Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധികളിൽ തളരാത്ത മേരി

ബി.എസ്. വാരിയർ
marie-curie

ആദ്യമായി നൊബേൽ സമ്മാനം നേടിയ വനിത, രണ്ടു ശാസ്ത്രവിഷയങ്ങളിൽ നൊബേൽ നേടിയ ഏകവനിത. അനന്യമായ ഈ നേട്ടങ്ങൾ കൈവരിച്ച പ്രതിഭാശാലിയാണ് മാഡം ക്യൂറി. പൊളോണിയം, റേഡിയം എന്നീ രണ്ടു മൂലകങ്ങൾ കണ്ടുപിടിച്ചു. ഇത്രയൊക്കെ നേടിയ അവരുടെ ജീവിതം നിരവധി തടസങ്ങൾ നിറഞ്ഞതായിരുന്നു. 

പോളണ്ടിൽ 1867–ൽ ജനിച്ച്, പിന്നീട് ഫ്രഞ്ചുകാരിയായി മാറി. ബാല്യത്തിൽ ദാരിദ്ര്യത്തിന്റെ കയ്പുനീർ ഏറെ കുടിച്ചു. മേരിയുടെ പത്താം വയസ്സിൽ അമ്മ ക്ഷയരോഗം പിടിപെട്ടു മരിച്ചു. കഴിഞ്ഞുകൂടാൻ വീടുകളിൽ പാർത്തു കുട്ടികളെ പഠിപ്പിക്കുന്ന ജോലി ചെയ്യേണ്ടിവന്നു. കാൽക്കാശിനു വകയില്ലാത്ത പെണ്ണിനെ കെട്ടേണ്ടെന്നു പറഞ്ഞ് യുവാവിന്റെ മാതാപിതാക്കൾ ഒരിക്കൽ മേരിയെ തള്ളിക്കളഞ്ഞു. പട്ടിണികിടന്ന് കൊടുംതണുപ്പു സഹിക്കേണ്ടിവന്നിട്ടുണ്ട‌്. 

ഫിസിക്സ് ഗവേഷണത്തിൽ സഹകരിച്ചു പ്രവർത്തിച്ചിരുന്ന പിയറി ക്യൂറിയുമായി പരിചയപ്പെട്ടു. വിവാഹം ചെയ്തു. 

1903ലെ ഫിസിക്സ് നൊബേൽ സമ്മാനം ഇവരിരുവരും ഹെൻറി ബെക്കറലും ചേർന്നു പങ്കിട്ടു. വനിതയാകയാൽ മേരിയെ ഒഴിവാക്കാൻ ശ്രമങ്ങളുണ്ടായിരുന്നെങ്കിലും അവ വിജയിച്ചില്ല. ഗവേഷണം തടർന്നു. 1906–ൽ ഒരു നാൾ കനത്തമഴയിൽ നിരത്തിൽവച്ച് കുതിരവണ്ടിയിടിച്ചു വീണ് ചക്രങ്ങൾക്കടിയിൽപ്പെട്ട തലപൊട്ടി പിയറി ക്യൂറി മരിച്ചു.

ആകെത്തകർന്ന മേരി ക്രമേണ ആത്മവിശ്വാസം വീണ്ടെടുത്ത് ഗവേഷണം നടത്തി, അഞ്ചു വർഷത്തിനുശേഷം 1911–ൽ രണ്ടാമത്തെ നൊബേൽ. ഇത്തവണ കെമിസ്ട്രിയിലെന്ന വ്യത്യാസം. നല്ല ലബോറട്ടറി സൗകര്യം കിട്ടാതെ ഷെഡ്ഡിൽപ്പോലും പരീക്ഷണങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട്. റേഡിയേഷന്റെ അപായസാധ്യതകൾ നിശ്ചയമില്ലാത്തതിനാൽ അതിന്റെ ഫലമായ രോഗം മൂലം 1934ൽ അന്തരിച്ചു.തട്ടിവീഴ്ത്തുന്ന പാറകളെ ചവിട്ടുപടികളാക്കുന്ന വിസ്മയം പ്രവർത്തിച്ചു തെളിയിച്ച ധീരവനിത.