ADVERTISEMENT

ആഗോളവൽക്കരണവും വിവരസാങ്കേതികവിദ്യയുടെ കടന്ന് വരവും ഇന്ത്യയിലെ വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുകയും കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്രവും  മാനവിക വിഷയങ്ങളും കൂടുതൽ അരികുവൽക്കരിക്കപ്പെടുകയും ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾക്കും മെഡിക്കൽ സയൻസിനും അതിപ്രാധ്യാനം കല്പിക്കപ്പെടുകയും ചെയ്തു.

 

എന്നാൽ കഴിഞ്ഞ ഏതാനും ചില വർഷങ്ങളിൽ  ഈ പ്രവണതയിൽ ചെറിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എൻജിനീയറിങ് സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ആനുപാതികമായ തൊഴിൽ ലഭ്യതയുടെ അഭാവവും അതേ സമയം സാമൂഹ്യ ശാസ്ത്രവും മാനവിക വിഷയങ്ങളും പഠിക്കുന്നതിന് ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാവുകയും ചെയ്തതാണ് ഈ പുതിയ മാറ്റങ്ങൾക്കുള്ള ഉപോൽഘടകമായി പ്രവർത്തിച്ചത്.

 

മുൻകാലങ്ങളെ അപേക്ഷിച്ച്, മുൻധാരണകളോടെയുള്ള സമീപനങ്ങളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ തന്നെ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിക്കുന്ന വിദ്യാർഥിക്ക്  പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കാൻ സാധിക്കുന്നതും അത് അംഗീകരിക്കപ്പെടുന്നതും തികച്ചും ആശാവഹമാണ്. ചില സ്കൂളുകളിൽ എങ്കിലും ആദ്യം സീറ്റ് ഫില്ലാകുന്ന കോഴ്സ് ഹ്യുമാനിറ്റീസ് ആവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. കാരണം മാനവിക വിഷയമെടുത്ത് പഠിച്ചാൽ  പ്ലസ് ടു കഴിഞ്ഞാലും ഇന്ത്യയിലെ  ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിൽ വിശാലമായ അവസരങ്ങൾ ലഭ്യമാകും എന്ന തിരിച്ചറിവ് ഇന്ന് മലയാളികൾക്കുണ്ട്.

 

നാഷണൽ ഇൻസ്റ്റിട്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിന്റെ (NIFR) 2020 ലെ കണക്ക് അനുസരിച്ച് ബിരുദത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെൻറ് സ്റ്റീഫൻസ്, ഹിന്ദു കോളേജ്, ലേഡി ശ്രീറാം, മിറാൻഡ ഹൗസ് എന്നിവയാണ്. ഈ കോളേജുകളില്ലെല്ലാം തന്നെ അഡ്മിഷൻ എടുക്കുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം ഈ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അതി പ്രശസ്തമായ പല കോളേജുകളിലും ഇന്ന് വിദ്യ അഭ്യസിക്കുന്നവരിൽ 20 ശതമാനം മുതൽ 30 ശതമാനം വരെ മലയാളി വിദ്യാർഥികളാണ്.

 

ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിൽ അല്ലാതെയും ഇന്ത്യയിലെ  മറ്റു പ്രധാന നഗരങ്ങളായ ചെന്നൈയിലെ ലയോള കോളേജും, സ്റ്റെല്ല മേരിസും, ബാംഗ്ലൂരിലെ അസിം പ്രേംജിയും ക്രൈസ്റ്റ് കോളേജും, മണിപ്പാൽ സെൻറെർ ഫോർ ഹ്യൂമാനിറ്റീസും കേരളത്തിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിലും മാനവിക വിഷയങ്ങളിലും ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ആകർഷിക്കുന്ന സ്ഥാപനങ്ങളാണ്.

 

എന്നാൽ  ഇന്ത്യയിലെ പ്രശസ്തമായ സാങ്കേതിക സർവകശാലകളിൽ (IITs) സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി വിശാലമായ അവസരങ്ങൾ ഉണ്ടെന്നത് കേരളത്തിലെ പല രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അഞ്ജാതമാണെന്നത്  ഒരു യാഥാർഥ്യമാണ്. ഇതിനെ കുറിച്ച് ഒരു ഏകദേശ ധാരണ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുക എന്നതാണ്  ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ഇന്ത്യയിൽ പഴയതും പുതിയതുമായ 23 ഐ ഐ ടി കളും, 31 എൻ ഐ ടി കളും,  ഐ എസ് ആർ ഒ ക്ക് കീഴിൽ തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്ന ഐ ഐ എസ് ടിയുമെല്ലാം   ശാസ്ത്ര-സാങ്കേതിക വിഷയങ്ങളോടൊപ്പം  സാമൂഹിക ശാസ്ത്ര വിഷയങ്ങളും  പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ്. സാങ്കേതികവും ശാസ്ത്രീയവുമായ പഠനങ്ങളോടൊപ്പം  സാമൂഹികവും മാനവികവുമായ ആശയകൈമാറ്റങ്ങളും സംവാദങ്ങളും ഉണ്ടാവേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ശാസ്ത്ര-സാങ്കേതിക കേന്ദ്രങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിൽ സാമൂഹിക-മാനവിക വിഷയങ്ങൾ പിറവിയെടുക്കുന്നത്.

