Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയിൽ ചവിട്ടി വിജയത്തിലേക്ക്

സെബിൻ എസ്. കൊട്ടാരം
Author Details
Ram Nath Kovind

തീരത്തു കിടക്കുന്ന കപ്പൽ സുരക്ഷിതമാണ്. എന്നാൽ അതിശക്തമായ പ്രകൃതിക്ഷോഭങ്ങളെയും കൊടുങ്കാറ്റിനെപ്പോലും നേരിട്ടുകൊണ്ട് കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് അതിന് ഭൂഖണ്ഡങ്ങൾ താണ്ടി തന്റെ യശസ്സ് ഉയർത്താൻ സാധിക്കുന്നത്.

ജീവിതത്തിലും പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് പ്രവർത്തിച്ചവരാണ് ഉന്നത നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവര്‍. പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റാം നാഥ് കോവിന്ദ് നടത്തിയ ആദ്യ പ്രതികരണവും ആ വിജയത്തിന്റെ വഴികൾ ഓർമ്മപ്പെടുത്തുന്നതായിരുന്നു.

‘‘ഇന്നു ഡൽഹിയിൽ പെയ്ത പെരുമഴ എന്റെ ബാല്യത്തെ ഓർമ്മിപ്പിക്കുന്നു. ചോരുന്ന വൈക്കോൽ കൂരയിൽ, മഴ ചുമരിനോട് ചേർന്ന് സഹോദരങ്ങൾക്കൊപ്പം മഴ തീരാൻ കാത്തു നിന്ന ദിനങ്ങള്‍. മഴയിൽ നനഞ്ഞു കുതിർന്നു കൃഷിപ്പണിയും കൂലിപ്പണിയും ചെയ്യുന്ന ഏറെ റാം നാഥ് കോവിന്ദുമാർ ഇക്കാലത്തു രാജ്യത്തുണ്ടാകും. അത്താഴത്തിനായി രാപ്പകൽ വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവർ. പരൗംഖ് ഗ്രാമത്തിലെ റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലേക്ക് പോകുന്നത് അവരുടെയെല്ലാം പ്രതിനിധിയായാണ് !

ഉത്തർപ്രദേശിലെ കാൻപൂരിലുള്ള ഒരു കുഗ്രാമത്തിലെ ദലിത് കുടുംബത്തിൽ ജനിച്ച റാം നാഥിനു മുന്നിൽ ബാല്യം മുതൽ പ്രതിസന്ധികൾ രൂപപ്പെട്ടത് പല രൂപത്തിലായിരുന്നു.

1945 ഒക്ടോബർ ഒന്നിനായിരുന്നു ജനനം. നെയ്ത്തുകാരനും  വൈദ്യനുമൊക്കെയായ മൈക്കുലാലിന്റെയും ഫുൽമതിയുടെയും ഒൻപതു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു കോവിന്ദ്. പക്ഷേ അമ്മയുടെ സ്നേഹവും ലാളനയും അധികനാൾ അനുഭവിക്കാൻ വിധി  കോവിന്ദിനെ അനുവദിച്ചില്ല.

റാം നാഥിന് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. അടുപ്പിൽ നിന്ന് വീടിനു തീപിടിച്ചാണ് അമ്മ മരിക്കുന്നത്.

പിന്നീട് അമ്മയുടെ സ്നേഹം പകർന്ന് റാം നാഥിനെ വളർത്തിയത് മൂത്ത ചേച്ചി പാർവതി ദേവിയാണ്. റാം നാഥിനേക്കാൾ 14 വയസ്സിനു മൂത്തതായിരുന്നു പാർവതി. ജീവിതപങ്കാളി നഷ്ടപ്പെട്ട അവസ്ഥയിൽ ഏറെ കഷ്ടപ്പെട്ടാണ് റാം നാഥിന്റെ പിതാവ് മൈക്കുലാൻ ഒൻപതുമക്കളെയും വളർത്തിയത്. ഒരു ചെറിയ കട നടത്തി കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ വലിയ കുടുംബം ജീവിച്ചിരുന്നത്.

സാഹചര്യങ്ങള്‍ക്കും പാരമ്പര്യത്തിനുമപ്പുറം വളരാൻ റാം നാഥ് എന്നും ആഗ്രഹിച്ചിരുന്നു. ദലിത് സമൂഹം ഏറെ അവഗണനകൾ നേരിട്ടിരുന്ന അക്കാലത്ത് ഉയരാനുള്ള ഏക മാർഗം വിദ്യാഭ്യാസം നേടലാണെന്ന് റാം നാഥ് തിരിച്ചറിഞ്ഞു.

