Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലായ്മയിൽ നിന്നും സിനിമ കീഴടക്കിയ രവിവർമ്മൻ

സെബിൻ എസ്. കൊട്ടാരം
Author Details
ravi-varman

‘‘എന്റെ അമ്മ ചിരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല, എപ്പോഴും ആ മുഖത്ത് മ്ലാനത തളം കെട്ടി നിന്നിരുന്നു’’. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രശസ്ത ഛായാഗ്രാഹകൻ രവിവർമ്മനാണ് ഒരു അഭിമുഖത്തിൽ തന്റെ അമ്മയേക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. 

‘‘ക്യാമറക്കണ്ണുകളിലൂടെ നോക്കുന്നതിന് മുമ്പ് ഒരോ തവണയും എന്റെ കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ കാണുന്നത് ക്ഷീണിച്ച ഒട്ടേറെ സന്ദേഹങ്ങളാൽ മൂടപ്പെട്ട ആ മുഖമായിരുന്നു. എന്നേക്കുറിച്ചോർത്താണ് അമ്മയുടെ മുഴുവൻ ആകുലതയുമെന്ന് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഒരോ ഫ്രെയിമിലും കൂടുതൽ വെളിച്ചം പകരാൻ ഞാൻ ശ്രമിച്ചു, ഒപ്പം നിറങ്ങളും, സന്തോഷം പകരുന്ന നിറങ്ങൾ.’’ 

രവിക്ക് 12 വയസ്സുളളപ്പോഴാണ് അമ്മ മരിക്കുന്നത്. അന്ന് തമിഴ് നാട്ടിലെ തഞ്ചാവൂരിലായിരുന്നു താമസം. അച്ഛനെ വളരെ ചെറുപ്പത്തിലെ തന്നെ നഷ്ടമായിരുന്നു. അമ്മയുടെ കൂടി വിയോഗത്തോടെ രവിയും സഹോദരങ്ങളും ശരിക്കും അനാഥരായി. 

‘‘ആ രാത്രി എനിക്കൊരിക്കലും മറക്കാനാവുകയില്ല. അന്ന് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. രാത്രിയിലെപ്പോഴോ തണുത്തുവിറച്ച അമ്മ എന്റെ പുതപ്പെടുത്ത് പുതച്ചു. പുതപ്പുമാറ്റിയതും ഞാൻ കരഞ്ഞപ്പോൾ അമ്മ ആ പുതപ്പെന്നെ തന്നെ പുതപ്പിച്ചു. പിറ്റേ ദിവസം രാവിലെ ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ സഹോദരൻ ഒാടി വന്നിട്ടു പറഞ്ഞു ‘അമ്മ മരിച്ചു കിടക്കുന്നുവെന്ന്’. ഉറക്കത്തിൽ അമ്മ മരണത്തിലേക്ക് വീഴുകയായിരുന്നു. അസുഖം കൂടി ദേഹമാസകലം തണുത്തപ്പോഴായിരിക്കണം അമ്മ എന്റെ പുതപ്പെടുത്ത് പുതയ്ക്കാന്‍ നോക്കിയത്. പക്ഷേ.. അതോടെ ഈശ്വരനിലുളള എന്റെ വിശ്വാസം പോലും ഒരു നിമിഷം നഷ്ടപ്പെട്ടു. ‘‘ആ രാത്രി ഞാൻ കരഞ്ഞില്ലായിരുന്നുവെങ്കിൽ അമ്മ ഇന്നും എന്നോടൊപ്പമ‌ുണ്ടായിരുന്നു. ഇന്നും ആ കുറ്റബോധവുമായാണ് ഞാൻ ജീവിക്കുന്നത്.– രവി വർമ്മന്റെ വാക്കുകൾ. ജീവിക്കാനുളള ആശ തന്നെ നഷ്ടപ്പെട്ട രവി ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിച്ചു. റെയിൽവേട്രാക്കിൽ തലവെച്ച് ട്രെയിൻ വരുന്നതും കാത്ത് കിടന്നപ്പോൾ ഒരു പോലീസുകാരൻ അതുവഴിവന്നു. എഴുന്നേൽപ്പിച്ചു കൂടെ കൂട്ടിക്കൊണ്ടുപോയി. അയാൾ രവിക്ക് ബിരിയാണി വാങ്ങിക്കൊടുത്തു. പക്ഷേ പിന്നീടയാളിൽ നിന്നുണ്ടായത് മോശമായ പെരുമാറ്റമായിരുന്നു. തുടർന്ന് തുമ്പില്ലാതിരുന്ന ഒരു മോഷണക്കേസിൽ രവിയെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഒരു മാസത്തോളം ജീവിതം ദുർഗുണ പരിഹാര പാഠശാലയിൽ. നിഷ്കളങ്കരായവർ പോലും കുറ്റവാളികളായി മാറുന്ന അന്തരീക്ഷമാണ് അവിടുത്തേത്. ഒരു മാസത്തിനുശേഷം ഒരു ബന്ധുവാണ് രവിയെ ജാമ്യത്തിലെടുത്തത്. പക്ഷേ അപ്പോഴേക്കും തന്റെ ഗ്രാമത്തിലുളളവരെല്ലാം തന്നെ ഒരു കള്ളനായി മുദ്രകുത്തി കഴിഞ്ഞിരുന്നുവെന്ന് രവി തിരിച്ചറിഞ്ഞു. ‘‘അതോടെ ഞാൻ ഒരു തീരുമാനമെടുത്തു , ഒന്നുകിൽ ഒരു രാജാവിനെപ്പോലെ മെഴ്സിഡസിൽ എന്റെ ഗ്രാമത്തിലേക്ക് തിരിച്ചു ചെല്ലും. അതിനു പറ്റിയില്ലെങ്കിൽ മരണത്തോടെയേ അതുണ്ടാകൂ’’.

