Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രുവിനല്ല സുഹൃത്തിനേ ചതിക്കാൻ കഴിയൂ

ബി.എസ്. വാരിയർ
friendship

പഴയ യുദ്ധരംഗം. തലയ്ക്കു മീതേ വെടിയുണ്ട തുടരെ തീപാറിപ്പറക്കുന്നു. സ‌ുരക്ഷ നൽകുന്ന കിടങ്ങിൽ ലഫ്റ്റനന്റിനോടൊപ്പം പതുങ്ങിയിരുന്ന സൈനികനു താങ്ങാനാവുന്നതിനപ്പുറമുള്ള ഹൃദയഭേദകമായ കാഴ്ച. ആജീവനാന്തസുഹൃത്തായ സഹസൈനികൻ കൺമുന്നിൽ മാരകമായി പരുക്കേറ്റു വീഴുന്നു.  

സൈനികൻ: ‘‘വീണുപോയ സ്നേഹിതനെ ഞാൻ പോയി കൊണ്ടുവരട്ടേ, സർ?’’

ലഫ്റ്റനന്റ് : ‘‘വേണമെങ്കിൽ പൊയ്ക്കൊള്ളു. പക്ഷേ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. തന്റെ കൂട്ടുകാരൻ മരിച്ചുകാണും. തന്റെ ജീവൻകൂടെ അപകടത്തിൽപ്പെടുത്തണോ?’’

ഓഫിസറുടെ അഭിപ്രായം അവഗണിച്ച് അയാൾ പോയി. എങ്ങനെയോ സ്നേഹിതന്റെയടുത്തെത്തി. പരുക്കേറ്റയാളെ  തോളിലേറ്റി കിടങ്ങിലേക്കു മടങ്ങി. തിരികെ വരുംവഴി സഹായിക്കാൻ പോയയാൾക്കും മുറിവേറ്റു. ഇരുവരും കിടങ്ങിലേക്കു മറിഞ്ഞു. അവരെ നോക്കിയശേഷം സാഹസം കാട്ടിയ സൈനികനോട് ഓഫിസർ ചോദിച്ചു.

‘‘അപ്പഴേ ഞാൻ പറഞ്ഞില്ലേ പ്രയോജനമില്ലാത്ത കാര്യമാണു താൻ ചെയ്യാൻ പോകുന്നതെന്ന്? തന്റെ സുഹൃത്ത് മരിച്ചുകഴിഞ്ഞു. ഇപ്പോൾ തനിക്കും വലിയ പരുക്ക്.’’

വേദന കടിച്ചമർത്തിക്കൊണ്ട് സൈനികൻ: ‘‘പ്രയോജനം എന്നു പറഞ്ഞാൽ എന്താണു സർ?’’

‘‘തന്റെ സുഹൃത്ത് മരിച്ചു.’’

‘‘ശരിയാണു സർ. അവൻ പോയി. പക്ഷേ ഞാൻ ചെന്നതുകൊണ്ടു വലിയ പ്രയോജനമുണ്ടായി. ഞാൻ എത്തിയപ്പോൾ അവനു ജീവനുണ്ടായിരുന്നു. ‘നീ വരുമെന്ന് എനിക്കുറപ്പായിരുന്നു’ എന്ന് അവൻ എന്റെ മുഖത്തു നോക്കി പേരെടുത്തു പറഞ്ഞു. എന്റെ മനം നിറഞ്ഞു. അന്തിമയാത്രയ്ക്കു മുൻപ് അവന്റെയും.’’

സംതൃപ്തി രൂപക്കണക്കിൽ വിലയിരുത്താനാവില്ല. വൈകാരികമായ ഏതു സംഗതിയുടെയും കഥയിതു തന്നെ. വാർദ്ധക്യവും രോഗവും കാരണം തനിയെ ഒന്നും ചെയ്യാനാകാതെ, ഒര‌ിക്കലും ആരോഗ്യത്തിലേക്കു മടങ്ങില്ല എന്നുറപ്പായ അമ്മയെ ചികിത്സിച്ചു സംരക്ഷിച്ചിട്ട് എന്തു ഗുണം എന്ന് ഹൃദയമുള്ളവരാരും ചോദിക്കില്ലല്ലോ.

ഇതു മനസ്സിൽവച്ചു നോക്കിയാൽ സാഹസികനായ സൈനികനെ നാം വാഴ്ത്തിപ്പോകും. സ്വജീവൻ പണയം വച്ചും സ്നേഹിതനെ രക്ഷിക്കാൻ ശ്രമിച്ച് നിസ്വാർത്ഥസൗഹൃദം തെളിയിച്ച ത്യാഗധനൻ.  

ജീവിതത്തിനു നിറവും മണവും വേണമെങ്കിൽ നല്ല സുഹൃത്തുക്കൾ വേണം. ഞാൻ വലിയവൻ എന്നു കരുതുകയോ ഏതിലും കുറ്റം കാണുകയോ ചെയ്യുന്നവർക്കു നല്ല സ്നേഹിതരുണ്ടാവില്ല. നമ്മുടെ തെറ്റുകൾ സഹിതം നമ്മെ ‌സ്നേഹിക്കുന്നവരാണ് യഥാർത്ഥസുഹ‍ത്തുക്കൾ. 

പൊട്ടിച്ചിരി പങ്കിട്ടവരെ നാം ഓർത്തെന്നു വരില്ല. പക്ഷേ കണ്ണീരു പങ്കിട്ടവരെ നാം മറക്കില്ല. വെറുതേ കൂട്ടുകൂടി രസിക്കാൻ വരുന്ന പരിചയക്കാരെയും, നല്ല കാലത്തു മാത്രം കൂടെ നിന്നേക്കാവുന്നവരെയും, മുഖംമൂടിയിട്ട സുഹൃദ്നാട്യക്കാരെയും, തനിത്തങ്കമായ സ്നേഹിതരെ‌യും വേർതിരിച്ചറി‌യണം. ശത്രുവിനു ചതിക്കാൻ കഴിയില്ല; സുഹൃത്തിനേ അതു കഴിയൂ.

പുതിയ മാധ്യമങ്ങൾവഴി കണ്ടവരും കാണാത്തവരുമായ എല്ലാവരുമായി ബന്ധം സ്ഥാപിച്ച് സുഹൃദ്സമ്പത്ത് ഏറെയെന്ന് അഹങ്കരിക്കുന്ന തിരക്കിൽ, യഥാർത്ഥസൗഹൃദം കെട്ടിപ്പടുക്കാൻ മറന്നു കൂടാ. സുഹൃത്തായിരിക്കുന്നവനേ സുഹൃത്തുണ്ടാവൂ. മതിലു പണിയുന്നതിനെക്കാൾ ക്ലേശകരമാണ് പാലം പണിയുന്നതെന്നും ഓർക്കാം.