Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യത്തിനും ദീർഘായുസ്സിനും 5 ശീലങ്ങൾ

ടി.ജെ.ജെ.
health

നമ്മുടെ സുഹൃത്തുക്കൾക്കും മിത്രങ്ങൾക്കും മറ്റും നാം ആശംസകൾ അർപ്പിക്കാറുണ്ട്; പ്രത്യേകിച്ച് അവരുടെ ജന്മദിനങ്ങളിലും മറ്റും. അപ്പോൾ നാം അവർക്ക് ദീർഘായുസ്സും ആരോഗ്യവും ആശംസിക്കും. കാരണം അവ രണ്ടും ഏറ്റം അഭികാമ്യങ്ങളായ അനുഗ്രഹങ്ങളാണ്. ധനത്തെക്കാളും ഭൗതികങ്ങളായ നേട്ടങ്ങളെക്കാളും ശ്രേഷ്ഠങ്ങളാണ് അവ. 

കഴിഞ്ഞദശകങ്ങളിൽ ആരോഗ്യരംഗത്ത് വൻപിച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിനു പ്രധാനകാരണം വൈദ്യശാസ്ത്രരംഗത്തെ അദ്ഭുതകരമായ കുതിച്ചു ചാട്ടമാണ്. നാഡി പിടിച്ചും, ദൃഷ്ടി പരിശോധിച്ചും, നാക്കു നോക്കിയുമൊക്കെ ആയിരുന്നു രോഗനിർണയം മുൻപു വരുത്തിക്കൊണ്ടിരുന്നത്. ഇന്ന് ആന്തരികാവയവങ്ങളുടെ സുക്ഷ്മസ്ഥിതി കൃത്യമായി ഗ്രഹിക്കാനുള്ള യന്ത്രസംവിധാനങ്ങൾ ഉപയോഗത്തിലുണ്ട്. അതിസൂക്ഷ്മമായ ശസ്ത്രക്രിയകൾ, അവയവം മാറ്റിവയ്ക്കൽ തുടങ്ങിയവ വൻപിച്ച നേട്ടങ്ങൾ തന്നെ. അതുപോലെ ശക്തമായ നൂതന ഔഷധങ്ങൾ പ്രയോഗിക്കുന്നു. ഇങ്ങനെ പോകുന്നു പുരോഗതിയുടെ ജൈത്രയാത്ര. 

ഇതിന്റെ ഒക്കെ ഫലമായി ഒരു ശതാബ്ദത്തിനു മുൻപുണ്ടായിരുന്നതിനെക്കാൾ ആയുർദൈർഘ്യം വളരെ വർധിച്ചിട്ടുണ്ട്. എങ്കിലും ആരോഗ്യത്തിന്റെ പ്രശ്നങ്ങളാണ് അനേകരെയും അലട്ടിക്കൊണ്ടിരിക്കുന്നത്. അതിനുള്ള പ്രധാനകാരണം ആരോഗ്യത്തിനു ഹാനികരമായ ദുശ്ശീലങ്ങൾ (പുകവലി, മദ്യപാനം തുടങ്ങിയവ) വർധിച്ചു വരുന്നതാണ്. 

വൈദിക പരിശീലനവും, വേദശാസ്ത്രപഠനവും അവയോടൊപ്പം വൈദ്യശാസ്ത്രാഭ്യാസനം കൂടി നടത്തിയിട്ടുള്ളവർ അത്യപൂർവമാണ്. എന്നാൽ അമേരിക്കയിലെ ബോസ്റ്റണിൽ മേൽപറഞ്ഞപ്രകാരം പരിശീലനം നേടിയിട്ടുള്ള ഒരാളാണ് തീമോത്തി ജോൺസൺ. അദ്ദേഹത്തിന്റെ സേവനം റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിൽകൂടിയും വിജയകരമായി നടത്തുന്നുണ്ട്. ശരീരവും, മനസ്സും, ആത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ ഉയർന്നു നിൽക്കുന്നു. ഇതിനുള്ള മാതൃക യേശുക്രിസ്തുവാണ്. അവിടുത്തെ ഉപദേശങ്ങളിലും പ്രവർത്തനങ്ങളിലും ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. 

ആരോഗ്യവും ദീർഘായുസ്സും സംരക്ഷിക്കാൻ തീമോത്തി ജോൺസൺ പഞ്ചശീലങ്ങൾ നൽകുന്നു. ശ്രീബുദ്ധൻ നൽകിയ പഞ്ചശീലങ്ങൾ ചിലർ ഓർക്കുമായിരിക്കും. പക്ഷേ, അവയിൽനിന്നും വ്യത്യസ്തമാണ് തീമോത്തി ജോൺസന്റെ പഞ്ചശീലങ്ങൾ. ഇവ എവിടെയുള്ളവർക്കും ഏതുപ്രായത്തിലുള്ളവർക്കും പ്രയോഗക്ഷമമാക്കാവുന്നവയാണ്. പൊതുവായ ഒരു നിർദേശം അദ്ദേഹം നൽകുന്നു: സന്തോഷവും സംതൃപ്തിയും ഉളവാക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ വ്യാപൃതരായിരിക്കണം. 

പഞ്ചശീലങ്ങൾ ഇങ്ങനെ
1) ഭക്ഷണവും വ്യായാമവും: അമേരിക്കയുടെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതുകയാണ്. അവിടെ ഒരു നല്ലശതമാനം സ്ഥൂലകായരാണ്–പൊണ്ണത്തടിയുള്ളവർ. സ്ത്രീകളും പുരുഷന്മാരും ഇതിൽപ്പെടും. ഒരുവർഷത്തിൽ 3 ലക്ഷം പേരുടെയെങ്കിലും മരണകാരണം സ്ഥൂലിച്ച ശരീരഘടനയും അതുളവാക്കുന്ന രോഗങ്ങളുമാണ്. സ്ഥൂലകായരാകുന്നതിന്റെ പ്രധാനകാരണം അമിത ഭക്ഷണവും വ്യായാമമില്ലയ്മയുമാണ്. 

