Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീവേഡ് ഇല്ലാതെന്ത് റെസ്യൂമെ?

resume

റെസ്യൂമെ– ജോലിയിലേക്കുവാതിൽ തുറന്നു തരുന്ന താക്കോൽ. എടിഎസിന്റെ പ്രീതി പിടിച്ചുപറ്റുന്ന റെസ്യൂമെകൾക്കേ ഇനി രക്ഷയുള്ളൂ എന്നതാണ് ഈ രംഗത്തെ പുതിയ വാർത്ത. എന്താണീ എടിഎസ് ? ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ്‌വെയർ. റെസ്യൂമെകൾ തരം തിരിച്ച് മികച്ചവ കണ്ടെത്തി കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തും. പക്ഷേ എങ്ങനെ ?

കീവേഡുകൾ വച്ചാണ് എടിഎസിന്റെ പ്രവർത്തനം. ഉദാ: ഐടി കമ്പനിയിൽ ‘ജാവ’ വിദഗ്ധരെ വേണം. റെസ്യൂമെകളിൽ എടിഎസ് ‘ജാവ’ എന്ന വാക്ക് തിരയും. ഇതുള്ളവ മാത്രം തിരഞ്ഞെടുക്കും. 

ശരിയായ കീവേഡുകളാകും ഇനിമുതൽ റെസ്യൂമെ പരീക്ഷയുടെ ആദ്യഘട്ടത്തിൽ നമ്മെ രക്ഷിക്കുക. കാലത്തിനനുസരിച്ചുള്ള ഈ മാറ്റങ്ങൾ അറിയണം. ഒപ്പം റെസ്യൂമെ എഴുത്തിലെ അടിസ്ഥാന പാഠങ്ങൾ ഓർക്കുകയും വേണം. 

വേണം പ്രഫഷനൽ ലേഔട്ട്
കലാപരമായ ഫോണ്ടുകൾ ഏറെ വേണ്ട. ഏരിയൽ, ടൈംസ് ന്യൂ റോമൻ, വെർഡാന തുടങ്ങിയവ ഉപയോഗിക്കാം. 10.5 – 12 പോയിന്റ് ഫോണ്ടാകാം. എല്ലാ വശത്തും ഒരിഞ്ചു വീതം മാർജിൻ വേണം. വെള്ളപേപ്പർ മതി. കാണുമ്പോൾ പ്രഫഷനൽ ലുക്ക് തോന്നുന്ന ലേഔട്ട് ഉറപ്പാക്കാം.

സ്കിൽസ് & എബിലിറ്റീസ്
ജോലിക്കു പരിഗണിക്കുന്നവർ ഒരു പക്ഷേ ആദ്യം ശ്രദ്ധിക്കുക ‘സ്കിൽസ് & എബിലിറ്റീസ്’ എന്ന ഭാഗമാകും. ഈ ജോലിക്കു പരിഗണിക്കത്തക്കവിധമുള്ള കഴിവുകൾ, സാങ്കേതിക ജ്ഞാനം, ഉപയോഗപ്പെടുന്ന മറ്റു ശേഷികൾ‌ എന്നിവ എഴുതാം. സ്കൂളിൽ ഓട്ടമൽസരത്തിനു സമ്മാനം കിട്ടിയ കാര്യമൊന്നും എഴുതേണ്ടതില്ല താനും.

റെസ്യൂമി സമ്മറി സ്റ്റേറ്റ്മെന്റ്
നിങ്ങളുടെ കഴിവുകളുടെയും തൊഴിൽപരിചയത്തിന്റെയും ആകെത്തുകയാണ് റെസ്യൂമെ സമ്മറി സ്റ്റേറ്റ്മെന്റ്. ഒബ്ജെക്ടീവ് പോലെ തന്നെ കഴിവതും ഒന്നോ രണ്ടോ വരി മാത്രം. ഉദാ: ‘മൂന്നു വർഷം തൊഴിൽ പരിചയമുള്ള എച്ച്ആർ മാനേജർ, ഐഐഎമ്മിൽനിന്ന് എംബിഎ നേടിയിട്ടുണ്ട്’.

മുൻപരിചയം, യോഗ്യതകൾ
എക്സ്പീരിയൻസ് & ക്വാളിഫിക്കേഷൻസ് എന്നു ടൈറ്റിൽ നൽകാം. ഏറ്റവും ഒടുവിൽ ചെയ്ത ജോലി ആദ്യം പറയണം. എവിടെയൊക്കെ ജോലി ചെയ്തു, എത്ര നാൾ‌ തുടങ്ങിയ വിവരങ്ങൾ വേണം. വഹിച്ച തസ്തികകൾ, അവയിൽ നിർവഹിച്ച ചുമതലകൾ തുടങ്ങിയവ ബുള്ളറ്റ് രൂപത്തിൽ നൽകാം.

