Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴികാട്ടിയ വാനരന്മാർ

Author Details
helping-hand

ഇക്കഴിഞ്ഞ ദിവസം കോതമംഗലം–മൂന്നാർ റൂട്ടിൽ സഞ്ചരിക്കവേ ചീയപ്പാറ വെള്ളച്ചാട്ടത്തനടുത്തെത്തിയും കണ്ടത് റോഡിനു നടുക്ക് കയറി നിന്ന് കരഞ്ഞു ശബ്ദമുണ്ടാക്കുന്ന കുരങ്ങന്‍മാരെ. തുടർച്ചയായി ഹോണടിച്ചിട്ടും കുരങ്ങൻമാർ റോഡിൽ നിന്നു മാറാൻ കൂട്ടാക്കിയില്ല. വീണ്ടും അവ ഉറക്കെക്കരഞ്ഞുകൊണ്ട് അവിടെ തന്നെ നിലയുറപ്പിച്ചു. അതോടെ കാരണമെന്തന്നറിയാൻ വാഹനങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങിയ യാത്രക്കാരെ നോക്കി താഴെ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന കൊക്കയിലേക്ക് വിരൽ ചൂണ്ടി കുരങ്ങന്മാർ.

താഴേക്കു നോക്കിയപ്പോൾ കണ്ടത് ഏതാണ്ട് അൻപതടിയോളം താഴ്ചയിലായി മരത്തിൽ തട്ടി നിൽക്കുന്ന കാർ. കാറിനടുത്തെത്തി പരിശോധിച്ചതും അ‍ഞ്ചുപേർ അതിനുളളിൽ കുടുങ്ങിക്കിടക്കുന്നു. രക്തം വാർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അവരെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ സാധിച്ചത് ആ കുരങ്ങൻമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമായിരുന്നു.

ആരാലും ശ്രദ്ധിക്കപ്പെടാതെ, ആ കൊക്കയിൽ നഷ്ടപ്പെടുമായിരുന്ന വിലപ്പെട്ട ജീവനുകളുടെ നിലവിളി നെഞ്ചിൽ തട്ടിയ കുരങ്ങൻമാർക്ക് നിശ്ചലമായിരിക്കാനോ അതവഗണിച്ച് പോകാനോ കഴിഞ്ഞില്ല. ഈ ഭൂമുഖത്തെ തങ്ങളുടെ സഹജീവികൾക്ക് സംഭവിച്ച അപകടം തങ്ങളുടെയും വേദനയായി പടർന്നപ്പോൾ, തങ്ങളാല്‍ കഴിയുന്ന വിധം രക്ഷകരായി അവർ മാറി.

ആ നല്ല മനസുകളെ നാട്ടുകാർ തന്നെ താമസിയാതെ ആദരിച്ചു. നാൽപതോളം കുരങ്ങന്‍മാർക്ക് പഴങ്ങളും ഇഷ്ടവിഭവങ്ങളും കൊണ്ട് പാതയോരത്ത് സദ്യയൊരുക്കിയാണ് തങ്ങളുടെ സ്നേഹവും ആദരവും നാട്ടുകാര്‍ കുരങ്ങൻമാരോട് പ്രകടിപ്പിച്ചത്. വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്നഭിമാനിക്കുന്ന മനുഷ്യർ, വിദ്യാഭ്യാസമോ പരിഷ്കൃതജീവിതശൈലിയോ ഒന്നും സ്വായത്തമാക്കാത്ത വെറും വനവാസികളായ ഈ കുരങ്ങന്‍മാരുടെ പ്രവൃത്തിയുടെ ഒരംശമെങ്കിലും മാതൃകയാക്കിയിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ റോഡപകടങ്ങളിൽ രക്തം വാർന്ന് നഷ്ടപ്പെട്ട അനേകം ജീവനുകൾ ഇന്നും അവരുടെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിക്കുമായിരുന്നു.

കഴിഞ്ഞ ദിവസം വാട്സ് ആപ്പിൽ ഒരു വിഡിയോ കണ്ടു. ബൈക്കപകടത്തിൽ രക്തം വാർന്ന് റോഡിനു മധ്യത്തിലായി കിടക്കുന്ന യുവാവ്. തൊട്ടടുത്ത് തന്നെ ബൈക്കും മറിഞ്ഞു കിടക്കുന്നു. രക്തം വാർന്ന് റോഡിൽ കിടക്കുന്ന ചെറുപ്പക്കാരുടെ ഇരുവശങ്ങളിലൂടെയും ബൈക്കുകളിലും കാറുകളിലുമായി ട്രാഫിക് ബ്ലോക്കിൽ നിർവികാരരായി സാവധാനം മുന്നോട്ടു നീങ്ങുന്നവർ. ചിലർ ദൃശ്യം മൊബൈൽ ക്യാമറകളിൽ പകർത്തുന്നു.

