Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിലെ ‘മദർ തെരേസ’

ടി.ജെ.ജെ.
dr-ruth-pfau

നിരാലംബരും പരിത്യക്തരുമായ ജനങ്ങൾക്കുവേണ്ടി തങ്ങളുടെ ജീവിതം സമർപ്പിച്ചുകൊണ്ട്, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സേവനപാതയിൽ ചരിച്ച്, നിറഞ്ഞ ചാരിതാർഥ്യത്തോ‌ടെ ജീവിതം പൂർത്തിയാക്കിയ ധന്യാത്മാക്കൾ ഏതുകാലത്തും ആദരപൂർവം അനുസ്മരിക്കപ്പെടേണ്ടവരാണ്. പരദ്രോഹവും, ഭീകരതയും, അക്രമവും അരങ്ങുവാഴുന്ന ഇരുണ്ട സാഹചര്യങ്ങളിൽ നക്ഷത്രങ്ങള‌െപ്പോലെ ശോഭിക്കുന്ന അത്തരം മഹാത്മാക്കളെപ്പറ്റി അറിയുന്നതും ചിന്തിക്കുന്നതും പ്രത്യാശാജനകവും പ്രചോദനവുമാണ്. മദർ തെരേസയുടെ പുണ്യജീവിതവും ശ്രേഷ്ഠസേവനവും ഭാരതീയരു‌ടെ മനസ്സിൽ മധുര സ്മരണകൾ ഉണർത്തുന്നതാണ്. കുത്സിതബുദ്ധികളായ ചിലർ ആ ജീവിതത്തെയും സേവനത്തെയും ദുർവ്യാഖ്യാനം ചെയ്തു എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. ഏതു കാര്യത്തിലും നെഗറ്റിവ് ആയി ചിന്തിക്കുന്നവർ ഉണ്ടാകും എന്ന് ഓർത്താൽ മതി. 

നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ, അതൊരു മുസ്‌ലിം രാജ്യമാണെന്നിരിക്കെ, അവിടെ വിശിഷ്ടസേവനം നടത്തി 2017 ഓഗസ്റ്റ് പത്തിനു മൺമറഞ്ഞ ഒരു കന്യാസ്ത്രീ, ‘പാക്കിസ്ഥാനിലെ മദർ തെരേസ’ എന്നു വിശേഷിപ്പിക്കത്തക്ക ഔന്നത്യം ആർജിച്ചിരുന്നു. ആരാണ് ഈ ധന്യവതി? എന്താണ് അവരുടെ ജീവിതദർശനം? ഔന്നത്യത്തിലേക്ക് ഉയർത്തിയ സേവനം എന്താണ്? 

ഡോക്ടർ രൂത്ത്ഫൈ 1929 സെപ്റ്റംബറിൽ ജർമനിയിൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനസേവനത്തിനായി തന്റെ ജീവിതം അർപ്പിക്കാൻ അവർ തീരുമാനിച്ചു. ആ ലക്ഷ്യത്തോടെ മെഡിക്കൽ വിദ്യാഭ്യാസം ന‌ടത്തി ഡോക്ടറായി. വിശുദ്ധമാതാവിന്റെ തിരുഹ‍ൃദയത്തിന്റെ പേരിലുള്ള ഒരു സന്യാസിനീസമൂഹത്തിൽ അവർ ചേർന്നു. മുപ്പത്തൊന്നാമത്തെ വയസ്സിൽ ശിഷ്ടായുസ്സ് പാക്കിസ്ഥാനിൽ കുഷ്ഠരോഗ നിവാരണ രംഗത്തു പ്രവർത്തിപ്പാൻ സമർപ്പിച്ചു. ആ രാജ്യത്തു കുഷ്ഠരോഗികളുടെ സംഖ്യ വളരെയാണെന്നറിഞ്ഞാണ് അവിടെ പോകുവാൻ തീരുമാനിച്ചത്. 

