Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെ ഇഷ്ട രാജ്യം ബഹറൈന്‍; ഇന്ത്യ അവസാന പത്തില്‍

bahrain

നാടും വീടും എല്ലാം ഉപേക്ഷിച്ച് അന്യനാട്ടില്‍ ചെന്ന് ജീവിതം കെട്ടിപ്പടുക്കുന്നവരാണ് പ്രവാസികള്‍. ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗവും പ്രത്യേകിച്ച് മലയാളികളും ഇത്തരത്തില്‍ പ്രവാസ ജീവിതം നയിച്ചു വരുന്നവരാണ്. ഒരു രാജ്യത്തെ സമ്പദ് വ്യവസ്ഥ, ജീവിതസാഹചര്യം, തൊഴില്‍ ലഭ്യത, കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ചില പ്രത്യേക രാജ്യങ്ങളിലേക്ക് കുടിയേറി പോകാന്‍ പ്രവാസി സമൂഹത്തെ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആഗോള പ്രവാസി സമൂഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമേതാകും.

പ്രവാസി ശൃംഖലയായ ഇന്റര്‍നേഷന്‍സ് നടത്തിയ ഒരു എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ അനുസരിച്ച് ആഗോള പ്രവാസി സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഗള്‍ഫ് രാജ്യമായ ബഹറൈനാണ്. സര്‍വേ തയ്യാറാക്കിയ 65 രാജ്യങ്ങളുടെ സൂചികയിലാണ് ബഹറൈന്‍ ഒന്നാമത് എത്തിയത്. 166 രാജ്യങ്ങളിലെ 13000 പ്രവാസികളെ പങ്കെടുപ്പിച്ചാണ് സര്‍വേ തയ്യാറാക്കിയത്. വിദേശികളെ സ്വാഗതം ചെയ്യുന്ന ബഹറൈന്‍ ജോലി ചെയ്യാനും കുടുംബം വളര്‍ത്താനുമെല്ലാം മികച്ച രാജ്യമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത പ്രവാസികള്‍ പറയുന്നു.

എന്നാല്‍ മറ്റ് അറബ് രാജ്യങ്ങളായ സൗദി അറേബ്യ(61), ഖത്തര്‍(58), കുവൈറ്റ് (64)എന്നിവയെല്ലാം ഈ പട്ടികയുടെ അവസാന പത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയും(57) ബ്രസീലുമെല്ലാം(62-ാം സ്ഥാനം) ഈ അവസാന പത്തില്‍ തന്നെ. കോസ്റ്ററിക്ക, മെക്‌സിക്കോ, തായ് വാന്‍, പോര്‍ച്ചുഗല്‍, ന്യൂസിലാന്‍ഡ്, മാള്‍ട്ട, കൊളംബിയ, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നിവയാണ് ബഹറൈന് പിന്നാലെ ആദ്യ പത്തില്‍ ഇടം നേടിയ രാജ്യങ്ങള്‍. 

സാമ്പത്തിക സ്ഥിതി മോശമായ ഗ്രീസാണ് പട്ടികയിലെ ഒടുവിലാന്‍. കഴിഞ്ഞ വര്‍ഷം ആദ്യ പത്തിലുണ്ടായിരുന്ന ഓസ്‌ട്രേലിയ ഇത്തവണ 34-ാം സ്ഥാനത്തേക്ക് താഴ്ന്നു. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു പേരും ജോലി ചെയ്യാന്‍ പറ്റിയ സ്ഥലമായി വിലയിരുത്തിയ ചൈന പക്ഷേ ജീവിത നിലവാരത്തിലെ പോരായ്മ കൊണ്ട് 55-ാം സ്ഥാനത്താണ്. ഡോണാള്‍ഡ് ട്രംപിന്റെ അമേരിക്ക കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 17 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 43-ാം സ്ഥാനത്തെത്തി. ബ്രെക്‌സിറ്റാനന്തര യുകെ ആവട്ടെ 21 സ്ഥാനള്‍ താഴേക്കിറങ്ങി 54-ല്‍ എത്തി. ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ ഇടങ്ങളെന്ന അമേരിക്കയുടെയും യുകെയുടെയും ഖ്യാതി ഓരോ വര്‍ഷം പിന്നിടുമ്പോഴും കുറഞ്ഞു വരുന്നതായി സര്‍വേ ഫലം സൂചിപ്പിക്കുന്നു.