മറ്റുളളവരുടെ വേദന കണ്ടാസ്വദിക്കാനുളള സാഡിസ്റ്റിക് മൈൻഡാണ് ഇത്തരം ചിത്രീകരണങ്ങൾക്കു പിന്നിൽ. അതാണ്, മദം പൊട്ടിയ ആന പാപ്പാനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിച്ചുകൊല്ലുന്ന ദാരുണദൃശ്യവും മറ്റും സിഡിയാക്കി ട്രെയിനുകളിൽ വിൽക്കപ്പെടുമ്പോൾ അതുവാങ്ങി ഇടയ്ക്കിടെ കണ്ടാസ്വദിക്കുന്ന മലയാളി മനസും സൂചിപ്പിക്കുന്നത്. 

തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ മാനസികരോഗി ഒരാളെ മുക്കിക്കൊല്ലുന്നതിന്റെ ദൃശ്യവും മൊബൈൽ ക്യാമറകളിൽ പകർത്തി രസിച്ചവരും, ആ ദൃശ്യം വീണ്ടും കണ്ടാസ്വദിച്ചവരും, മറ്റുളളവരുടെ വേദനയിൽ, തകർച്ചയിൽ, സന്തോഷിക്കുന്ന ഒരു വിഭാഗം മലയാളികളുടെ മനസ്സാണ് കാണിക്കുന്നത്. ജീവിതത്തിൽ പ്രശക്തി, സമ്പത്ത്, അംഗീകാരം, പദവി എന്നിവ നേടിയവരുടെ തകർച്ചയിൽ അമിതമായി ആഹ്ലാദിക്കുന്ന മനസും ഇത്തരം സാഡിസ്റ്റിക് ചിന്താഗതിയുടെ ഉല്‍പന്നമാണ്.

ജീവിതത്തിൽ പ്രശസ്തി, സമ്പത്ത്, അംഗീകാരം, പദവി എന്നിവ നേടിയവരുടെ തകർച്ചയിൽ അമിതമായി ആഹ്ലാദിക്കുന്ന മനസും ഇത്തരം സാഡിസ്റ്റിക് ചിന്താഗതിയുടെ ഉൽപന്നമാണ്. മറ്റുളളവരുടെ തകർച്ച അവർ ചെയ്ത തെറ്റുമൂലമായും അല്ലാതെയും സംഭവിക്കാം. രണ്ടു സാഹചര്യത്തിലും അപരന്റെ തകർച്ചയിൽ ഒരുപോലെ സന്തോഷിക്കുന്നതിനു കാരണം സ്വന്തം ജീവിതത്തിലുളള അസംതൃപ്തിയാണ്.

വിവിധ മേഖലകളിൽ ആഗ്രഹിച്ച ഉയർച്ച കൈവരിക്കാൻ കഴിഞ്ഞില്ലെന്ന ചിന്തയും ഉളളിൽ അസംതൃപ്തി പുകയാൻ കാരണമാണ്. ഇത്തരക്കാർക്ക് ഒരിക്കലും അപരന്റെ ഉയർച്ചയില്‍, നേട്ടങ്ങളിൽ സന്തോഷിക്കാൻ കഴിയില്ല. മറ്റുളളവർക്ക് നേട്ടങ്ങളുണ്ടാകുമ്പോൾ ഇത്തരക്കാർ തങ്ങളെത്തന്നെ നേട്ടങ്ങൾ കൈവരിച്ചവരുമായി താരതമ്യപ്പെടുത്തുന്നു. മറ്റുളളവർക്ക് ശമ്പളം കൂടുമ്പോൾ, അവർക്ക് പ്രമോഷൻ ലഭിക്കുമ്പോൾ, മെച്ചപ്പെട്ട ജോലി ലഭിക്കുമ്പോൾ, ബിസിനസിൽ വിജയം കൈവരിക്കുമ്പോൾ, കുട്ടികൾ ഉണ്ടാകുമ്പോള്‍, പുതിയ വീട്, കാർ എന്നിവ വാങ്ങുമ്പോൾ, അംഗീകാരങ്ങൾ ലഭിക്കുമ്പോൾ, പ്രശസ്തി നേടുമ്പോൾ, പ്രശംസ ലഭിക്കുമ്പോൾ ഒക്കെ നിങ്ങളുടെ മനസ് അസ്വസ്ഥമാകുകയും എനിക്കിത് ലഭിച്ചില്ലല്ലോ എന്ന താരതമ്യ ചിന്ത ഉയരുകയും ചെയ്താൽ, ഒാർക്കുക, തെറ്റായ മനോഭാവമാണ് നിങ്ങൾ പുലർത്തുന്നത്.

