Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാം

സെബിൻ എസ്. കൊട്ടാരം
Author Details
obstacles

നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസ്സമായി നിൽക്കുന്ന പല ഘടകങ്ങളുണ്ട്. അവതിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിച്ചാൽ വലിയ ലക്ഷ്യങ്ങളും നിങ്ങൾക്കു മുന്നിൽ കീഴടങ്ങും.

∙ പിന്തിരിപ്പിക്കുന്നവ ഏതൊക്കെ
നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് ആലോചിച്ച് കണ്ടെത്തുക. സമയം, പണം, എന്നൊക്കെ പലരും പറയുമെങ്കിലും അൽപം കൂടി ആഴത്തിൽ ചിന്തിച്ചാൽ അവ എങ്ങനെ മുൻഗണനാ ക്രമത്തിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ലക്ഷ്യപ്രാപ്തി. ശരിയായ രീതിയിൽ പണവും സമയവും വിനിയോഗിക്കാൻ കഴിയുമ്പോഴാണ് നാം വിജയത്തിലേക്ക് നീങ്ങുന്നത്.

∙ എത്ര നാളായി ഇതേ തടസ്സമുണ്ട്
നിങ്ങളെ ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ചിന്തകളാവാം, ശീലങ്ങളാവാം, പെരുമാറ്റങ്ങളാവാം ഇവ എത്ര നാളായി നിങ്ങളോടൊപ്പമുണ്ട്. ഇവയ്ക്കുത്തരം കിട്ടിയാൽ പരിഹാരവും നിങ്ങൾക്ക് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കും.

ഉദാ : വിഷാദ ഭാവത്തിൽ കൂടുതൽ സമയവും നിങ്ങൾ ആയിരിക്കാൻ കാരണം ഒരുപക്ഷേ പുതിയ വീട്ടിലേക്ക് മാറിയതാകാം, പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ, ജോലിസ്ഥലത്തേക്കോ മാറുമ്പോൾ നഷ്ടമാവുന്ന സുഹൃദ് ബന്ധങ്ങളാവാം നിങ്ങളെ ഏകാന്തതയിലേക്ക് തള്ളി വിടുന്നത്. ഇവിടെ നിങ്ങൾ ചെയ്യേണ്ടത് പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടുക. അതിനനുസരിച്ച് നിങ്ങളുടെ ജീവിതത്തിന്റെ പ്ലാൻ മാറ്റി വരയ്ക്കുക എന്നതാണ്. ഒപ്പം പുതിയ ബന്ധങ്ങൾ ‍സ്ഥാപിക്കുക. സുഹൃദ്ബന്ധങ്ങളും ബന്ധുജനസമ്പർക്കവും നിലനിർത്തുക. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.

∙ ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥ
എന്തു ചെയ്യണമെന്നറിയില്ല. എവിടെ തുടങ്ങണമെന്നറിയില്ല. ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഇത്തരം അവസ്ഥകളിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം പകരാത്ത ക്രിയാത്മകമായ ലക്ഷ്യങ്ങൾ കണ്ട് അവയ്ക്കായി പ്രവർത്തിക്കുക.

∙ പയ്യെത്തിന്നാൽ പനയും തിന്നാം
ലക്ഷ്യത്തിന്റെ വലുപ്പം കണ്ട് പേടിച്ച് നിഷ്ക്രിയരാവുന്നവരുണ്ട്. എൻജിനീയറിങ് കോഴ്സ് കഴിഞ്ഞ ശേഷവും പത്തുമുപ്പത് പേപ്പറുകൾ പാസാകാനുണ്ട്. അവ എങ്ങനെ പാസാകുമെന്നോർത്ത് ഉത്കണ്ഠയും ടെൻഷനുമായി ഭാവിയെക്കുറിച്ചുള്ള പേടിയുമായി കഴിയുന്നവരാണ്. ഇവിടെ ചെറിയ തടക്കല്ലിടുക, ടൈംടേബിൾ സെറ്റ് ചെയ്ത് ഓരോ പേപ്പറായി പഠിക്കുക. പതിയെ വിജയം സ്വന്തമാക്കാം.

∙ നിങ്ങളുടെ നിയന്ത്രണത്തിലാക്കാൻ കഴിയുന്നവയെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ നിയന്ത്രണത്തിലാക്കാൻ കഴിയുന്നവയും നിയന്ത്രണത്തിനു പുറത്തുള്ളവയുമാണ്. നിയന്ത്രണത്തിലാക്കാൻ കഴിയുന്നവയേ എങ്ങനെ പോസിറ്റാവായി നയിക്കാമെന്ന് ചിന്തിക്കുക.

