Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിച്ചാൽ പോരാ, പ്രയോഗിക്കാനറിയണം

padavukal-skill-development

വിഖ്യാത ഫ്രഞ്ച് സാഹിത്യകാരൻ ഷൂൾസ് വേണിന്റെ പ്രശസ്ത നോവലാണു ‘മിസ്റ്റീരിയസ് ഐലൻഡ്’. കപ്പൽ തകർന്നതിനെത്തുടർന്ന് ഒരു കൂട്ടം ആളുകൾ ഒരു ദ്വീപിൽപ്പെട്ടുപോകുന്നതും തങ്ങളുടെ സാങ്കേതികജ്ഞാനം ഉപയോഗിച്ച് ദ്വീപിലെ പ്രതികൂലഘടകങ്ങളെ അതിജീവിക്കുന്നതുമാണു കഥ. ഇവരുടെ കൂട്ടത്തിലുള്ള സ്മിത്ത് എന്ന എൻജിനീയറുടെ പ്രായോഗികശേഷികളാണു സഹായക മാകുന്നത്. പ്രതിസന്ധികൾ മറികടക്കാൻ പഠനം മാത്രം പോരാ, അതിന്റെ പ്രായോഗികതലവും അറിഞ്ഞിരിക്കണമെന്നു ചുരുക്കം.

ഓരോ മേഖലയിൽ വൈദഗ്ധ്യം നേടിയവരെയാണ് ഇന്നു കമ്പനികൾ തേടുന്നത്. അതിനാൽ തന്നെ ഇന്റർവ്യൂ അടക്കമുള്ള കടമ്പകൾ കടക്കാൻ മാർക്കിനേക്കാളും ഗ്രേഡിനേക്കാളും പ്രധാനമാണു നൈപുണ്യപരിശീലനം അഥവാ സ്കിൽ ഡവലപ്മെന്റ്.

എന്താണ് നൈപുണ്യപരിശീലനം?

നൈപുണ്യപരിശീലനം എന്നു കേൾക്കുമ്പോൾ പുതിയൊരു കോഴ്സ് എന്നാണോ ചിന്ത ? എങ്കിൽ തെറ്റി.  ഒരു പെയിന്റിങ് അവസാന ടച്ച് നൽകി ഭംഗിയാക്കുന്നതു പോലെയാണത്. സിലബസിനപ്പുറം യഥാർഥ തൊഴിൽ അന്തരീക്ഷത്തിന്റെ പ്രാഥമിക അനുഭവമാണു വിദ്യാർഥിക്കു നൽകുന്നത്. കേരളത്തിലെ സാങ്കേതിക സ്ഥാപനങ്ങളെ കൂട്ടിയിണക്കി വ്യവസായ ഹബ്ബുകളുമായി ബന്ധിപ്പിച്ചു സുഗമമായ നൈപുണ്യപരിശീലനത്തിനു കേരള സർക്കാരും നടപടികൾ സ്വീകരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തി സ്കിൽ ഡവലപ്മെന്റ് അക്കാദമികൾ, ഫിനിഷിങ് സ്കൂളുകൾ തുടങ്ങിയവ സംസ്ഥാനത്തു വേരുപിടിച്ചുവരുന്നു.

പരിശീലനം കേരളത്തിൽ

സ്കിൽ ഡവലപ്മെന്റ് മിഷൻ കേരളയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണു കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കേസ്). നഴ്സിങ്, അധ്യപനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ ‘കേസ്’ നൈപുണ്യപരിശീലനം നൽകുന്നു. സംരംഭകത്വത്തിൽ താൽപര്യമുള്ളവർക്കായുള്ള പരിശീലനവും ഇവിടത്തെ പ്രത്യേകത. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണു സംരംഭകത്വ പരിശീലനം നൽകുന്നത്. മാരിടൈം എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ‌, പെട്രോകെമിക്കൽസ്, ക്വാളിറ്റി കൺട്രോൾ, ഓയിൽ ആൻഡ് റിഗ്, ഓഫ്ഷോർ എൻജിനീയറിങ് തുടങ്ങി എൻജിനീയറിങ്ങിന്റെ ‘ഹോട്ടസ്റ്റ്’ മേഖലകളിൽ പരിശീലനം തേടാം.