‘കോവിന്ദ്’ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം തന്നെ ‘നെയ്ത്തുകാരൻ’ എന്നാണ്. എന്നാൽ ഒരു നെയ്ത്തുകാരനായി കുലത്തൊഴിൽ ചെയ്ത് ഒതുങ്ങി ജീവിക്കാൻ റാം നാഥ് ആഗ്രഹിച്ചില്ല. പകരം പരിമിതമായ സൗകര്യങ്ങളിൽ സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ഉന്നത പഠനത്തിനായി കാൻപൂരിലെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. ബി. കോമും നിയമബിരുദവും നേടിയ ശേഷം സിവില്‍ സർവീസ് പരീക്ഷ പാസായി. ഐഎഎസ് നേടി ജന സേവനം ചെയ്യുകയെന്നതായിരുന്നു റാം നാഥിന്റെ മോഹം. പക്ഷേ ഐഎഎസ്സിനു പകരം താരതമ്യേന പ്രാധാന്യം കുറഞ്ഞ മറ്റു സർവീസാണ് റാം നാഥിന് ലഭിച്ചത്. അതോടെ സിവിൽ സർവീസ് എന്ന മോഹം ഉപേക്ഷിച്ച് അഭിഭാഷക വൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിൽ വരെ അഭിഭാഷകനായി പ്രഗൽഭ്യം തെളിയിച്ചു.

1977–ൽ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പഴ്സനൽ അസിസ്റ്റന്റായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫിൽ അംഗമായി. പൊതു പ്രവർത്തന രംഗത്തേക്കുള്ള തുടക്കം അതായിരുന്നു. രണ്ടു വട്ടം രാജ്യസഭാ എംപി യായി സേവന മനുഷ്ഠിച്ച ശേഷം ബിഹാർ ഗവർണറായി പ്രവർത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഈശ്വരൻ റാം നാഥിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിയത്. അതുവരെ ആരും പറഞ്ഞു കേൾക്കാതിരുന്ന പേര് അങ്ങനെ പ്രഥമ പൗരന്റെ നാമമായി മാറി.

ബന്ധങ്ങൾ മറക്കാത്ത വ്യക്തിത്വം
അമ്മയുടെ മരണത്തോടെ അഞ്ചു വയസു മുതൽ റാം നാഥിനെ വളർത്തിയത് മൂത്ത ചേച്ചി പാർവതി ദേവിയായിരുന്നു. വിവാഹ ശേഷവും അവർ റാം നാഥിന്റെ കാര്യങ്ങൾ നോക്കിയിരുന്നു. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ പാർവതീ ദേവിയുടെ ഭർതൃ വീട്ടിൽ നിന്നാണ് റാം നാഥ് പഠിച്ചത്. പിന്നീട് ഉയർച്ചയുടെ പടവുകൾ താങ്ങുമ്പോഴും കാൻപൂരിലെ വീട്ടിൽ ഇടയ്ക്കിടെയെത്തി, അമ്മയുടെ സ്നേഹം നൽകിയ ചേച്ചിയുടെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു റാം നാഥ്. അസുഖ ബാധിതയായി 2015 ൽ പാർവതി ദേവി മരിക്കുന്നതു വരെ ആ ബന്ധം മുറിയാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു.

കാര്യസാധ്യത്തിനു വേണ്ടി മാത്രം ബന്ധങ്ങളെപ്പോലും നോക്കിക്കാണുന്ന ആളുകളുടെ എണ്ണം കൂടുന്ന ഇക്കാലത്ത് റാം നാഥ് നേടിയ വിജയം മൂല്യങ്ങളും ബന്ധങ്ങളും മറക്കാത്ത ഒരു ഹൃദയത്തിന്റെ കൂടി വിജയമാണ്.

തിരക്കുകൾ തടസ്സമല്ല
ജോലികളുടെയും ബിസിനസിന്റെയുമൊക്കെ തിരക്കിൽ ബന്ധുമിത്രാദികളെ കാണാനോ ഒന്നു വിളിക്കാൻ പോലും സമയമില്ലാതെ തിരക്ക് പിടിച്ചോടുന്നവരുടെ ലോകത്തും റാം നാഥ് തന്റെ പഴയ സുഹൃത്തുക്കളെ വിളിക്കാനും സമയം കണ്ടെത്തുന്നു. ബീഹാർ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ പഴയ ഗ്രാമം സന്ദർശിച്ച റാം നാഥ് സഹപാഠികളെ കാണാനും അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും ഏറെ താൽപര്യം കാട്ടി. പണ്ട് അവിടെയുണ്ടായിരുന്ന സ്കൂളിന്റെ മുറ്റത്തെ മരച്ചുവട്ടിൽ ഒരുമിച്ചിരുന്ന് പഠിച്ച കൂട്ടുകാരെ, ഉയരങ്ങളിൽ സഞ്ചരിച്ചപ്പോഴും റാം നാഥ് മറന്നില്ല.

‘‘വിഹായസ്സം കാൽക്കീഴിലമരുമ്പോഴും ശിരസ്സ് വസുധയ്ക്ക് കീഴിലായിരിക്കണം’’ എന്നൊരു ചൊല്ലുണ്ട്. ഉയരുന്തോറും എളിമയും വിനയവും കൈവിടരുത് എന്ന സന്ദേശമാണ് ഈ വാക്കുകൾ നൽകുന്നത്. ഉയർച്ചകളിൽ നമുക്കും മറക്കാതിരിക്കാം വന്ന വഴികൾ, ആ വഴികളിൽ ഒരു താങ്ങ് സഹായം നൽകിയവരെ... അവിടെ ഈശ്വരൻ കൂടുതൽ ഉയരങ്ങളിലേക്ക് നമ്മെ കൈപിടിച്ചുയർത്തും. അതിനു കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. വിജയാശംസകൾ.