ല ബാസ്കറ്റ് ബോൾ. ഒരു ആവശ്യത്തിന് പരിഹാരമായ കണ്ടെത്തലായിരുന്നു.

Be Positive>>