അരനൂറ്റാണ്ടു കാലം ഡോ. രൂത്തിന്റെ നിസ്തന്ദ്രവും നിസ്തുലവുമായ സേവനത്തിന്റെ ഫലമായി ആ രാജ്യത്തെ മഹാദുരന്തം നിയന്ത്രണവിധേയമായി. രാജ്യവ്യാപകമായി പ്രവർത്തകരെ സംഘടിപ്പിക്കാനും ആസൂത്രിതമായി കുഷ്ഠരോഗത്തെ പ്രതിരോധിക്കാനും യത്നിച്ചു. വളരെ വിജയകരമായ അവസ്ഥ കൈവന്നു. ഏഷ്യൻ രാജ്യങ്ങളിൽ കുഷ്ഠരോഗം നിയന്ത്രിക്കുന്നതിൽ ഏറ്റവും കൂടുതൽ വിജയംവരിച്ച രാജ്യം പാക്കിസ്ഥാനെന്ന് 1996ൽ ലോകാരോഗ്യ സംഘടന (World Health Organization) പ്രഖ്യാപിച്ചു. ഡോ. രൂത്തിന് അഭിമാനവും സംതൃപ്തിയും നൽകിയ സന്ദർഭമായി അത്. 

ജർമനിയിൽ ജനിച്ചുവളർന്ന ഡോക്ടർ രൂത്ത്, പാക്കിസ്ഥാൻ തന്റെ മാതൃരാജ്യമായി അംഗീകരിച്ചു; മദർ തെരേസ ഭാരതത്തെ മാതൃരാജ്യമായി സ്വീകരിച്ചതുപോലെ. ഭാരതത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നു. ഇവിടെ ​ഭരണ​ഘടനപ്രകാരം എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യവും ആദരവുമുണ്ട്. ഇപ്പോൾ ചിലർ ഹിന്ദുരാജ്യമാക്കിത്തീർക്കാൻ വെമ്പൽ കൊള്ളുന്നു വെങ്കിലും ഇന്ത്യൻ ഭരണഘടന എല്ലാമതങ്ങൾക്കും നങ്കൂരമായി നിലകൊള്ളുന്നു.

പാക്കിസ്ഥാനിലെ അവസ്ഥ ഇതല്ല. അവിടെ ഇസ്‌ലാം ഔദ്യോഗിക മതമാണ്. മറ്റു മതങ്ങൾക്ക് വളരെ നിയന്ത്രണങ്ങളും പരിമിതികളുമുണ്ട്. ചിലപ്പോൾ ഇതരമതങ്ങൾക്കു പീഡനവും നേരിടേണ്ടിവരുന്നുണ്ട്. അവിടെ അരനൂറ്റാണ്ടിലധികം സേവനം അനുഷ്ഠിക്കാനും, മാതൃരാജ്യമായി സ്വീകരിക്കാനും ഒരു കന്യാസ്ത്രീ തീരുമാനിച്ചെങ്കിൽ അവരുടെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയും, ലക്ഷ്യപ്രാപ്തിക്കുള്ള ഉറച്ച നിശ്ചയവുമെന്നല്ലാതെ പറയാനാവുകയില്ല. പല മിഷനറിമാരും അവരുടെ അന്ത്യകാലത്ത് സ്വന്തനാട്ടിലേക്കു മടങ്ങിപ്പോകുന്ന രീതിയാണുള്ളത്. ഡോ. രൂത്ത് അതിന് ഒരുമ്പെടാതെ പാക്കിസ്ഥാന്റെ മണ്ണിൽ ചേരുകയാണുണ്ടായത്. ഇവിടെ എടുത്തു പറയേണ്ട ഒരു വസ്തുതയുണ്ട്. പാക്കിസ്ഥാനിൽ രാഷ്ട്രബഹുമതിയോടെ സംസ്കരിക്കപ്പെട്ട ഏക ക്രിസ്ത്യാനി ഡോ. രൂത്ത് മാത്രമാണ്. ആ രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ രണ്ട് സിവിലിയൻ അവാർഡുകൾ (ഹിലൽ–ഈതുംതിയാസ്, ഹിലൽ–ഇ–പാക്കിസ്ഥാൻ) ആ മഹതിക്കു ‌‌‌‌‌‌‌‌‌‌‌‌‌ലഭിച്ചു എന്നതും ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ആ രാഷ്ട്രത്തിന്റെ ആദരവും, ബഹുമാനവും, അംഗീകാരവും ഏറ്റുവാങ്ങാൻ തക്ക ജീവിതവും സേവനവുമായിരുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. 

