Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനമ്മമാർക്കു പകരം ആരെങ്കിലുമുണ്ടോ?

ബി.എസ്. വാരിയർ
parents

‘‘ഞാൻ അങ്ങയുടെ കാലടികളെ പിന്തുടർന്നു. അങ്ങ് എന്നെ എന്തെല്ലാമാണു പഠിപ്പിച്ചത്! എന്തെല്ലാമാണു കാട്ടിത്തന്നത് – എങ്ങനെയാണ് കാരുണ്യത്തോടെ സഹായിക്കുന്ന മകനാകേണ്ടത്, അർപ്പണബോധമുള്ള അച്ഛനാകേണ്ടത്, സ്നേഹവായ്പുള്ള അപ്പൂപ്പനാകേണ്ടത് എന്നെല്ലാം.’’ അതിരറ്റ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ അച്ഛൻ വിടപറഞ്ഞപ്പോൾ പ്രചോദകഗ്രന്ഥകാരനായ റിച്ചാർഡ് േലാറൻസ് ബെൽഫോർഡ് വികാരവായ്പോടെ എഴുതിയ കവിതയിലെ ആദ്യവരികളുടെ സാരം.അദ്ദേഹം തുടർന്നു: ‘‘അങ്ങു ‌പഠിപ്പിച്ചതൊന്നും ഞാൻ ഒരിക്കലും മറക്കില്ല. അങ്ങു കാട്ടിത്തന്നതെല്ലാം ഞാൻ ആദരവോടെ എന്നും ഓർക്കും. ഞാൻ എന്താണെന്നതിനെക്കാൾ പ്രധാനം ഞാൻ എന്താകും എന്നതാണ്.’’ 

അമേരിക്കൻ കവയിത്രി മായാ ആഞ്ചലൂ പറഞ്ഞു: ‘‘നിങ്ങൾ പറഞ്ഞത് ജനങ്ങൾ മറക്കും, നിങ്ങൾ ചെയ്തത് ജനങ്ങൾ മറക്കും, പക്ഷേ നിങ്ങൾ പകർന്നു നൽകിയ വൈകാരികാനുഭൂതി അവർ ഒരിക്കലും മറക്കില്ല.’’ 

അമ്മയെക്കുറിച്ചുമുണ്ട് ബെൽഫോർഡിന്റെ ലഘുക‌വിത.‘‘പകരം വയ്ക്കാനാവാത്തവരുണ്ട്. വീട്ടാനാവാത്ത കടങ്ങളുണ്ട്. ഓർമ്മിക്കാൻ മാത്രമാവുന്ന കാലങ്ങളും. കൊടുക്കാനാവുന്നതിലേറെ അമ്മ നഷ്ടമാക്കിയതും, തിരികെ നൽകാനാവുന്നതിലേറെ തന്നതും എല്ലാം ഓർക്കാനാവുന്നതിലേറെ.’’

‘‘ദാനശീലം നിറഞ്ഞതാണെന്റെ കിനാക്കൾ. അമ്മയുടെ ആശങ്കകൾ എന്റെ വിജയതൃഷ്ണയെ ബലപ്പെടുത്തി, അമ്മയുടെ ക്ഷമ കഷ്ടകാലത്ത് എനിക്കു താങ്ങായി. ഞാനും അമ്മയെ പിന്തുടരുന്നു.’’

ആകാശത്തെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തെ നോക്കി അമ്മ പറയുമായിരുന്നു, ‘‘എന്നെ സൂക്ഷിച്ചു നോക്കുന്ന എന്റെ അമ്മയാണ് ആ നക്ഷത്രമെന്ന്,’’ അക്കഥ മനസ്സിൽ വച്ച് ബെൽഫോർഡ്: ‘‘എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിനെയോർത്ത് ഞാൻ സാന്ധ്യാകാശത്തിലേക്കു കണ്ണെറിയും. ഏറ്റവും തിളക്കമുള്ള താരത്തിന്റെ മിന്നൊളിക്കു വേണ്ടി.’’ വൃദ്ധമാതാപിതാക്കളെ പരിചരിക്കുമ്പോൾ അവരുടെ സുഖമാണ്, നിങ്ങളുടെ സൗകര്യമല്ല നോക്കേണ്ടത് എന്ന് ബില്ലി ഗ്രഹാം.

അച്ഛനമ്മമാർക്കു പകരം വയ്ക്കാൻ ആരെയും കിട്ടില്ല. പക്ഷേ തങ്ങളെപ്പറ്റി മക്കൾ സ്നേഹവായ്പോടെ ഓർക്കണമെങ്കിൽ, രക്ഷിതാക്കൾ അതിനു ചേരുംപടി ജീവിച്ചു കാണിച്ചിരിക്കണം. സ്വന്തം കുട്ടികൾക്കു വേണ്ടിയുള്ള ത്യാഗം ത്യാഗമല്ലെന്നു പറയാറുണ്ടെങ്കിലും, കുട്ടികൾക്കു വേണ്ടി സ്വന്തം സുഖസൗകര്യങ്ങൾ തെല്ലുപോലും ഉപേക്ഷിക്കാത്തവരുമുണ്ട് എന്നതും നാം കാണണം. അവസാന കണക്കെടുപ്പിൽ ഏറ്റവും പ്രധാനമായി വരുക, സമ്പാദിച്ച സ്വത്തുകളെക്കാളേറെ നാം ചെയ്ത നന്മയുടെ തിളക്കമാണ്. നന്മ വീട്ടിൽ തുടങ്ങാം.

കുട്ടികളെ വളർത്തി നല്ലവരാക്കുന്നത് എളുപ്പമല്ല.  അച്ഛനമ്മമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് കുട്ടികളോട് ഒരേ സ്വരത്തിൽ പറയണം. അച്ഛനമ്മമാരും ചാരന്മാരും ഉറങ്ങില്ലെന്നു നോവലിസ്റ്റ് ലിൻഡാ ഗെർബർ. ഇരുകൂട്ടരും ഉണർന്നിരുന്നു നിതാന്തജാഗ്രത പുലർത്തുന്നവർ. രക്ഷിതാക്കൾ നമ്മുടെ മനസ്സിനെ ഒരിക്കലും വിട്ടുപോകില്ല. ഏതു കുട്ടിക്കും നല്ല അമ്മയെ കിട്ടുന്നു, പക്ഷേ ഏത് അമ്മയ്ക്കും നല്ല കുട്ടിയെ കിട്ടുന്നില്ല. 

നോവലിസ്റ്റ് ചക്ക് പലനിക്: ‘‘അച്ഛനമ്മമാർ ആദ്യം ജീവൻ നൽകുന്നു, പിന്നീട് അവരുടെ ജീവൻ നൽകാൻ ശ്രമിക്കുന്നു.’’ അവരെ ഓർക്കുമ്പോൾ ഒന്നും മറക്കാതിരിക്കാം