Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിരി മുഹബ്ബത്തും ചാലിച്ച്...

hotel-management-career

‘‘ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത്ത് കൂടി വേണം’’– ഓർമയില്ലേ, ‘ഉസ്താദ് ഹോട്ടലി’ൽ ഉപ്പൂപ്പ ഫൈസിക്കു പറഞ്ഞുകൊടുക്കുന്ന ദിവ്യമന്ത്രം. സ്വിറ്റ്സർലൻഡിൽ പഠിക്കാൻപോയ ഫൈസി തിരിച്ചുവന്നതു ഷെഫ് ആയിട്ടാണെന്നറിഞ്ഞ് ഉപ്പ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാൽ ഇത്തരം മുൻവിധികൾ മാറ്റിവയ്ക്കൂ എന്നാണു സമീപകാല കണക്കുകൾ നമ്മോടു പറയുന്നത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദം പൂർത്തിയാക്കുന്ന 80 % പേർക്കും ഒരു വർഷത്തിനകംതന്നെ ജോലി കിട്ടുന്നു. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഓരോ 10 ലക്ഷം ഡോളർ നിക്ഷേപത്തിനൊപ്പവും 407 തൊഴിലവസരങ്ങളുണ്ടാകുന്നു. ഒരുപക്ഷേ ഓട്ടമൊബീൽ, ഫിനാൻസ്, ടെലികോം തുടങ്ങി മറ്റു പല മേഖലകളെയും അസൂയപ്പെടുത്തുന്ന കണക്ക്. ഓട്ടമേഷൻപോലെയുള്ള സാങ്കേതികവിദ്യാ മാറ്റങ്ങൾ തൊഴിൽമേഖലയെ എത്ര മാറ്റിമറിച്ചാലും ഈ രംഗത്തു മനുഷ്യവിഭവശേഷിയുടെ പ്രാധാന്യം ഒരു പരിധിക്കപ്പുറം കുറയില്ല. കാരണം, സാങ്കേതികവിദ്യ മാത്രം പോരാ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ വിജയം നേടണമെങ്കിൽ ഓരോ ഉപഭോക്താവിനും നേരത്തെ പറഞ്ഞ ‘ഒരിത്തിരി മുഹബ്ബത്ത്’ കൂടി പകർന്നുനൽകണം.

മേഖലകൾ പലത്
ഷെഫിന്റെ വേഷം മാത്രമല്ല ഹോട്ടൽ മാനേജ്മെന്റ് രംഗത്തു നമ്മെ കാത്തിരിക്കുന്നത്. ഫുഡ് ആൻഡ് ബവ്‌റിജ് സർവീസസ്, എച്ച്ആർ, മാർക്കറ്റിങ്, ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ് തുടങ്ങി വിവിധ മേഖലകളിലാണു ജോലിസാധ്യത. മേഖല ഏതായാലും ചില അടിസ്ഥാനഗുണങ്ങൾ എല്ലാവർക്കും വേണം. ആശയവിനിമയശേഷി, കൂട്ടായ്മാ മനോഭാവം, മൾട്ടിടാസ്കിങ്, അക്ഷോഭ്യത, വിവിധ പശ്ചാത്തലത്തിലുള്ളവരുമായി ഇടപഴകാനും അവരുടെ ആവശ്യങ്ങളറിഞ്ഞു പെരുമാറാനുമുള്ള സന്നദ്ധത തുടങ്ങിയവ പ്രധാനം. അതിഥിയോടുള്ള കരുതലാകണം ആതിഥേയന്റെ ഏറ്റവും വലിയ കൈമുതൽ.