മിതമായ ഭക്ഷണവും, ക്രമമായ വ്യായാമവും ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. പഴയ ഗ്രാമീണജീവിതത്തിൽ വ്യായാമത്തിന് ഏറെ സാധ്യതകളുണ്ടായിരുന്നു. വാഹനസൗകര്യങ്ങളില്ല, നടന്നേമതിയാവൂ. ഭക്ഷണരീതിയും ഉത്തമമായിരുന്നു. നാഗരികതയിൽ ജീവിതചര്യയ്ക്കു മാറ്റം ഏറെ. ഭക്ഷണക്രമം തന്നെമാറി. ഫാസ്റ്റ്ഫുഡും, കൊഴുപ്പുള്ള ഭക്ഷണങ്ങളുമായി മാറി. അൽപംപോലും നടക്കേണ്ടതില്ല; വാഹനസൗകര്യം സുലഭം. അപ്പോൾ രോഗങ്ങളുടെ എണ്ണവും വർധിച്ചു. മുൻപു കേട്ടിട്ടില്ലാത്ത രോഗങ്ങളും പ്രത്യക്ഷമാകാൻ തുടങ്ങി. അരോഗദൃഢഗാത്രനായി അന്ത്യംവരെ ജീവിച്ച ഒരു മേൽപട്ടക്കാരനോട് ഈ ലേഖകൻ ചോദിച്ചു. അദ്ദേഹം അന്ന് വാർധക്യത്തിലാണ്. ‘‘തിരുമേനി ഇപ്പോഴും വ്യായാമം (യോഗ) ചെയ്യാറുണ്ടോ?’’ അപ്പോൾ ഇങ്ങോട്ടൊരു ചോദ്യം: ‘‘ഞാൻ ഇപ്പോ​ഴും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് എന്താ ചോദിക്കാഞ്ഞത്?’’ മറുപടി: ‘‘ഭക്ഷണം കഴിക്കുമെന്നറിയാം.’’ തിരുമേനി: ‘‘ഭക്ഷണം പോലെ വ്യായാമവും ആവശ്യമാണ്. ചെറുപ്പത്തിൽ കൂടുതൽ ഭക്ഷണം; ഇപ്പോൾ കുറച്ചുമാത്രം. അതുപോലെ വ്യായാമവും. ചെറുപ്പത്തിൽ കൂടുതൽ; ഇപ്പോൾ കുറച്ചും’’. 

2) സേവനവും ശുശ്രൂ​ഷയും: മറ്റുള്ളവരെ സഹായിക്കുന്നതും അവർക്കു ശുശ്രൂഷ ചെയ്യുന്നതും പ്രധാനമാണ്. ‘നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല’ എന്ന പൗലോസിന്റെ വാക്കുകൾ സ്മരണാർഹമാണ്. മലകയറ്റത്തിന് നാം ഒരാളെ സഹായിക്കുമ്പോൾ നാമും അത്രയും ഉയരത്തിലേക്ക് എത്തുകയാണ്.ആവശ്യത്തിലും അവശതയിലും കഴിയുന്ന എത്രയോപേർ നമ്മുടെ സഹായവും സേവനവും അർഹിക്കുന്നവരും പ്രതീക്ഷിക്കുന്നവരുമായുണ്ട്. സർഗാത്മകമായ മനോഭാവം ആരോഗ്യവും ദീർഘായുസ്സും ഉളവാക്കുന്നതാണ്. 

3) ഉത്തമസൗഹൃദം പുലർത്തുക: ഹൃദയം തുറക്കാൻ ഉത്തമരായ സുഹൃത്തുക്കളെ സാമ്പാദിക്കുന്നത് ഒരു വലിയ ആവശ്യമാണ്. ആകുലതയും ആന്തരിക സംഘർഷവും അനുഭവിക്കുന്നവർക്ക് ഹൃദയഭാരം പങ്കുവയ്ക്കുവാൻ ആത്മസ്നേഹിതനെ ലഭിച്ചാൽ അതെത്ര ആശ്വാസമായിരിക്കും. 

4) ക്രമമായ ആരോഗ്യപരിശോധന: രോഗം വരുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും ആരോഗ്യപരിശോധന ക്രമമായി നടത്തുന്നത് ഉചിതമാണ്. ഇന്ന് അതിനുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഏറെ ലഭ്യമാണ്. കാൻസർ പോലുള്ള രോഗങ്ങൾ നേരത്തെ പരിശോധിച്ചു കണ്ടുപിടിച്ചാൽ സുഖപ്രാപ്തി സാധ്യമാണ്. 

5) വിശ്രമവും ഉറക്കവും: ഡോക്ടർ ജോൺസന്റെ മാതാവു നൽകിയ ഉപദേശം അദ്ദേഹം അനുസ്മരിക്കുന്നു. ‘‘രാത്രിയിലെ നല്ല ഉറക്കം ഔഷധം പോലെയാണ്. ഒരു പക്ഷേ ഔഷധത്തേക്കാൾ ശ്രേഷ്ഠമെന്നു പറയാം.’’ ശരിയായ ഉറക്കമില്ലാതെ വരുമ്പോൾ ശരീരം രോഗാതുരമാകും. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ പോകുന്നതു ശീലമാക്കണം. യോഗ മുറകളും ധ്യാനവും മനസ്സിനെ പ്രശാന്തമാക്കുവാനും സഹായിക്കും. 

More Moral Stories>>