സർക്കാർ –സ്വകാര്യ സഹകരണത്തോടെ തുടങ്ങിയ ഐസിടി അക്കാദമിയും കോളജുകളിൽ നൈപുണ്യപരിശീലനം നടത്തുന്നുണ്ട്. ഐഎച്ച്ആർഡിയുടെ കീഴിലുള്ള സ്കിൽ ഡവലപ്മെന്റ് സെന്ററിൽ സ്കൂൾ വിദ്യാർഥികൾ മുതൽ എൻജിനീയറിങ് വിദ്യാർഥികൾ വരെയുള്ളവർക്കു കോഴ്സുകളുണ്ട്. നൈപുണ്യവികസനത്തിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയാണ് അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ് കേരള). സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഈ നെറ്റ്‌വർക്കിൽ നിന്നു വിവിധ മേഖലകളിൽ നൈപുണ്യപരിശീലനം നടത്താം. കോളജ്, ഹയർസെക്കൻഡറി വിഭാഗത്തിലുള്ളവർക്കാണു കോഴ്സുകൾ.ജപ്പാനിൽ നിന്നു പരിശീലനം നടത്തിയ പ്രഫഷനലുകൾ നയിക്കുന്ന നിപ്പോൺ കേരള സെന്ററിലും വിവിധ കോഴ്സുകൾ പഠിക്കാം.ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ‌ നൈപുണ്യപരിശീലനത്തിനു അവസരമൊരുക്കി കിറ്റ്സും (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം ) രംഗത്തുണ്ട്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലായി അഞ്ച് എംപ്ലോയബിലിറ്റി കേന്ദ്രങ്ങളുമുണ്ട്.

ഫിനിഷിങ് സ്കൂളുകൾ

അക്കാദമികൾക്കൊപ്പം തന്നെ സാങ്കേതികമേഖലയിലുള്ളവരുടെ നിലവാരം മെച്ചപ്പെടുത്താനായുള്ള ഫിനിഷിങ് സ്കൂളുകളുമുണ്ട്. ഇതിൽ പ്രശസ്തമാണ് തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന മോഡൽ ഫിനിഷിങ് സ്കൂൾ.സംസ്ഥാന സർക്കാരും ഐഎച്ച്ആർഡിയും ചേർന്നു തുടങ്ങിയ സ്ഥാപനത്തിൽ ഒട്ടേറെ ഷോർ‌ട് ടേം കോഴ്സുകളുണ്ട്. ജോലിയില്ലാത്തവരെ ലക്ഷ്യമിട്ടുള്ള എംപ്ലോയബിലിറ്റി എൻഹാൻസിങ് പ്രോഗ്രാമുമുണ്ട്. കൊച്ചിയിലും മോഡൽ ഫിനിഷിങ് സ്കൂൾ സ്ഥാപിച്ചിട്ടുണ്ട്. വനിതകളുടെ ജോലിക്ഷമത കൂട്ടാനായി സംസ്ഥാന വനിതാ വികസന കോർപറേഷൻ ‘റീച്ച്’ എന്ന ഫിനിഷിങ് സ്കൂളും‌ തുടങ്ങിയിട്ടുണ്ട്. ഒരുപാടു സ്കില്ലുകൾ പഠിച്ചു പഠിച്ചു പോകേണ്ട കാര്യമില്ല. ജോലി സാധ്യത, താൽപര്യം എന്നിവ പരിഗണിച്ച് ഒരു മേഖല തിരഞ്ഞെടുക്കാം. സ്കിൽ ഡവലപ്മെന്റ് അക്കാദമികളിൽ പലതും ഉദ്യോഗാർഥികൾക്കു പ്ലേസ്മെന്റ് ലഭിക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

സോഫ്റ്റ് സ്കില്ലുകൾ പ്രധാനം

സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളോടൊപ്പം പല പരിശീലനപരിപാടികളിലും സോഫ്റ്റ്സ്കിൽ പരിശീലനവും നൽകുന്നുണ്ട്. നേതൃപാടവം, ഒഴുക്കോടെ ആശയവിനിമയം ചെയ്യാനുള്ള കഴിവ്, സംഘാടനശേഷി തുടങ്ങിയവയാണു തേച്ചുമിനുക്കിയെടുക്കുന്നത്. 

നൈപുണ്യപരിശീലനം ഒൻപതാം ക്ലാസ് മുതൽ വഴികാട്ടാൻ എൻഎസ്ക്യൂഎഫ്

ഒൻപതാം ക്ലാസ് മുതൽ നൈപുണ്യപരിശീലനം ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണു നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (എൻഎസ്ക്യൂഎഫ്).ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു വിവിധമേഖലകളിൽ‌ നൈപുണ്യം ഇതുവഴി തേടാം. വിദ്യാർഥികൾക്കു സ്കൂൾ തലത്തിൽ തന്നെ തങ്ങളുടെ തൊഴിൽ മേഖല തിരിച്ചറിയാൻ സാധിക്കുന്നു എന്നതു പദ്ധതിയുടെ മെച്ചമാണ് . ഇതു കേരളത്തിൽ നടപ്പാക്കിയിരുന്നില്ല. എന്നാൽ എൻഎസ്ക്യൂഎഫിൽ പരിഷ്കാരം വരുത്തി സംസ്ഥാനം നിർദേശിച്ച പുതിയമോഡലിനു കേന്ദ്രാനുമതി കിട്ടിയിട്ടുണ്ട്.