 

സാമൂഹ്യ  ശാസ്ത്രവും മാനവിക വിഷയങ്ങളും പ്രാധ്യാനം നൽകുന്ന ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ :

 

ഐഐടി മദ്രാസ്

കേരളത്തിനോട് ഏറ്റവും അടുത്തുള്ള, ഇന്ത്യയിൽ തന്നെ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഐ ഐ ടി മദ്രാസ്. ഐ ഐ ടി മദ്രാസിൽ  സാമൂഹ്യ- മാനവിക വിഷയങ്ങളിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമും ഗവേഷണവുമാണ് ഉള്ളത്. പ്ലസ് ടു വിന് ശേഷം രണ്ട് വിധത്തിലുള്ള ഇന്റഗ്രേറ്റഡ് കോഴ്സുകളാണ് ഐ ഐ ടി മദ്രാസ് വിഭാവനം ചെയ്തിട്ടുള്ളത്. 1. സാമൂഹിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ വികസന പഠനവും (Development Studies) 2. മാനവിക വിഷയത്തിൽ അധിഷ്ഠിതമായ ഇംഗ്ലീഷ് ഭാഷ പഠനവും (English Studies). സാധാരണ യൂണിവേഴ്സിറ്റി സിലബസിൽ നിന്നും വ്യത്യസ്തമായി സാമൂഹിക ശാസ്ത്രത്തിന്റെയും മാനവിക വിഷയങ്ങളുടെയും വൈവിധ്യങ്ങളായ പഠന ശാഖകൾ ഈ കോഴ്സുകൾ നൽകുന്നു.

 

ഐ ഐ ടി മദ്രാസ് തന്നെ  നടത്തുന്ന ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എൻട്രൻസ് എക്‌സാമിനേഷൻ പാസ്സാകുന്ന കുട്ടികൾക്കാണ് ഈ കോഴ്‌സുകളിലേക്ക് പ്രവേശനം അനുവദിക്കുക. സാധാരണയായി എല്ലാ വർഷവും മെയ് മാസത്തിലാണ് എൻട്രൻസ് പരീക്ഷ നടത്തുന്നത്.

 

ഇന്റഗ്രേറ്റഡ് എം എ പ്രോഗ്രാമിനെ കൂടാതെ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും മാനവിക വിഷയങ്ങളിലും വിശാലമായ ഗവേഷണ സാധ്യതകളും  ഐ ഐ ടി മദ്രാസിലുണ്ട്. സാമൂഹിക ശാസ്ത്രത്തിലെ എല്ലാ മേഖലകളിലും കഴിവുറ്റ അദ്ധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

sihas
മുഹമ്മദ് ശിഹാസ്

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://hss.iitm.ac.in/

 

ഐ ഐ ടി ബോംബെ

ഐ ഐ ടി മദ്രാസിലെ പോലെ തന്നെ സാമൂഹ്യ  ശാസ്ത്ര മാനവിക വിഷയങ്ങൾക്ക് പ്രാധ്യാനം കല്പിക്കുന്ന മറ്റൊരു സ്ഥാപനമാണ് ഐ ഐ ടി ബോംബെ. എന്നാൽ ഗവേഷണത്തിനാണ് ഐ ഐ ടി ബോംബെ കൂടുതൽ മുൻ‌തൂക്കം നൽകുന്നത്. ബിരുദ തലത്തിൽ പുതുതായി ആരംഭിച്ച ബാച്‌ലർ ഓഫ് സയൻസ് ഇൻ എക്കണോമിക്സ് മാത്രമാണ് ഉള്ളത്. എന്നാൽ ബിരുദാനന്തര ബിരുദത്തിനു ശേഷമുള്ള എം ഫിൽ ഇൻ പ്ലാനിംഗ് ആൻഡ് ഡെവലെപ്മെൻറ് ഐ ഐ ടി ബോംബെയുടെ മാത്രം പ്രത്യേകതയാണ്. സാമൂഹിക ശാസ്ത്രത്തിലെ അടിസ്ഥാനമായ അഞ്ചു വിഷയങ്ങളിൽ ഇവിടെ ഗവേഷണത്തിന് അവസരമുണ്ട്. എക്കണോമിക്സ് , ഇംഗ്ലീഷ്, ഫിലോസഫി, സൈക്കോളജി, സോഷിയോളജി എന്നീ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകർ ഐ ഐ ടി ബോംബയിൽ ലഭ്യമാണ്.

