Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നം കൈപ്പിടിയിലൊതുക്കാൻ നിങ്ങൾ തയ്യാറാണോ?

ബി.എസ്. വാരിയർ
515669688

മനുഷ്യന്റെ ആവശ്യങ്ങൾ പല തരത്തിൽ. ആദ്യം വായു, വെള്ളം, ആഹാരം. തുടർന്ന് വസ്ത്രം, പാർപ്പിടം, സുരക്ഷിതത്വം, സുഖസൗകര്യങ്ങൾ, സമ്പാദ്യം, പ്രസിദ്ധി എന്നിവയിലേക്ക് മനസ്സു പടിപടിയായി കടക്കും. സ്വപ്നങ്ങളും പലതരം. ലോറിക്ലീനറുടെ സ്വപ്നം ലോറിഡ്രൈവർ ആകുന്നതാവാം. അങ്ങനെയെങ്കിൽ, അതിനപ്പുറത്തേക്കു ചിന്തിക്കാനാകാത്തയാൾ.

കഴിവുകളെല്ലാം പ്രയോഗിക്കാൻ പറ്റിയ സ്ഥാനങ്ങളിലെത്താത്തവരുടെ മോഹം മനസ്സിൽ കനലായിക്കിടക്കും. അവസരം വരുമ്പോൾ പലരും അവിടെയും വിജയിച്ച്, സംതൃപ്തിയടയും. ഗായകനാകാൻ സ്വപ്നമുള്ളയാൾ കച്ചവടക്കാരനായെന്നിരിക്കട്ടെ. ദൃഢനിശ്ചയുവും പരിശ്രമശീലവുമുണ്ടെങ്കിൽ അയാൾക്ക് സംഗീതത്തിലും വിജയം വരിക്കാൻ കഴിഞ്ഞെന്നിരിക്കും. ഇതു സ്വപ്നസാക്ഷാൽക്കാരം (self-actualization).

അമേരിക്കൻ മനഃശാസ്ത്രജ്ഞൻ എബ്രഹാം ഹാരോൾഡ് മാസ്ലോ (1908 – 1970) ഈ വിഷയത്തിൽ ഏറെ പഠനങ്ങൾ നടത്തി. താനാരെന്നു വ്യക്തമായി മനസ്സിലാക്കിയെങ്കിലേ കഴിവുകൾ പൂർണമായും പ്രയോജനപ്പെടുത്താനാവൂ. അതിനു നാം ശ്രമിക്കണം.

ഗള്ളിവറുടെ കഥകളും മറ്റും രചിച്ച് ആക്ഷേപഹാസ്യസാഹിത്യത്തിലെ മുടിചൂടാമന്നനായ സ്വിഫ്റ്റ് (1667 – 1745) തുടക്കത്തിൽ കവിതകളെഴുതിയിരുന്നു. കവിയും നാടകകൃത്തുമായിരുന്ന ബന്ധു ജോൺ ഡ്രൈഡൻ സ്വിഫ്റ്റിനോടു പറഞ്ഞു, ‘‘അനിയാ, നിനിക്കീ പണി പറ്റില്ല, നീ ഒരിക്കലും കവിയാവില്ല’’. സ്വിഫ്റ്റ് വഴിമാറി. ലോകത്തിനതു ഗുണമായി. എത്രയോ ഉയരത്തിലാണ് ഇന്നു സ്വിഫ്റ്റിന്റെ സ്ഥാനം. 

വ്യത്യസ്തമേഖലകളിൽ പ്രവർത്തിച്ച ചില പ്രസിദ്ധരെക്കൂടെയോർക്കാം. ഐസക് ന്യൂട്ടൺ, മുപ്പതു വർഷത്തോളം നാണയനിർമ്മാണശാലയിൽ പ്രവർത്തിച്ചു. ഗണിതശാസ്ത്രജ്ഞനും കമ്പ്യൂട്ടറിന്റെ പിതാവും ആയ ചാൾസ് ബാബേജ് തീവണ്ടിയുടെ മുന്നിലെ കന്നുകാലികളെയും മറ്റും തട്ടിനീക്കുന്ന കൗക്യാച്ചർ കണ്ടുപിടിച്ചു.  വൈദ്യുതിമാന്ത്രികനായ ഫാരഡേയാണ് ആദ്യമായി റബർ ബലൂണുണ്ടാക്കിയത്. പരിണാമസിദ്ധാന്തത്തിലൂടെ പ്രസിദ്ധനായ ചാൾസ് ഡാർവിൻ ഭൂഗർഭശാസ്ത്രത്തിലും ആഴത്തിൽ പഠനങ്ങൾ നടത്തി. അലക്സാണ്ടർ ഗ്രഹാം ബെൽ വിമാനനിർമ്മാണത്തിനും സംഭാവന നൽകി. അറ്റ്ലാന്റിക് സമുദ്രം ആദ്യമായി ഒറ്റയ്ക്കു പറന്നുകടന്ന വൈമാനികൻ ചാൾസ് ലിൻഡ്ബെർഗ് ഹൃദയശസ്ത്രക്രിയയ്ക്കു കളമൊരുക്കിയ പെർഫ്യൂഷൻ പമ്പ് കണ്ടുപ‌ിടിച്ചു. 

എംആർസിപിയും എഫ്ആർസിഎസും നേടിയ പ്രഗൽഭഡോക്ടർ ബി. സി. റോയ് 14 വർഷത്തിലേറെ ബംഗാളിലെ മുഖ്യമന്ത്രിയായിരുന്നു. അസാധാരണനേട്ടങ്ങളുള്ള സിവിൽ എൻജിനീയർ സർ എം. വിശ്വേശ്വരയ്യ ആറു വർഷത്തോളം മൈസൂർ ദിവാനായിരുന്നു. അമേരിക്കയിലെ ഈസ്റ്റേൺ മിഷിഗൻ സർവകലാശാലയിൽ നിന്ന് ഓട്ടോമൊബീൽ എൻജിനീയറിങ്ങിൽ എംഎസ് ബിരുദം നേടിയ ശേഷമാണ് പ്രശസ്ത തെലുങ്കു നടൻ നാഗാർജുന വെള്ളിത്തിരയുടെ മായികലോകത്തേക്കു തിരിഞ്ഞ്, പ്രശസ്തി കൈവരിച്ചത്. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞൻ കെ. രാധാകൃഷ്ണൻ കർണാടകസംഗീതത്തിലും കഥകളിയിലും കൈവരിച്ച നേട്ടങ്ങളും കൂട്ടത്തിലോർക്കാം.

എന്തിനുവേണ്ടി നാം ഇക്കഥകളൊക്കെ പറയുന്നു? നമ്മിൽ പലർക്കും വ്യത്യസ്തമേഖലകളിൽ പ്രാവീണ്യം ആർജ്ജിക്കാനുള്ള ശേഷിയുണ്ടായിരിക്കാം. ഉപേക്ഷ വിചാരിക്കാതെ, കഴിവുകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി, സ്വപ്നസാക്ഷാൽക്കാരം കൈവരിക്കുന്നതു നിസ്സാരമല്ല. ബഹുമുഖനൈപുണിയെന്ന അസാധാരണ വരദാനം പാഴാക്കിക്കൂടാ.