Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീല്‍ചെയറിലിരുന്നു ലക്ഷങ്ങൾ സമ്പാദിക്കുന്ന സുജാത

sujata

ഇരുപത്തൊന്നാം വയസ്സില്‍ ഒരു അപകടത്തെത്തുടര്‍ന്നു ജീവിതം വീല്‍ചെയറിലേക്ക് ഒതുങ്ങിപ്പോയ ഒരു പെണ്‍കുട്ടി. പിന്നാലെ പിതാവിന്റെ മരണം. ഭാരമാകുമെന്നു തോന്നിയപ്പോള്‍ അവളെ ഒറ്റപ്പെടുത്തിപ്പോയ സുഹൃത്തുക്കളും ബന്ധുക്കളും. ഏതു വ്യക്തിയും ജീവിതത്തിനു മുന്നില്‍ തോറ്റുപോകാവുന്ന സാഹചര്യം. പക്ഷേ ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് അവള്‍ സ്വന്തം കാലില്‍ തലയുയര്‍ത്തി നിന്നു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ക്കു മേല്‍വിലാസങ്ങള്‍ പലതാണ്. 

ഓഹരി വിപണിയില്‍ പ്രതിമാസം രണ്ടരലക്ഷം രൂപ സമ്പാദിക്കുന്ന പ്രഫഷണല്‍ നിക്ഷേപക, മോട്ടിവേഷണല്‍ സ്പീക്കര്‍, എന്‍ജിഒയുടെ സ്ഥാപക മാനേജിങ് ട്രസ്റ്റി, ടിവി ചാനല്‍ അവതാരക എന്നിങ്ങനെ ആരെയും മോഹിപ്പിക്കുന്ന കരിയറാണ് സുജാത ബുര്‍ല എന്ന ഹൈദരാബാദുകാരി നേടിയെടുത്തത്. 

സ്വന്തമായി ഒരു ഫോട്ടോ സ്റ്റുഡിയോയിട്ടു യുവത്വം ആഘോഷമാക്കി നടക്കുമ്പോഴാണു 2001ല്‍ ഒരു റോഡ് അപകടം സുജാതയുടെ ജീവിതം മാറ്റിമറിക്കുന്നത്. മരണത്തില്‍നിന്നു രക്ഷപ്പെട്ടെങ്കിലും നട്ടെല്ലിനു സംഭവിച്ച ക്ഷതത്തെത്തുടര്‍ന്നു തോളിനു താഴേക്കു ശരീരം തളര്‍ന്നു പോയി. ഈ യാഥാർഥ്യവുമായി മനസ്സ് പൊരുത്തപ്പെടാന്‍ തന്നെ കുറച്ചു മാസങ്ങളെടുത്തു. അക്കാലത്ത് ജീവിതം പല കടുത്ത പാഠങ്ങളും സുജാതയെ പഠിപ്പിച്ചു. സുഹൃത്തുക്കളെന്നു കരുതിയവര്‍ പലരും പതിയെ വിട്ടകന്നു. പിന്നാലെ ഇരട്ടി ആഘാതമായി പിതാവിന്റെ മരണവുമെത്തി. അതോടെ തളര്‍ന്നു കിടക്കുന്ന പെണ്‍കുട്ടിയുടെ ഭാരം തങ്ങളുടെ തലയിലാകുമോ എന്നു പേടിച്ച് ബന്ധുക്കളും ആ വഴി വരാതായി. 

