Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷമായിരിക്കുക എന്നത് വിധിയുടെ വിളയാട്ടമല്ല

ടി.ജെ.ജെ.
happyness

എപ്പോഴും സന്തോഷിപ്പിൻ എന്ന ആഹ്വാനം നൽകുന്നത് കൈകാലുകൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ട്, ഇരുപത്തിനാലു മണിക്കൂറും പാറവുകാരൻ കാവൽ നിൽക്കുന്ന ഒരു കാരാഗൃഹത്തിൽ കഴിയുന്ന സെന്റ് പോളാണ്. അതേപ്പറ്റി ഒരാളുടെ പ്രതികരണം ഇപ്രകാരം: ‘പറയാൻ എളുപ്പം, കേൾക്കാൻ ഹൃദ്യം; എന്നാൽ അനുഭവപ്പെടുത്താൻ അസാധ്യം. എപ്പോഴും, ഏതു സാഹചര്യത്തിലും സന്തോഷത്തോടിരിപ്പാൻ നമുക്ക് അഭിവാഞ്ഛയുണ്ട്. പക്ഷേ, നടപ്പാകുന്നില്ല. സഫലമാകാത്ത ഈ ആഗ്രഹം നിറവേറ്റാനെന്നവിധം മക്കൾക്കു സന്തോഷ്, ആനന്ദ്, ഉല്ലാസ് തുടങ്ങിയ പേരുകൾ നൽകും. അവർ ആ പേരിന്റെ ഉടമകളായിരിക്കുന്നു എന്നതിൽകവിഞ്ഞൊന്നും സംഭവിക്കുന്നില്ല.’ 

സന്തോഷം രണ്ടു വിധത്തിലുണ്ട്. ഒന്ന്, ഇക്കിളിപ്പെടുത്തുന്ന നൈമിഷികമായ അനുഭവം. അതു ബാഹ്യമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രസിദ്ധമായ ഒരു നോവലിൽ സന്തോഷം കണ്ടെത്താൻ സാഹസപ്പെടുന്ന ഒരു കഥാപാത്രത്തെ ചിത്രീകരിക്കുന്നു. തന്റെ വികാരങ്ങൾക്കും അഭിലാഷങ്ങൾക്കും യാതൊരു നിയന്ത്രണവും വരുത്താതെ തിന്നുകുടിച്ചു മദിച്ചു ജീവിക്കുന്നു. സന്തോഷത്തിനായുള്ള പരക്കംപാച്ചിലിൽ മാരകമായ രോഗത്തിലും കടുത്ത നിരാശയിലും ജീവിതം അവസാനിപ്പിക്കുന്നു. 

ചിത്രശലഭത്തിന്റെ പിന്നാലെ പായുന്ന കുട്ടികൾ ​അതിനെ കയ്യെത്തിപ്പിടിക്കാവുന്ന അവസ്ഥയിലെത്തുന്നു. പക്ഷേ, അപ്പോഴേക്കും അതു പറന്നകന്നിരിക്കും. വീണ്ടും അതിന്റെ പിന്നാലെ ഓടും. അതുപോലെ സന്തോഷം കണ്ടെത്തുവാനായി മനുഷ്യർ പലതിന്റെയും പിന്നാലെ ​അലയുന്നു. ഒടുവിൽ നിരാശ മാത്രം അവശേഷിക്കുന്നു. 