ഉദാ: നിങ്ങളുടെ മനോഭാവം, ചിന്തകൾ, തീരുമാനങ്ങൾ, പ്രതികരണങ്ങൾ, ജീവിതശൈലി, ഉറക്കം, ഭക്ഷണരീതി എന്നിവയൊക്കെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.

∙ മറ്റുള്ളവരുമായുള്ള പ്രശ്നങ്ങളെ വിലയിരുത്തുക.
വൈകാരിക പ്രശ്നങ്ങൾ നമ്മുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ തടസ്സമാവാറുണ്ട്. അതിനാൽ മറ്റുള്ളവരുമായുള്ള പ്രശ്നങ്ങളിൽ അവരുടെ ഭാഗത്തു നിന്നുകൊണ്ടു കൂടി ചിന്തിക്കാൻ ശ്രമിക്കുക. ചിലരുടെ മോശമായ പെരുമാറ്റത്തിനു കാരണം തെറ്റിദ്ധാരണയാകാം. അവരുടെ ഉള്ളിലെ അപകർഷതാബോധമാകാം, അസൂയയാകാം, അവ മനസിലാക്കി തുറന്നു സംസാരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വാക്കുകൾ അവർ മുഖവിലക്കെടുത്തില്ലെങ്കിൽ അങ്ങനെയുള്ളവരെ ഉപദേശിക്കാൻ ശ്രമിക്കാതിരിക്കുക.

∙ തടസ്സങ്ങളെ അതിജീവിക്കാൻ
ലക്ഷ്യങ്ങളെ പല  ചെറുഘടകങ്ങളായി വിഭജിക്കുക. ഒറ്റച്ചുവടു കൊണ്ട് ആരും എവറസ്റ്റ് കീഴടക്കിയിട്ടില്ല. പല ചുവടുവയ്പുകളിലൂടെയാണ് നാം ലക്ഷ്യം നേടുന്നത്. എത്ര വലിയ ലക്ഷ്യമാണെങ്കിലും അതിലേക്ക് നയിക്കുന്ന കാര്യങ്ങൾ ഓരോന്നായി ചെയ്യുക.

ഉദാ : ഒരു ഐഎഎസ് ഓഫീസറാവുകയാണ് ലക്ഷ്യമെങ്കിൽ അതിന് വേണ്ട തയ്യാറെടുപ്പുകളോരൊന്നായി സമയബന്ധിതമായി ചെയ്യുക. ഓപ്ഷണൽ വിഷയം തിരഞ്ഞെടുക്കൽ, പരന്ന വായന, ടൈം മാനേജ്മെന്റ് എന്നിവയെല്ലാം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടവയാണ്.

∙ തുറന്ന അനേകം വാതിലുകൾ
ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ ഏറ്റവും അനുയോജ്യമായ വഴി തിരഞ്ഞെടുക്കുക, ചിലപ്പോൾ ചില വഴികൾ അടഞ്ഞാലും മറ്റനേകം വഴികൾ നിങ്ങൾക്കായി തുറന്നു കിടപ്പുണ്ടെന്ന് മനസിലാക്കി അവ അന്വേഷിക്കുക. അനുഭവസ്ഥരുമായി സംസാരിക്കുക. ഒരു ജോലിക്കോ, കോഴ്സിനോ പുതിയ ബിസിനസിനോ വേണ്ടി ആലോചിക്കുമ്പോൾ ആ വഴിയില്‍ മുമ്പ് സഞ്ചരിച്ച് വിജയിച്ചവരുടെ മാർഗനിർദേശം ഉചിതമായിരിക്കും.

∙ വ്യക്തമായ രൂപരേഖ തയാറാക്കുക
എങ്ങനെ ലക്ഷ്യം നേടാം, എത്ര സമയമെടുക്കാം ആ യാത്രയിൽ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായേക്കാം. അവയെ എങ്ങനെ അതിജീവിക്കാം. ഏതൊക്കെ സാധ്യതകളുണ്ട്. അവയെ എങ്ങനെ ഇഫക്ടീവായി ഉപയോഗിക്കാം, എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി ആലോചിച്ച് കൃത്യമായ രൂപരേഖ തയാറാക്കുക.