ഞാൻ റെയിൽവേ സ്റ്റേഷനിലേക്കോടി രാമേശ്വരം എക്സ്പ്രസില്‍ കയറി. ഒരുമാസം മുൻപ് ഇതേ ട്രെയിനിന്റെ വരവും കാത്താണ് റെയിൽവേട്രാക്കിൽ മരിക്കാൻ കിടന്നത്. 

ഒരു ലുങ്കിയും ടീഷർട്ടും മാത്രം സമ്പാദ്യവുമായി 1987 ലാണ് അന്നത്തെ മദ്രാസിൽ എത്തുന്നത്. ഉറക്കം പലപ്പോഴും തെരുവോരത്തെ കടത്തിണ്ണകളിലായിരുന്നു. സ്ഥിരമായി ഒരിടത്ത് ഉറങ്ങാതെ പല സ്ഥലങ്ങളിൽ മാറി മാറിക്കിടന്നു. സംശയത്തിന്റെ പേരും പറഞ്ഞ് ഇനിയും കള്ളക്കേസുകളില്‍ പിടിയിലാകാതിരിക്കാനായിരുന്നു അത്. അങ്ങനെയിരിക്കെയാണ് അച്ഛന്റെ പഴയ സുഹൃത്തുക്കളിലൊരാൾ രവിയെ കാണുന്നത്. നല്ലൊരു ജീവിതം വാഗ്ദാനം ചെയ്ത അദ്ദേഹം തന്റെ ബാത്ത്റൂം വൃത്തിയാക്കുന്ന ജോലി രവിയെ ഏൽപിച്ചു. ഒരു മാസത്തിനു ശേഷം അമരാവതി ഹോട്ടലിൽ വെയ്റ്ററായി രവിക്ക് ജോലി കിട്ടി. അന്നവിടെ വച്ചു കഴിച്ചിരുന്ന ഉച്ചയൂണാണ് തന്റെ ജീവിതത്തിൽ കഴിച്ചിട്ടുളള ഏറ്റവും സ്വാദേറിയ വിഭവമെന്ന് രവിയുടെ വാക്കുകൾ. 150 രൂപയായിരുന്നു മാസശമ്പളം. ആദ്യം കിട്ടിയ ശമ്പളവുമായി നേരെ പോയത് മൂർമാർക്കറ്റിലേക്കാണ്. പുതിയൊരു സിംഗപ്പൂർ മുണ്ട് വാങ്ങുകയായിരുന്നു ലക്ഷ്യം. പക്ഷേ അവിടെ പ്രദർശിപ്പിച്ചിരുന്ന ക്യാമറകളൊന്നിൽ രവിയുടെ കണ്ണുടക്കി. വില ചോദിച്ചപ്പോൾ 400 രൂപ. പക്ഷേ, ഒടുവിൽ 115 രൂപയ്ക്ക് ആ ക്യാമറ തരാമെന്ന് കടക്കാരൻ സമ്മതിച്ചു. അങ്ങനെ ആദ്യമായി ഒരു സെനിത് 6 ക്യാമറ രവി സ്വന്തമാക്കി. 

