Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കലും നടക്കില്ലെന്നു ഡോക്ടർ‍; പക്ഷേ അവൾ പറപറന്നു

ബി.എസ്. വാരിയർ
Wilma-Rudolph

റെയിൽവേ പോർട്ടറായ അച്ഛന്റെ 22 കുട്ടികളിൽ 20–ാമത്തേത്. ദരിദ്രകുടുംബത്തിൽ മാസംതികയാതെ പിറന്നവൾ. ബാല്യത്തിൽ ഇരട്ട ന്യൂമോണിയ, സ്കാർലറ്റ് ഫീവർ എന്നിവയ്ക്ക് ഇരയായി. നാലു വയസ്സിൽ പോളിയോ ബാധിച്ച് എട്ടു വയസ്സുവരെ കാൽ ബ്രെയ്സ് വച്ചു ബലപ്പെടുത്തേണ്ടിവന്നു. ‘നീ ഒരിക്കലും നടക്കില്ല’ എന്നു പറഞ്ഞ ‍ഡോക്ടറെക്കാൾ കൂടുതൽ അമേരിക്കയിലെ ഈ കറുത്തവർഗക്കാരി പെൺകുട്ടി വിശ്വസിച്ചത് ‘നീ നടക്കും’ എന്ന് ഉറപ്പിച്ച അമ്മയെ. 

ഒരൊറ്റ ഒളിംപിക്സിൽ മൂന്നു മെഡലുകൾ നേടുന്ന ആദ്യ അമേരിക്കൻ വനിതയായി ഇവൾ മാറിയെന്നു കേട്ടാൽ വിശ്വസിക്കാൻ വിഷമം. ഇതെപ്പറ്റി തളരാത്ത ദൃഢനിശ്ചയം എന്നല്ലാതെ മറ്റെന്താണ‌ു പറയുക? ‘തോൽക്കാനെനിക്കു മനസ്സില്ല’ എന്നതു പറഞ്ഞുപറഞ്ഞ് വായ്ത്തലപോയ പ്രയോഗം. പക്ഷെ വിൽമാ റുഡോൾഫിന്റെ വിജയമന്ത്രം അതു മാത്രം.

1940–ൽ ജനിച്ച വിൽമ, വെല്ലുവിളികളെ അതിജീവിച്ച്, 1960ലെ റോം ഒളിംപിക്സിൽ 100 മീ, 200 മീ, 400 മീ റിലേ എന്നീ ഇനങ്ങളിൽ മെ‍ഡലുകൾ നേടി. 100 മീറ്റർ റിലേ സെമിഫൈനലിൽ ലോകറെക്കോർഡ്, 200 മീറ്ററിൽ ഒളിംപിക്സ് റെക്കോർഡ്. ‘കൊടുങ്കാറ്റ് – ലോകത്തിലെ ഏറ്റവും വേഗംകൂടിയ വനിത’ എന്ന പ്രസിദ്ധി. വിൽമയെപ്പറ്റി മാഗസീൻ ഫീച്ചറുകൾ, പുസ്തകങ്ങൾ, ഡോക്യുമെന്ററി ഫിലിം, പോസ്റ്റേജ് സ്റ്റാംപ്. ഇതെല്ലാം വെറും കളിയല്ല. ലോകത്തിൽ ഏറ്റവും മികച്ച കായികശേഷിയും പരിശീലനനേട്ടവ‌ും ഉള്ളവരെ കടുത്ത മത്സരത്തിൽ പിൻതള്ളുക വൻനേട്ടമാണ്. ശരീരത്തിന്റെയെന്ന പോലെ മനസ്സിന്റെയും അഭ്യാസപാടവം.

പലരും സ്വന്തം ദൗർബല്യങ്ങളെപ്പറ്റി ചിന്തിച്ച് കർമ്മവിമുഖരാകുന്നു. ആഫ്രിക്കൻ–അമേരിക്കർ അന്നാട്ടിൽ കൊടിയ വർഗവിവേചനം ‌അനുഭവിച്ചിരുന്ന കാലത്ത്, രോഗവും ദാരിദ്ര്യവും മൂലം കഷ്ടപ്പെട്ട പെൺകുട്ടി കഠിനപ്രയത്നംവഴി ആഗോളതലത്തിൽ വൻവിജയം വരിച്ച ക‌ഥയാണ് വിൽമാ റുഡോൾഫിന്റേത്.

Career Guru>>