∙ വളർച്ചയെ നിരീക്ഷിക്കുക
നിങ്ങളുടെ ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോഴുള്ള വളർച്ചയും തിരിച്ചടികളും വ്യക്തമായി നിരീക്ഷിക്കുക. നേട്ടങ്ങൾ നിങ്ങൾക്ക് കൂടുതല്‍ ആത്മവിശ്വാസവും സംതൃപ്തിയും പകരും. തിരിച്ചടികളുടെ കാരണം കണ്ടെത്തി. അവ പരിഹരിക്കുക. നിങ്ങളെടുത്ത ഒരു തീരുമാനത്തിൽ പോരായ്മയുണ്ടെങ്കിൽ അവയിൽ ഏതു സമയത്തും വേണ്ട ഭേദഗതികൾ വരുത്തുക.

∙ ഉപദേശവും പിന്തുണയും സ്വീകരിക്കുക
നിങ്ങൾ ലക്ഷ്യമിടുന്ന മേഖലയിലെ അനുഭവജ്ഞരുടെ ഉപദേശവും പിന്തുണയും തേടുക. ഉദാഹരണത്തിന്, ബിസിനസിൽ ഡിജിറ്റൽ മാർക്കറ്റിങ് കൊണ്ടുവരാൻ ഉപദേശിക്കുന്നുവെങ്കിൽ ആ മേഖലയിലെ വിജയിച്ച വ്യക്തികളുടെ ഉപദേശവും സേവനവും സ്വീകരിക്കുക. എല്ലാക്കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നു മനസിലാക്കുക. ഓരോ കാര്യങ്ങളും അതിന് അനുയോജ്യരായവരുടെ സഹകരണത്തോടെ ചെയ്താൽ ലക്ഷ്യപ്രാപ്തി എളുപ്പമാകും.

∙ വേണ്ടാത്തവ ഡിലീറ്റ് ചെയ്യാം
തെറ്റായ ശീലങ്ങള്‍ നിങ്ങളെ പരാജയത്തിലേക്ക് നയിക്കും എന്ന് തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുക. അമിതമായ ഉറക്കം, ദിവാസ്വപ്നം കാണൽ, അമിത ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, ടിവി ഉപയോഗം, മദ്യപാനം, പുകവലി, ലഹരി മരുന്ന് ഉപയോഗം, ചൂതുകളി, പണം വച്ചുള്ള ചീട്ടുകളി, പരസ്ത്രീ പര പുരുഷ ബന്ധങ്ങൾ എന്നിവ ജീവിതത്തിൽ നിന്ന് നീക്കം ചെയ്യുക.‌‌‍‍‍

∙ ലക്ഷ്യം മനസിൽ വിഭാവനം ചെയ്യുക
നിങ്ങളുടെ ലക്ഷ്യവഴിയിലെ തടസ്സങ്ങളെ അതിജീവനത്തിനായി കണ്ണടച്ച് മനസിൽ വിഭാവനം ചെയ്യുക. ലക്ഷ്യം നേടിയെടുക്കുന്നതായും മനസിൽ ചിത്രം കാണുക. ഇത് ഒരു പോസിറ്റീവ് എനർജി പകരും.

∙ ഭയത്തെ നീക്കം ചെയ്യുക
വിജയിക്കുമോ എന്ന ആശങ്കയേയും ഭയത്തെയും മനസിൽ നിന്ന് നീക്കം ചെയ്യുക. നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം എന്തായാലും അതിൽ വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

ഉദാഹരണത്തിന് : ഒരു പ്രാവശ്യം ദൂരയാത്ര പോയപ്പോൾ കാർ കേടായി. പിന്നീട് അതേ കാറിൽ ദീർഘയാത്ര പോകാൻ തീരുമാനിക്കുമ്പോഴെയ്ക്കും അത് കേടാകുമോ എന്ന ആശങ്കയുമായിരുന്നാൽ ഒരിക്കലും നമുക്ക് ആ കാർ ഉപയോഗിക്കാനാവില്ല. അതിനു പകരം യാത്ര പോകുന്നതിനു മുൻപ് കാർ വർക്​ഷോപ്പിൽ കാണിച്ച് കുഴപ്പമൊന്നുമില്ലെന്ന്  ഉറപ്പു വരുത്തുക. എന്നിട്ട് വഴിയിൽ വച്ച് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ, അടുത്ത വർക്ക്ഷോപ്പിൽ കാണിക്കുകയോ മറ്റോ ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു കൊണ്ട് ധീരമായി യാത്രക്കൊരുങ്ങുക.

ജിവിതത്തിൽ എന്തു സംഭവിച്ചാലും അപ്പോൾ അടുത്ത ചുവടു വയ്ക്കാൻ മനസിനെ പ്രാപ്തമാക്കി നിർത്തുക. തടസ്സങ്ങളെ ഭയക്കാതെ മുന്നേറി വിജയം കൈപ്പിടിയിലൊതുക്കാം. വിജയാശംസകൾ.