Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കലല്ല, ഏഴു തവണ അവൾ അത്ഭുതം സൃഷ്ടിച്ചു

ബി.എസ്. വാരിയർ
nadia-comaneci

ഏതു രംഗത്താണെങ്കിലും കേവലം പതിനാലു വയസിൽ മികച്ച ലോകറെക്കോർഡ് നേടുക എന്നതു നിസാരമല്ല. പക്ഷേ അങ്ങനെയൊന്ന് 1976 ജൂലൈ 18ന് കാനഡയിലെ മോൺട്രിയലിൽ സംഭവിച്ചു. രംഗം 21–ാമത് സമ്മർ ഒളിംപിക്സിലെ ജിംനാസ്റ്റിക്സ് മത്സരം. ഒരിക്കലും ആർക്കും നേടാൻ കഴിയില്ലെന്നു വിദഗ്ധർ പ്രവചിച്ചിരുന്ന ‘പെർഫെക്റ്റ് ടെൻ’ 1961 നവംബർ 12ന് റൊമേനിയയിൽ ജനിച്ച പെൺകുട്ടി കൈവരിച്ചു. ഒരിക്കലല്ല, ഏഴു പ്രാവശ്യം ആ അഭ്യാസം കാട്ടി അവൾ ഏവരെയും ഞെട്ടിച്ചു. നാദിയ കോമനേച്ച് ഒറ്റ ദിവസംകൊണ്ട് വിശ്വപ്രസിദ്ധി നേടി.

കായികരംഗത്ത് ഇതുപോലൊരു ഐതിഹാസികസംഭവം 1954 മേയ് ആറിന് ഓക്സ്ഫഡിലെ ട്രാക്കിൽ സംഭവിച്ചു. മനുഷ്യശരീരം നാലു മിനിറ്റിൽ കുറഞ്ഞ് ഒരു മൈൽ ഓടിത്തീർക്കുക അസാധ്യമെന്ന് ഡോക്ടർമാരും ശാസ്ത്രജ്ഞരും വിലയിരുത്തിയിരുന്നു. പക്ഷേ റോജർ ബാനിസ്റ്റർ എന്ന 25 വയസ്സുള്ള ഇംഗ്ലിഷുകാരൻ ഇതു സാധിച്ചു. 1952ലെ ഒളിംപിക്സിൽ റോജർ 1500 മീറ്റർ ഓട്ടത്തിൽ സ്വർണപ്പതക്കം നേടുമെന്ന് സ്പോർട്സ് പ്രേമികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹം നാലാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടു. ഇത് റോജർക്ക് വലിയ മാനസികാഘാതമായി. താൻ വൈകാതെ നാലു മിനിറ്റിനകം ഒരു മൈൽ  ഓടിത്തീർത്ത് തന്റെ പേർ അത്‌ലറ്റിക്സ് ചരിത്രത്തിൽ  തങ്കലിപികളിൽ എഴുതിക്കുമെന്ന വാശിയോടെ തന്റേതായ രീതിയിൽ കഠിന പരിശീലനം നടത്തി.

റോജർ സ്വപ്നം സാക്ഷാത്ക്കരിച്ച ഓട്ടമത്സരത്തിന്റെ ഫലപ്രഖ്യാപനവേള രസകരമായിരുന്നു. ഒന്നാം സ്ഥാനം റോജർക്ക്. സമയം മൂന്നു മിനിറ്റ് എന്നു കേട്ടതല്ലാതെ ആഹ്ലാദത്തിമിർപ്പിന്റെ ആരവത്തിൽ ബാക്കി ആർക്കും കേൾക്കാൻ കഴിഞ്ഞില്ല. അന്നത്തെ നേരം മൂന്നു മിനിറ്റ് 59.4 സെക്കൻഡ്. ഇദ്ദേഹം പിന്നീട് പ്രശസ്ത ന്യൂറോളജിസ്റ്റായിത്തീർന്നു.

നമുക്ക് നാദിയയിലേക്കു മടങ്ങാം. പതഞ്ഞുപൊങ്ങുന്ന ഊർജ്ജമുള്ള കുസൃതിക്കാരിയാകയാൽ, നഴ്സറി ക്ലാസ് മുതൽ ജിംനാസ്റ്റിക്സ് പഠിപ്പിച്ചെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. തികഞ്ഞ  ലക്ഷ്യബോധത്തോടെ സ്ഥിരപരിശ്രമം ചെയ്ത് പതിനാലുകാരി കൈവരിച്ച അനന്യവിജയം.

Career Guru>>