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://www.hss.iitb.ac.in/

 

ഐ ഐ ടി ഡൽഹി

വിവിധങ്ങളായ മേഖലകളിലെ മുപ്പത്തി രണ്ട് പ്രഗൽഭരായ അധ്യാപകർ അടങ്ങിയ ഒരു വലിയ ഡിപ്പാർട്മെന്റ് തന്നെ ഐ ഐ ടി ഡൽഹിയിൽ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിനായുണ്ട്. എന്നാൽ സാമൂഹ്യ ശാസ്ത്ര മാനവിക വിഷയങ്ങൾക്കായുള്ള ബിരുദ കോഴ്സുകൾ ഇവിടെയില്ല.  എങ്കിലും   ബിരുദാനന്തര ബിരുദത്തിന്  എക്കണോമിക്‌സും കോഗ്‌നിറ്റീവ് സയൻസും പുതുതായി ഐ ഐ ടി ഡൽഹിയിൽ തുടങ്ങി പുതിയ പാഠ്യ പദ്ധതികൾ ആണ്. ഗവേഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ സ്ഥാപനത്തിൽ പ്രധാനമായും എക്കണോമിക്സ്, , ഫിലോസഫി , ഭാഷാ ശാസ്ത്രം, പോളിസി സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ ഗവേഷണ സാധ്യതകളുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://hss.iitd.ac.in/

 

ഐ ഐ ടി ഗാന്ധിനഗർ

2014 മുതൽ ഐ ഐ ടി ഗാന്ധി നഗറിൽ സാമൂഹിക ശാസ്ത്രത്തിനും മാനവിക വിഷയങ്ങൾക്കും കീഴിൽ തുടങ്ങിയ ഒരു പ്രതേക ബിരുദാനന്തര പ്രോഗ്രാമാണ് “സൊസൈറ്റി ആൻഡ് കൾച്ചർ” എന്നത്. വളരെ വൈവിധ്യ പൂർണമായി സാമൂഹിക ശാസ്ത്രത്തിലെ തലങ്ങളെല്ലാം ഈ കോഴ്സിന്റെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസം 5000 രൂപാ സ്റ്റൈപ്പൻഡും ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. ബിരുദാന്തര കോഴ്സുകളെ കൂടാതെ സാമൂഹിക ശാസ്ത്ര മാനവിക വിഷയങ്ങളിലെ ഗവേഷണത്തിനുള്ള സൗകര്യവും ഐ ഐ ടി  ഗാന്ധിനഗറിൽ ഉണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://hss.iitgn.ac.in/

 

ഐ ഐ എസ് ടി തിരുവനന്തപുരം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ  സ്ഥാപനമാണ് ഐ ഐ എസ് ടി.  തിരുവന്തപുരത്ത്‌ വലിയമല എന്ന സ്ഥലത്താണ് ഐ ഐ എസ് ടി സ്ഥിതി ചെയ്യുന്നത്. സാമൂഹിക ശാസ്ത്രത്തിലും മാനവിക വിഷയങ്ങളിലും ഐ ഐ എസ് ടി ഗവേഷണത്തിനുള്ള അവസരം നൽകുന്നുണ്ട്. കൾച്ചറൽ സ്റ്റഡീസ്, എക്കണോമിക്സ്,   സോഷിയോളജി എന്നീ വിഷയങ്ങളിലാണ് ഗവേഷണം സാധ്യമാകുന്നത് . ബിരുദാനന്തര ബിരുദത്തോടൊപ്പം യു ജി സി - ജെ ആർ എഫ് പാസ്സാകുന്ന വിദ്ധാർത്ഥികൾക്കാണ് ഇവിടെ പ്രവേശന യോഗ്യത.

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://www.iist.ac.in/departments/humanities-profile

 

ഇവകൂടാതെ  ഇന്ത്യയിലെ  ബാക്കിയുള്ള എല്ലാ ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിനും മാനവിക വിഷയങ്ങൾക്കും ചെറുതല്ലാത്ത ഇടമുണ്ട്. വിദ്യാഭ്യാസം കൂടുതൽ വൈവിധ്യപൂർണമാവുകയും മാനവിക വിഷയങ്ങളെ കൂടി ഉൾക്കൊള്ളിക്കുന്നതിനുള്ള പുതിയ നയങ്ങൾ ഇനിയും രൂപപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ. ഐ ഐ ടി കളെ കൂടാതെ ഐ ഐ എമ്മുകളും സാമൂഹിക ശാസ്ത്രത്തിനും മാനവിക വിഷയങ്ങൾക്കും പ്രാധാന്യം കൊടുക്കാൻ തുടങ്ങിയത് ആശാവഹമായ കാര്യമാണ്.

 

(ലേഖകൻ മുഹമ്മദ് ശിഹാസ് കെ എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വലിയമലയിലെ ഗവേഷക വിദ്യാർഥിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം) 

English Summary: Courses And Career Scope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com