സിനിമായിൽ അഭിനയമോഹവുമായി നടന്നിരുന്ന സുഹൃത്തിന്റെ ചിത്രങ്ങൾ രവി ഒഴിവുസമയങ്ങളിൽ പകർത്തിയിരുന്നു. മുൻപൊരിക്കൽ തൊട്ടടുത്ത വീട്ടിൽ ഒരു ചടങ്ങ് നടന്നപ്പോൾ അമ്മയും അവിടെയുണ്ടായിരുന്നു. പിന്നീട് ഫോട്ടോകൾ കാണാൻ അവസരമുണ്ടായപ്പോൾ അമ്മയുടെ മുഖമാണ് തിരഞ്ഞത് പക്ഷേ അവ്യക്തമായ മുഖമാണ് കാണാൻ സാധിച്ചത്. നല്ലയൊരു ഫോട്ടോഗ്രാഫറായിരുന്നു ആ ചിത്രമെടുത്തിരുന്നതെങ്കിൽ അമ്മയുടെ ഒരു ഫോട്ടോ ഇന്നും ഒരു നിധിയായി തനിക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് രവി. 

ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തന്നെ രവി തീരുമാനിച്ചു. അങ്ങനെയാണ് അതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വാങ്ങി വായിച്ചു. ഇംഗ്ലീഷ് മനസ്സിലാക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കാൻ ഭാഷാസഹായിയും വാങ്ങി ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു. അലങ്കാർ തിയറ്ററിലെ ഒരു സിനിമ പോലും വിടാതെ കാണുമായിരുന്നു.ഇംഗ്ലീഷ് ചിത്രങ്ങളിലെയും മറ്റും ഭാഷയൊന്നും മനസ്സിലായില്ലെങ്കിലും ദൃശ്യങ്ങൾ രവിയുടെ മനസ്സിൽ പതിഞ്ഞിരുന്നു.

അതോടെ സിനിമയോട് വല്ലാത്ത അഭിനിവേശമായി അങ്ങനെ സുഹൃത്തിനൊപ്പം അവസരം തേടി സിനിമാസെറ്റുകളിൽ അലഞ്ഞു. ഇടയ്ക്കിടെ ചെറിയ  അവസരങ്ങൾ ലഭിച്ചു. അങ്ങനെയിരിക്കെയാണ് ഗുരുവായ ഫോട്ടോഗ്രാഫർ കെ.വി മണി ക്യാമറാമാൻ വി രംഗയ്ക്ക് രവിയെ പരിചയപ്പെടുത്തുന്നത്. രജനീകാന്ത് നായകനായ മാപ്പിളൈ (1989) എന്ന ചിത്രം അദ്ദേഹം ചെയ്യുന്ന സമയമാണ്. തുടർന്ന് ആറു വർഷത്തോളം രംഗയുടെ സഹായിയായി പ്രവര്‍ത്തിച്ചു. തുടർന്ന് രവി, കെ ചന്ദ്രൻ ഉൾപ്പെടെയുളളവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചശേഷം 1999ൽ‌ മലയാളത്തിൽ ജലമർമ്മരം എന്ന ചിത്രത്തിന്റെ സ്വതന്ത്ര ഛായാഗ്രാഹകനായി. ജയരാജ് സംവിധാനം ചെയ്ത ശാന്തത്തിന്റെ (2001) ക്യാമറാമാനും രവി വർ‌മ്മൻ ആയിരുന്നു. പതിയെ പതിയെ തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെ മുൻനിര ക്യാമറാമാൻമാരിലൊരാളായി മാറാൻ രവിവർമ്മന് അധികകാലം വേണ്ടി വന്നില്ല. മണിരത്നം സംവിധാനം ചെയ്ത കാട്രുവെളിയിടൈ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ബീറ്റ്സ് ഉൾപ്പെടെ ഒട്ടേറെ സമീപകാലചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് ഒരിക്കൽ ഇരുട്ടിലായ ജീവിതത്തിൽ നിന്നും വെളിച്ചത്തിലേക്ക് വന്ന രവിവർമ്മനാണ്. 