ഡോ. രൂത്തിന്റെ ഒരു പ്രസ്താവന ഏവരുടെയും സവിശേഷശ്രദ്ധ അർഹിക്കുന്ന ഒന്നാണ്: ‘നമുക്ക് എല്ലാവർക്കും ഒരു യുദ്ധം തടഞ്ഞു നിറുത്താനാവുകയില്ല; എന്നാൽ നമ്മിൽ എല്ലാവർക്കും തന്നെ മറ്റുള്ളവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും വേദന ശമിപ്പിക്കാനായി പ്രവർത്തിക്കുന്നതിനു സാധിക്കും.’ നമ്മുടെ എല്ലാം കാതുകളിൽ ഈ മൊഴി മുഴങ്ങി നിൽക്കേണ്ടതാണ്. ആവശ്യത്തിലും അവശതയിലും ഇരിക്കുന്നവർക്ക് ഡോ. രൂത്തിന്റെ ഒരു ചെറിയ പതിപ്പായി വർത്തിക്കാൻ നമുക്കു കഴിയണം. 

ഡോ. രൂത്തിന്റെ‌ ജീവിതത്തിലെ പ്രേരകശക്തി ക്രിസ്തുവിന്റെ സ്നേഹമായിരുന്നു.‘മനസ്സലിഞ്ഞു’ എന്നു പത്തിലധികം പ്രാവിശ്യം ക്രിസ്തുവിന്റെ പ്രതികരണത്തെക്കുറിച്ച് സുവിശേഷകന്മാർ പരാമർശിക്കുന്നുണ്ട്. ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിന്നാണ്, അവിടുത്തെ സ്നേഹത്തിന്റെ നിർബന്ധമാണ് ഫാദർ ഡാമിയനെ പത്തൊൻപതാം നൂറ്റാണ്ടിൽ മൊളോക്കോ ദ്വീപിൽ കുഷ്ഠരോഗികളു‌ടെ ഇടയിലുള്ള ഉദ്ധാരണ പ്രവർത്തനത്തിനായി നിർബന്ധിച്ചത്. അതേ പ്രേരണാശക്തിയാണ് ഡോ. രൂത്തിനെ പാക്കിസ്ഥാനിലേക്ക് അയച്ചത്. ‘ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു’ എന്ന് പൗലോസ് പറഞ്ഞുട്ടുള്ളത് ഈ മിഷനറിമാരുടെ കാര്യത്തിലും വാസ്തവമാണ്. 

ഡോ. രൂത്ത് മെഡിക്കൽ പഠനത്തിനു പോയതുതന്നെ കുഷ്ഠരോഗികളെ സേവിക്കണമെന്ന ലക്ഷ്യത്തോടെയാണ്. ‘ദൈവം ഉപയോഗിക്കുന്ന മനുഷ്യൻ’ എന്നു ചിലരെപ്പറ്റി പറയുന്നുണ്ടല്ലോ. ഡോ. രൂത്ത് ആ ഗണത്തിൽപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു. അങ്ങനെ ദൈവം ഉപയോഗിക്കുന്ന മനുഷ്യരായി തീരണമെങ്കിൽ, അർപ്പണബോധം, ആർദ്രതനിറഞ്ഞ മനസ്സ്, സഹാനുഭൂതി, വിനയം, ഉത്സാഹം, നിശ്ചയദാർഢ്യം തുടങ്ങിയ സുകൃതങ്ങൾ ഉള്ളവരാകണം. അവരിൽക്കൂടി ദൈവം വൻകാര്യങ്ങൾ നിവൃത്തിതമാക്കും. മറ്റുള്ളവരുടെ വേദനകളിലും, പ്രയാസങ്ങളിലും സഹായത്തിന്റെ കരം നീട്ടുവാൻ സ്നേഹത്തിന്റെ‌യും ആശ്വാസത്തിന്റെയും വാക്കുകൾ കൈമാറുവാൻ ആർക്കും കഴിയുന്നതാണ്. അതിനുള്ള മനസ്സുണ്ടാകണമെന്നു മാത്രം. 

More Moral Stories>>