sujatha-burla

തന്റെ അവസ്ഥ ഓര്‍ത്തു കരഞ്ഞു കൊണ്ടിരിക്കാന്‍ സുജാതയ്ക്കു നേരമില്ലായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ എന്താണു വഴി എന്നതായിരുന്നു ചിന്തയത്രയും. ഫാഷന്‍ ഡിസൈനറായ സഹോദരിയെ ബിസിനസ്സില്‍ സഹായിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീടു സ്വന്തമായി ഒരു ടെക്‌സ്റ്റൈല്‍ കട തുടങ്ങി. പത്തു പേരെ ജോലിക്കു വച്ചു. പക്ഷേ, വീല്‍ചെയറിലിരുന്ന് എല്ലായിടത്തും ഓടിയെത്താന്‍ കഴിയാത്തതു മൂലം ബിസിനസ് പച്ച പിടിച്ചില്ല. മാത്രമല്ല സുജാതയുടെ വൈകല്യം ജീവനക്കാര്‍ മുതലെടുക്കുകയും ചെയ്തു. അങ്ങനെയാണ് കട നിര്‍ത്തി ഓഹരി വിപണിയിലേക്കു തിരിയാന്‍ തീരുമാനിക്കുന്നത്. ലാപ്‌ടോപ് ഉപയോഗിച്ച് ഓഹരി വിപണിയില്‍ ഡേ ട്രേഡിങ് നടത്തി. ആദ്യം ടൈപ്പ് ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നീടതു ശീലമായി. ഇന്നു പ്രതിമാസം രണ്ടു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ രൂപ ഓഹരി വിപണിയിലൂടെ സുജാത സമ്പാദിക്കുന്നു. 

ആദ്യമൊക്കെ റിലയന്‍സ് പോലുള്ള വലിയ കമ്പനികളില്‍ മാത്രമായിരുന്നു ട്രേഡിങ്. പിന്നീട് പരിചയം വർധിച്ചപ്പോള്‍ കൂടുതല്‍ മേഖലകളിലേക്കു കടന്നു നിക്ഷേപം. നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മൂലം വിഷമിക്കുന്ന കുട്ടികള്‍ക്കായി ശ്രദ്ധ എന്നൊരു എന്‍ജിഒയ്ക്കും സുജാത രൂപം നല്‍കി. വൈകല്യമുള്ളവര്‍ക്കു സ്വന്തമായി ജോലി കണ്ടെത്താനുള്ള സഹായം ശ്രദ്ധ നല്‍കുന്നു. പിന്നീട് ഒരു അനാഥാലയവും സുജാതയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. ബാംഗ്ലൂര്‍ ഡേയ്‌സിലെ പാര്‍വതി അവതരിപ്പിച്ച സേറയെന്ന കഥാപാത്രത്തെപ്പോലെ ഇലക്ട്രോണിക് വീല്‍ ചെയറില്‍ നിരവധി പേര്‍ക്കു പ്രചോദനവും സാന്ത്വനവുമായി സുജാത എത്തി. 

വിവിധ സ്ഥാപനങ്ങളിലും ടെഡ് എക്‌സ് തുടങ്ങിയ വേദികളിലും തന്റെ പ്രചോദനാത്മകമായ കഥ സുജാത അവതരിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യ അടക്കം നിരവധി സ്ഥാപനങ്ങളുടെ മോട്ടിവേഷനല്‍ ഫാക്കല്‍റ്റിയാണ് സുജാത ഇന്ന്. 2010 ല്‍ ആന്ധ്രാപ്രദേശിലെ ഒരു ന്യൂസ് ചാനല്‍ ആരംഭിച്ച സെലിബ്രിറ്റി ചാറ്റ് ഷോയില്‍ അവതാരകയായും സുജാത പ്രത്യക്ഷപ്പെട്ടു. 40 ഓളം എപ്പിസോഡുകളില്‍ സിനിമാ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രമുഖരുമായി അഭിമുഖം നടത്തി. ഒരു ഓഹരി വിപണി പരിശീലന കേന്ദ്രം അടക്കമുള്ള സ്വപ്‌നപദ്ധതികളുമായി വീല്‍ചെയറില്‍ തന്റെ യാത്ര തുടരുകയാണു സുജാത. ജീവിതത്തില്‍ തോറ്റു പോയെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നിയാല്‍ എടുത്തു വച്ച് വായിക്കാവുന്ന ആത്മവിശ്വാസം തുളുമ്പുന്ന പുസ്തകമാണു സുജാതയുടെ ജീവിതം.

Read More: Success Stories