ഇതിനിടെ ‘മോസ്കോവിൽ കാവേരി’ എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടു. അതിനേക്കുറിച്ചും രവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരോരുത്തരും പരീക്ഷണങ്ങളിലൂടെയും തെറ്റുകളിലൂടെയുമാണ് പാഠം പഠിക്കുന്നു. സംവിധാനമേഖലയിലും ഒരുദിവസം ശക്തമായി തിരിച്ചുവരുമെന്ന് രവി സൂചിപ്പിക്കുന്നു. പരാജയങ്ങളിൽ തളരില്ലെന്ന സൂചന ആ വാക്കുകളിലുണ്ട്. ഇപ്പോഴും മൊബൈലിൽ മറുപടി മെസേജ് അയക്കാൻ മകളുടെ സഹായം തേടുകയാണ് പതിവ്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും രവി ഫോക്കസ് ചെയ്യുന്നത് തന്റെ കുറവുകളിലേക്കല്ല കഴിവുകളിലേക്കാണ്. ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. ജീവിതം തന്നെ മടുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമം. ചെയ്യാത്ത കുറ്റത്തിന് മോഷ്ടാവെന്ന് മുദ്രകുത്തി ദുർഗുണപരിഹാരപാഠശാലയിൽ. ഒരു മോഷ്ടാവ് എന്ന വിളിപ്പേരുമായി തന്റെ നാട്ടിലേക്കിനി തിരിച്ചു ചെല്ലുകയാണെങ്കിൽ അതൊരു രാജാവിനേപ്പോലെ ആയിരിക്കുമെന്നുറച്ച് രാമേശ്വരം എക്സ്പ്രസിൽ മദ്രാസിലേക്കുളള യാത്ര. ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ സ്വപ്നങ്ങൾ ഒാരോന്നായി കീഴടങ്ങി. ഒടുവിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിൽ വരെയെത്തി നിൽക്കുന്നു രവിയുടെ യാത്ര. ജീവിതത്തിൽ പ്രതിസന്ധികളും അവഹേളനങ്ങളും വേദനകളും വിയോഗങ്ങളുമുണ്ടാകുമ്പോൾ തളരുകയല്ല മറിച്ച് സ്വപ്നങ്ങളെ ലക്ഷ്യമാക്കി ചുവടുവയ്ക്കുകയാണ് വേണ്ടതെന്ന് രവിയുടെ ജീവിതം കാണിച്ചുതരുന്നു.

നമ്മുടെ ജീവിതത്തിലും നിരാശ പത്തിവിടർത്തിയാടിയ നിമിഷങ്ങളുണ്ടാകുമ്പോൾ, നിഷ്ക്രിയരാവുകയോ, ഒളിച്ചോടുകയോ ജീവനൊടുക്കുകയോ ചെയ്താൽ ഒന്നു ശ്രമിച്ചാൽ കൈയെത്തിപ്പിടിക്കാമായിരുന്ന സ്വപ്നങ്ങൾക്ക് നമ്മൾ തന്നെ ഫുൾസ്റ്റോപ്പിടുകയാണ്. അതിനാൽ പ്രതിസന്ധികളിൽ തളരാതെ അവ ഈശ്വരനു മുന്നിൽ സമർപ്പിച്ചുകൊണ്ട് പതിയെ മുന്നോട്ടു നീങ്ങാൻ ശ്രമിക്കാം. സാവധാനം ഉയരങ്ങൾ നമ്മുടെ മുന്നിൽ കീഴടങ്ങും.

Read More: Success Stories