ഈ അടിത്തറയിൽനിന്നു പുതിയ കാലത്തിനു വേണ്ട ഹോസ്പിറ്റാലിറ്റി പ്രഫഷനലിനെ വാർത്തെടുക്കുകയാണു ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിൽ ചെയ്യുന്നത്. പക്ഷേ എത്ര പേർ? നാഷനൽ സ്കിൽസ് ഡവലപ്മെന്റ് കൗൺസിലിന്റെ കണക്കുപ്രകാരം വരുന്ന പത്തുവർഷത്തിനിടെ കേരളത്തിലും കർണാടകയിലും മാത്രം ഈ രംഗത്ത് ആവശ്യമുള്ളവർ 27 ലക്ഷമാണെങ്കിൽ പരിശീലനം നേടി ജോലിക്കു ലഭ്യമാകുന്നവർ 19 ലക്ഷം മാത്രമാകും. നാഷനൽ അപ്രന്റിസ് ട്രെയിനിങ് സ്കീം, ഹുനർ സെ റോസ്ഗർ, ഫുഡ്ക്രാഫ്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സുകൾ തുടങ്ങി സർക്കാർതലത്തിൽത്തന്നെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടും ഇതാണു സ്ഥിതി. അഭിരുചി അനുസരിച്ച് ഇതു തനിക്കു പറ്റിയ മേഖലയെന്നു തോന്നുന്നയാൾക്കു ഭാവിയെക്കുറിച്ച് ആശങ്കവേണ്ടെന്നർഥം.

ഹോട്ടലുകൾക്കുമപ്പുറം
ഹോസ്പിറ്റാലിറ്റി പ്രഫഷനലുകൾക്കു ഹോട്ടലുകളിൽ മാത്രമല്ല അവസരം. റീട്ടെയ്‌ൽ ആണ് ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ടാമത്തെ മേഖല. എയർലൈൻ കേറ്ററിങ്, മർച്ചന്റ് നേവി, ക്രൂസ് കപ്പൽ സർവീസുകൾ എന്നിവയിലൂടെ കടലിലും ആകാശത്തും വരെ ജോലി കിട്ടാം. വൻകിട ആശുപത്രികൾ, സൂപ്പർസ്പെഷ്യൽറ്റി ക്ലിനിക്കുകൾ, ടെലികോം കമ്പനികൾ തുടങ്ങിയവ കൂടി ഇപ്പോൾ ആ നിരയിലേക്കു ചേരുന്നു. ഇവിടെയൊക്കെ ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ്, കസ്റ്റമർ സർവീസ് വിഭാഗങ്ങളിലാകും ജോലിസാധ്യത. ബാങ്കിങ്/ ധനകാര്യസ്ഥാപനങ്ങൾ, ഐടി കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി അവസരങ്ങളുടെ സാധ്യതാപട്ടികയിൽ പിന്നെയും സ്ഥാപനങ്ങൾ.

കരിയർ സാധ്യതകൾ
ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കുന്നവർ കരിയർ തുടങ്ങുന്നതെങ്ങനെ? ബിരുദധാരികൾക്കു ഹോട്ടലുകളിൽ ജോലിയുടെ സ്വഭാവം അനുസരിച്ചു പല തസ്തികകളുണ്ട് – ഫ്രണ്ട് ഓഫിസ് മാനേജർ, എക്സിക്യൂട്ടീവ് ഹൗസ്കീപ്പർ, എക്സിക്യൂട്ടീവ് ഷെഫ്, ഫുഡ് & ബവ്‌റിജസ് മാനേജർ എന്നിങ്ങനെ. ഒന്നോ രണ്ടോ വർഷത്തെ സർവീസിനുശേഷം സൂപ്പർവൈസറിതലത്തിലേക്കുയരാം. അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് എന്നിങ്ങനെയാണ് അഞ്ച്– എട്ടു വർഷത്തിനിടെ മുകളിലേക്കുള്ള കരിയർ വളർച്ചാസാധ്യതകൾ.

(ഹിൽട്ടൺ ഗ്രൂപ്പിന്റെ എച്ച്ആർ ഇന്ത്യന്‍ റീജനൽ ഡയറക്ടറാണു രൂപേഷ് രാജൻ. രണ്ടു പതിറ്റാണ്ടു മുൻപു ഹോട്ടൽ മാനേജ്മെന്റ് രംഗത്തു ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവായി കരിയറിന്റെ തുടക്കം. പിന്നീട് എച്ച്ആർ/ ട്രെയിനിങ് മേഖലയിലേക്കു മാറിയശേഷം കാൾസൺ, ഹയാത്ത് എന്നിവയിലും പ്രവർത്തിച്ചു)