സിവി വേറെ
റെസ്യൂമെയും സിവിയും (കരിക്കുലം വിറ്റയ്) ആവശ്യപ്പെടുന്ന തൊഴിൽമേഖലകൾ രണ്ടാണ്. നിങ്ങൾ ഡ്രില്ലിങ് വിദഗ്ധനാണെങ്കിൽ കമ്പനിക്ക് നിങ്ങൾ സ്‌കൂളിൽ നേടിയ സമ്മാനങ്ങളെക്കുറിച്ചറിയേണ്ട. ഡ്രില്ലിങ്ങിലെ മികവ് വ്യക്തമാക്കുന്ന ഹ്രസ്വ റെസ്യൂമെ മതി. മറിച്ച്, ഒരു ഗവേഷകന്റെ കാര്യത്തിൽ വളരെ ആഴത്തിൽ അറിയാൻ സ്ഥാപനത്തിനു താൽപര്യമുണ്ടാകും. ഇത്തരം സന്ദർഭത്തിൽ വിശദമായ സിവി തയാറാക്കാം.

റെസ്യൂമെ പലവിധം
ക്രോണോളജിക്കൽ റെസ്യൂമെ: ആദ്യ ജോലി മുതൽ ഇപ്പോഴത്തെ ജോലി വരെ കൊടുക്കുന്ന പരമ്പരാഗത ഫോർമാറ്റ്. ഒരു ഡോക്ടറാണെങ്കിൽ, എംബിബിഎസ് പഠനകാലത്തു പോക്കറ്റ് മണിക്കു വേണ്ടി ചെയ്ത ചെറിയ ജോലികൾ വരെ ഉൾപ്പെടും. ഒരേ കരിയർ മേഖലയിൽ തന്നെ തുടർച്ചയായി ജോലി ചെയ്യുന്നവർക്കു പറ്റിയ ഫോർമാറ്റ്.

ഫങ്ഷനൽ റെസ്യൂമെ: നേരത്തെ പറഞ്ഞ ഡോക്ടറുടെ റെസ്യൂമെ തന്നെയെടുക്കാം. എന്തിനാണു ആവശ്യമില്ലാത്ത ജോലികൾ ഉൾപ്പെടുത്തുന്നത് ? അപേക്ഷിക്കുന്ന ജോലിയിലേക്കു പ്രസക്തമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ളതാണു ഫങ്ഷനൽ റെസ്യൂമെ. ഉദ്യോഗാർഥികൾക്കും ഇഷ്ടപ്പെടും. തൊഴിലില്ലാത്ത കാലഘട്ടം മറച്ചുപിടിക്കാമല്ലോ.

കോംബിനേഷനൽ റെസ്യൂമെ: ക്രോണോളജിക്കൽ, ഫങ്ഷനൽ റെസ്യൂമെകളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തിയുള്ള ഫോർമാറ്റ്. കരിയർമാറ്റം ആഗ്രഹിക്കുന്നവർക്കു പറ്റിയത്

വിദ്യാഭ്യാസ യോഗ്യതകൾ
ഹയർ സെക്കൻഡറി സ്കൂൾ മുതലുള്ള വിവരങ്ങൾ ഉൾപ്പെടുത്താം. ഇപ്പോൾ പഠിച്ചിറങ്ങിയ ആളാണെങ്കിൽ മാർക്ക് – സിജിപിഎ തുടങ്ങിയവ ഉൾപ്പെടുത്താം. തൊഴിൽ പരിചയമുണ്ടെങ്കിൽ വേണ്ട.

5കാര്യങ്ങൾ മറക്കരുത്

∙തെറ്റുകൾ അരുത്: അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും നമ്മെക്കുറിച്ചു മോശം ധാരണയുണ്ടാക്കും. ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയവ രണ്ടു തവണ പരിശോധിക്കാം.

∙ടാർഗറ്റ് ചെയ്യണം: ഓരോ ജോലിക്കും കമ്പനിക്കും അനുസരിച്ച് റെസ്യൂമെ പരിഷ്കരിച്ച് അയയ്ക്കുന്നതാണു നല്ലത്. ഏതു ജോലിക്കും ഒരേ റെസ്യൂമെയാണ് അയച്ചാൽ ഒട്ടും മിനക്കെടാൻ തയാറല്ലാത്തയാളാണെന്ന തോന്നലുണ്ടാകും.

∙നീളം കുറയ്ക്കൂ: ഒന്നോ രണ്ടോ പേജുകൾ മതി. ഒറ്റ വായനയിൽ തന്നെ ഹയറിങ് ഉദ്യോഗസ്ഥന് എല്ലാ കാര്യവും പിടികിട്ടും വിധം ലളിതവും വ്യക്തവുമായിരിക്കണം.

∙ഫോട്ടോ എന്തിന്: റെസ്യൂമെയിൽ ഫോട്ടോ നിർബന്ധമല്ല. മതം, ജാതി, വിവാഹ കാര്യം, ഫെയ്സ്ബുക് അക്കൗണ്ട് ലിങ്ക് തുടങ്ങിയവയും വേണ്ട.

∙ ശമ്പളം പിന്നീട്: പ്രതീക്ഷിക്കുന്ന ശമ്പളമെത്ര എന്ന കാര്യം റെസ്യൂമെയിൽ പരാമർശിക്കേണ്ട. അതിനുള്ള സമയം പിന്നീട്.