രണ്ടാമത്തെ സന്തോഷം ബാഹ്യമായ ഘടകങ്ങളെ ആശ്രയിച്ചല്ല സ്ഥിതിചെയ്യുന്നത്. അത് ഒരു മാനസികമായ അവസ്ഥയാ​ണ്. നമ്മുടെ വീക്ഷണത്തിൽ, അത് അടിസ്ഥാനപ്പെട്ടിരിക്കുന്നു. ജീവിതത്തെയും ജീവിതാനുഭവങ്ങളെയും നാം എങ്ങനെ വീക്ഷിക്കുന്നു എന്നതാണു പ്രധാനം. പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകാം. അവയെ ഉൾക്കരുത്തോടെ നേരിട്ട് അവയ്ക്കപ്പുറത്തേക്കുള്ള നോട്ടമാണു പ്രധാനം. ദൈവാഭിമുഖമായ ഒരു ജീവിതത്തിൽ അനുഭവവേദ്യമാകുന്ന ഒന്നാണത്. ഇരുണ്ട കാർമേഘപടലത്തിൽ സൂര്യരശ്മികൾ പതിക്കുമ്പോൾ ചേതോഹരമായ പ്രഭാപ്രസരമുളവാകും. അതുപോലെ സംഘർഷപൂരിതമായ സാഹചര്യങ്ങളെപ്പോലും ആനന്ദത്തിന്റെ അവസരങ്ങളാക്കി മാറ്റുവാൻ ഈശ്വരനു കഴിയും. 

ക്രിസ്തുവിൽ ഈ സന്തോഷം ദൃശ്യമായിരുന്നു. അവിടുത്തെ ജീവിതത്തിൽ വിമർശനങ്ങളും എതിർപ്പുകളും പീഡനങ്ങളും നിറഞ്ഞുനിന്നു. എങ്കിലും അവിടുന്ന് ആത്മാവിൽ എപ്പോഴും സന്തോഷിച്ചു. 

അവിടുന്നു പറയുന്നു: ‘എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.’ വീണ്ടും അവിടുന്നു പ്രസ്താവിച്ചു: ‘എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണമാകേണ്ടതിന് ഇതു ലോകത്തിൽവച്ചു സംസാരിച്ചിരിക്കുന്നു’ ചിത്രകാരന്മാർ എപ്പോഴും ദുഃഖാർത്തനായ ക്രിസ്തുവിനെ ചിത്രീകരിക്കുന്നു. ആനന്ദം നിറഞ്ഞ അവിടുത്തെ മുഖം അവർ കാണാറില്ല. 

മഹാനും ക്രിസ്തുഭക്തനുമായ ഏബ്രഹാം ലിങ്കൺ പ്രസ്താവിച്ചു: ‘വ്യക്തികൾ അവരുടെ മനസ്സ് എങ്ങനെ രൂപപ്പെടുത്തുവാൻ ശ്രമിക്കുന്നുവോ, അതിനനുസരണമായി സന്തോഷമുള്ളവരായിരിക്കും. വളരെ മുൻപേതന്നെ ഞാൻ ഒരു തീരുമാനമെടുത്തു. എന്റെ സന്തോഷം മറ്റാരുടെയും കരങ്ങളിലല്ല സ്ഥിതിചെയ്യുന്നത്. സ്രഷ്ടാവ് നമുക്കെല്ലാവർക്കും നൽകിയിരിക്കുന്ന നമ്മുടെ അവകാശമുള്ളത്. അതോടൊപ്പം നമ്മുടെ കടമകളും അടങ്ങിയിരിക്കുന്നു.’ 

ആധുനിക ലോകസമൂഹത്തിൽ ഒരു പ്രവാചകശബ്ദമായും പ്രസക്ത സന്ദേശവാഹകനായും പ്രശോഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പാ ഈ വിഷയത്തെക്കുറിച്ചു ഹൃദ്യമായി പ്രതിപാദിക്കുന്നുണ്ട്: ‘നിങ്ങൾക്കു പരിമിതികൾ ഉണ്ടാകാം. ചിലപ്പോൾ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാകാം. 

എന്നാൽ ഓർക്കുക, നിങ്ങളുടെ ജീവിതം ലോകത്തിലെ അമൂല്യമായ ഒരു പ്രതിഭാസമാണ്. അതു നാശത്തിലേക്കും തകർച്ചയിലേക്കും പോകാതെ സൂക്ഷിക്കുവാൻ നിങ്ങൾക്കു മാത്രമേ കഴിയൂ. നിങ്ങളെ ആവശ്യപ്പെടുന്ന അനേകരുണ്ട്. നിങ്ങളെ പ്രശംസിക്കയും സ്നേഹിക്കയും ചെയ്യുന്നവർ അനേകരാണ്. 