അതിനുപകരം മനസിനെ പോസിറ്റീവാക്കി പരിവർത്തനം ചെയ്യുക. മറ്റുളളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്ന മനസ് രൂപപ്പെടുത്തുക. അതിനു വേണ്ടത് ഈശ്വരനിലും സ്വന്തം കഴിവിലുമുളള വിശ്വാസമാണ്. നമ്മുടെ ആഗ്രഹങ്ങളെ ഈശ്വരനു മുമ്പിൽ സമർപ്പിച്ചുകൊണ്ട്, നിഷേധവികാരങ്ങളില്ലാത്ത മനസുമായി പ്രവർത്തിക്കുക. അവിടെ നിങ്ങളുടെ ജീവിതത്തിലും ആഗ്രഹങ്ങൾ സഫലമാകും. ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകും. സ്വാർത്ഥത, അഹങ്കാരം, അസൂയ, അലസത, വെറുപ്പ്, വൈരാഗ്യം, അകാരണമായ ദേഷ്യം എന്നിവ നീക്കുക. സഹജീവികളെ സ്നേഹിക്കുക.സാധിക്കുന്ന തരത്തിൽ മറ്റുളളവർക്ക് സഹായം ചെയ്യുക.

ഏതാനും നാളുകൾക്ക് മുമ്പാണ്, ചങ്ങനാശേരിക്കടുത്ത് വെച്ച് റോഡ് മുറിച്ചു കടന്ന കൗമാരക്കാരനെ അതിവേഗത്തിൽ പാഞ്ഞുവന്ന ബൈക്കിടിച്ചു തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ സമീപത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാഷ്വാലിറ്റിയിലേക്കെത്തിച്ച സ്ട്രച്ചറിലേക്ക് നോക്കിയതും അവിടെയുണ്ടായിരുന്ന നഴ്സുമാരിലൊരാൾ ബോധരഹിതയായി കുഴഞ്ഞുവീണു. അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ രക്തം വാർന്ന നിലയിൽ കൊണ്ടുവന്നത് അവരുടെ തന്നെ സ്വന്തം മകനെയായിരുന്നു.

അതിനാൽ ഒാർക്കുക, നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ ഏതുസമയത്തും എന്തും സംഭവിക്കാം. എനിക്കിപ്പോൾ ആരോഗ്യമുണ്ട്, സമ്പത്തുണ്ട്, സ്വാധീനശക്തിയും പദവിയുണ്ട്, എനിക്കൊന്നും സംഭവിക്കില്ല എന്ന് ചിന്തിക്കുന്നത് വിഢ്ഡിത്തമാണെന്നോർക്കുക. 

ഒരുനിമിഷം മതി നമ്മുടെ ജീവൻ തന്നെ നഷ്ടമാകാൻ. കഴിഞ്ഞ ദിവസം വീടിന്റെ രണ്ടാം നിലയിലെ ഒാഫീസിൽ നിന്നും എന്തോ ആവശ്യത്തിന് ധൃതിയിൽ സ്റ്റെയർകെയ്സ് ഇറങ്ങിയതാരുന്നു ഞാൻ. ടൈൽ പതിപ്പിച്ച സ്റ്റെപ്പുകൾ വെള്ളം ഒഴിച്ച് കഴുകിയിട്ടിരിക്കുകയായിരുന്നു. ഇതറിയാതെ ചെരിപ്പിട്ട് വേഗത്തിൽ താഴേക്കിറങ്ങാൻ ശ്രമിച്ചതും സ്റ്റെപ്പിന്റെ മുകളിൽ നിന്ന് തെന്നി പിന്നിലേക്ക് വീണു. പെട്ടെന്ന് ദൈവാനുഗ്രഹത്താൽ സ്റ്റെയർ കേയ്സിന്റെ കൈപിടിയിൽ പിടുത്തം കിട്ടിയതാനാൽ തലയോ, നടുവോ തറയിലിടിക്കാതെ രക്ഷപെട്ടു. ആ പിടുത്തം കിട്ടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ തലയിടിച്ച് മരണം വരെ സംഭവിക്കുമായിരുന്നു. നടുവിടിച്ച് ശരീരം തന്നെ തളർന്നു പോകുമായിരുന്നു.

അവിടെ ദൈവത്തിന്റെ കരങ്ങൾ എന്നെ താങ്ങിയപ്പോൾ ചെറിയൊരു വേദനയല്ലാതെ കാര്യമായി ഒന്നും സംഭവിച്ചില്ല. അതിനാൽ ജീവിതത്തിൽ അഹങ്കാരവും വിഭാഗീയ ചിന്തകളും സ്വാർത്ഥതയും വച്ചു പുലർത്താതെ, ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് സഹജീവികളെ സ്നേഹിക്കുക. വാണിജ്യ ചിന്താഗതികളില്ലാതെ അവർക്കായി കഴിയുന്ന സഹായം ചെയ്യുക. നിങ്ങളുടെ ജീവിതത്തിലും ദൈവാനുഗ്രഹങ്ങൾ ധാരാളമുണ്ടാകും.