Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽവർ കൂട്ടായ്മയില്‍ ഫോർത് ആംബിറ്റ്

മനോജ് മാത്യു
fourthambit

എൻജിനീയറിങ് പഠനം കഴിഞ്ഞു കുറെക്കാലം പലവഴി. പിന്നീട്, അവരൊത്തു ചേർന്നപ്പോഴൊരു സ്റ്റാർട്ടപ് പിറന്നു; ഫോർത് ആംബിറ്റ് ടെക്നോളജീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോം ഒരുക്കുന്ന ഫോർത് ആംബിറ്റിന്റെ ക്ലയന്റ്സ് ലിസ്റ്റ് വായിക്കുക. ഐഐഎം ബെംഗളൂരു, എൻഐടി തിരുച്ചിറപ്പിള്ളി, എൻഎംഐഎംഎസ് മുംബൈ, മണിപ്പാൽ യൂണിവേഴ്സിറ്റി... ഫോർത് ആംബിറ്റിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 1200 സ്ഥാപനങ്ങളിലെ ചില ഗ്ലാമർ പേരുകൾ. 

ഇപ്പോഴിതാ ക്രൗഡ് ഫണ്ടിങ്ങിലൂടെ നാലു കോടി രൂപയുടെ നിക്ഷേപവും നേടിക്കഴിഞ്ഞു, ഫോർത് ആംബിറ്റിന്റെ നാൽവർ കൂട്ടായ്മ. 2012ൽ സ്റ്റാർട്ടപ് വില്ലേജിൽ വിർച്വൽ ഇൻകുബേഷനുശേഷം ഇടപ്പള്ളിയിൽ സ്വന്തം ഓഫിസ്. ഇപ്പോൾ ബെംഗളൂരുവിലും ഓഫിസുണ്ട്. 

∙ പള്ളിക്കൂടം നെറ്റ്‌വർക്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ കമ്യൂണിറ്റി സൃഷ്ടിക്കാനുള്ള സാങ്കേതിക വേദിയൊരുക്കുകയാണു ഫോർത് ആംബിറ്റ് ചെയ്യുന്നത്. ഓരോ കോളജിനും സ്കൂളിനും സ്വന്തം കൂട്ടായ്മ. വിദ്യാർഥികളും പൂർവവിദ്യാർഥികളും അധ്യാപകരുമൊക്കെ ഉൾപ്പെടുന്ന ‘സ്വകാര്യ’ സമൂഹമാധ്യമം. അതതു സ്ഥാപനങ്ങളുമായി ബന്ധമുള്ളവർക്കു മാത്രമേ അംഗമാകാൻ കഴിയൂവെന്നു ചുരുക്കം. സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാനും അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനുമൊക്കെ ഇത്തരം നെറ്റ്‌വർക്കുകൾ സഹായിക്കും. ഇന്റേൺഷിപ്, ക്യാംപസ് റിക്രൂട്മെന്റ് തുടങ്ങിയവ സംബന്ധിച്ച മാർഗനിർദേശങ്ങൾ പങ്കുവയ്ക്കാനുള്ള വേദി കൂടിയാകുന്നതിനാൽ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും. പല രംഗങ്ങളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികൾക്കു പുതിയ തലമുറയെ സഹായിക്കാനുള്ള ഉപാധിയുമാകും. കോളജിന്റെ ആവശ്യങ്ങൾക്കു ഫണ്ട് കണ്ടെത്താനും നെറ്റ്‌വർക് ഉപയോഗിക്കാനാകും. ഫോർത് ആംബിറ്റ് ചീഫ് സെയിൽസ് ഓഫിസർ റൂബി പീതാംബരന്റെ വാക്കുകൾ. 

∙ പുതുമ ഓരോ നിമിഷവും
പുതുമകൾ തേടുകയാണു ഫോർത് ആംബിറ്റ് ടീമും. വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതികൾ, രാജ്യാന്തര സർവകലാശാലകളുമായുള്ള സഹകരണ സാധ്യതകൾ തുടങ്ങി പല പുതുമകളും ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് അവർ. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളാണു സ്റ്റാർട്ടപ്പിന്റെ അമരക്കാർ. രാഹുൽ ദാസാണു കമ്പനിയുടെ സിഇഒ. ജിക്കു ജോളി സിടിഒ. റൂബി പീതാംബരൻ സിഎസ്ഒയും ശ്യാം മേനോൻ സിഎംഒയുമാണ്. ബിരുദ പഠനത്തിനുശേഷം ഇൻഫോസിസിൽ ജോലി ചെയ്ത സംഘം പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി പലവഴിക്കു പിരിഞ്ഞു. വീണ്ടും ഒത്തുകൂടിയപ്പോൾ ഫോർത് ആംബിറ്റ് ജനിച്ചു. 

∙ ടിപ് ബൈ റൂബി
വിപണി അറിഞ്ഞുവേണം ഉത്പന്നവും സേവനവും അവതരിപ്പിക്കേണ്ടതെന്നു റൂബി പറയുന്നു. എത്രത്തോളം ലാഭകരമായി പ്രവർത്തിക്കാൻ കഴിയുമെന്നു നോക്കാതെയാണു പലരും സ്റ്റാർട്ടപ് ചെയ്യുന്നത്. ആശയം ഉണ്ടായതുകൊണ്ടു മാത്രമായില്ല, അതു നടപ്പാക്കാനുള്ള ചങ്കൂറ്റവും അത്യാവശ്യം.