ഞാൻ നിങ്ങളെ ഓർമപ്പെടുത്തട്ടെ, സന്തോഷമായിരിക്കുക എന്നു പറഞ്ഞാൽ കൊടുങ്കാറ്റില്ലാത്ത ഒരു ആകാശമെന്നു ധരിക്കേണ്ട. അപകടമില്ലാത്ത വീഥികൾ എന്നോ ക്ഷീണം ഇല്ലാത്ത അധ്വാനമോ, നിരാശ വരാത്ത ബാന്ധവങ്ങളോ എന്നു ധരിക്കേണ്ട. 

സന്തോഷമെന്നുള്ളത് ക്ഷമയിൽകൂടി ശക്തി കണ്ടെത്തുന്നതാണ്. പോരാട്ടത്തിൽ പ്രത്യാശയും ഭയത്തിന്റെ സാഹചര്യത്തിൽ ഭദ്രതാബോധവും വിയോജിപ്പ് ഉള്ളപ്പോൾതന്നെ സ്നേഹവും അനുഭവിക്കുന്നതാണ്. ജീവിതത്തിലെ എല്ലാ വെല്ലുവിളികളുടെ മുൻപിലും, തെറ്റിദ്ധാരണകളുടെ സാഹചര്യത്തിലും പ്രതിസന്ധികളുടെ നടുവിലും സന്തോഷമായിരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.’ മാർപാപ്പാ തുടരുന്നു: 

‘സന്തോഷമായിരിക്കുക എന്നത് വിധിയുടെ വിളയാട്ടമല്ല, സ്വത്വബോധത്തോടെ ലക്ഷ്യത്തിലേക്കു ഗമിക്കുന്നവരുടെ അനുഭവമാണ്. പ്രശ്നങ്ങൾക്ക് ഇരയാവുക എന്നല്ല; അവയുടെമേൽ വിജയംവരിക്കുന്ന അനുഭവമാക്കുന്നതാണ് സന്തോഷം. മരുഭൂമിയിൽ കൂടിയുള്ള പ്രയാണത്തിൽ, നമ്മുടെ അന്തരാത്മാവിൽതന്നെ മരുപ്പച്ച കണ്ടെത്തുന്ന അനുഭവമാണ്. ഇതൊക്കെ സാധിക്കുന്നത് ഓരോ പ്രഭാതത്തിലും ജീവിതമെന്ന അദ്ഭുത പ്രതിഭാസത്തിനു ഹൃദയം തുറന്നു സ്തുതി അർപ്പിക്കുന്നതിലൂടെയാണ്.’ 

നമ്മുടെ ജീവിതത്തിലും ചിന്തയിലും സ്ഥാനം പിടിക്കാൻ അനുവദിക്കരുതാത്ത ചില പദങ്ങളും, പരാതി, പിറുപിറപ്പ്, പരാജയബോധം, ഭയം, നിരാശ, വിരസത, ഈർഷ്യ, വിദ്വേഷം തുടങ്ങിയവ. ഇവയെല്ലാം നിഷേധാത്മകങ്ങളാണ്. ഇവയ്ക്കു പകരമായി മനസ്സിലും ചിന്തയിലും ഉയരേണ്ടവ – സമാധാനം, സമൃദ്ധി, പുരോഗതി, ഉൽസാഹം, അഭിവൃദ്ധി, പ്രത്യാശ, സംതൃപ്തി, സന്തോഷം തുടങ്ങിയ പദങ്ങളാണ്. അവ സർഗാത്മകങ്ങളാണ്; പ്രചോദനം പകരുന്നവയാണ്. 

നമ്മുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കാൻ നമുക്കാണു കഴിയുന്നത്. നമ്മുടെ മനസ്സ് അതിനുവേണ്ടി പാകപ്പെടുത്തുകയാണാവശ്യം. അതു വിശ്വാസവും സ്നേഹവും നിറഞ്ഞതാക്കാൻ നമുക്കു ശ്രമിക്കാം.