Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി പരീക്ഷകൾ അടിമുടി മാറും

PSC

ചോദ്യബാങ്ക് ഏർപ്പെടുത്തിയും പ്രധാന തസ്തികകളിൽ രണ്ടു പരീക്ഷകൾ നടത്തിയും പിഎസ്‌സി പരീക്ഷാ സമ്പ്രദായം  പരിഷ്ക്കരിക്കുന്നു. സെപ്റ്റംബര്‍ 18ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഇതനുസരിച്ച് പ്രധാന തസ്തികകൾക്ക് രണ്ടു ഘട്ട പരീക്ഷകൾ നടത്തും. പ്രാഥമിക പരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങി വിജയിക്കുന്നവർക്കാണ് രണ്ടാം ഘട്ട പരീക്ഷ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഏതൊക്കെ തസ്തികകളിൽ എന്നു മുതൽ പരിഷ്ക്കാരം നടപ്പാക്കണമെന്നത് പിന്നീട് തീരുമാനിക്കും.  

ലക്ഷക്കണക്കിന് ചോദ്യങ്ങൾ ഉൾപ്പെടുത്തി വിപുലമായ ചോദ്യബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചോദ്യബാങ്കിൽ ഉൾപ്പെടുത്തുന്ന ചോദ്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അപ്രകാരം ചെയ്യേണ്ടതില്ല എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മോഡൽ ചോദ്യങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും. കാലാനുസൃതമായി ചോദ്യബാങ്ക് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. 

രണ്ടു പരീക്ഷ ഏതൊക്കെ തസ്തികകളിൽ?
ഏതൊക്കെ തസ്തികകൾക്ക് രണ്ടു പരീക്ഷ നടത്തണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെങ്കിലും കൂടുതൽ അപേക്ഷകരുള്ള തസ്തികകളിലെല്ലാം രണ്ടു ഘട്ട പരീക്ഷ നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. അങ്ങനെ വരുമ്പോൾ എൽഡിസി,  സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെല്ലാം രണ്ടു പരീക്ഷ നടത്തും. 

സമാന യോഗ്യതയുള്ള തസ്തികകൾക്കെല്ലാം പൊതുവായിട്ടായിരിക്കും പരീക്ഷ. എസ്എൽസിക്കു താഴെ,  എസ്എസ്എൽസി, പ്ലസ്ടു, ബിരുദം  എന്നിങ്ങനെ  തസ്തികകളെ തിരിക്കും. അതിനു ശേഷം സമാനയോഗ്യതയുള്ള തസ്തികകൾക്കെല്ലാമായി പൊതുപരീക്ഷ നടത്താനാണ് തീരുമാനം. 

ഉദാഹരണത്തിന് ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, എസ്ഐ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി തുടങ്ങിയ തസ്തികകളിലേക്കെല്ലാം പൊതുവായ പ്രാഥമിക പരീക്ഷയായിരിക്കും നടത്തുക. പരീക്ഷയിൽ നിശ്ചിത കട്ട് ഒാഫ് മാർക്ക് വാങ്ങുന്നവരെ ഉൾപ്പെടുത്തി ഷോർട്ട്/സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട പരീക്ഷകൂടി ഉളളതിനാൽ ഉദ്യോഗാർഥികളെ തീരെ കുറയ്ക്കാതെയാവും ലിസ്റ്റ് പ്രസിദ്ധീകരിക്കുക. മെയിൻ, സപ്ലിമെന്ററി വേർതിരിവില്ലാതെ ഏകീകൃത ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. സംവരണ സമുദായത്തിലുള്ളവർക്ക് കട്ട്ഒാഫ് മാർക്കിൽ ആവശ്യമായ കുറവ് വരുത്തി ലിസ്റ്റിൽ ഉൾപ്പെടുത്തും. 

ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം വ്യത്യസ്തമായ രണ്ടാംഘട്ട പരീക്ഷയായിരിക്കും നടത്തുക. ഒബ്ജക്ടീവ് രീതിയിൽ തന്നെ നടത്തുന്ന ഈ പരീക്ഷയിൽ വിവിധ തസ്തികകളുടെ ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തും. ഉദാഹരണത്തിന് എസ്ഐ ആയി സർവീസിൽ പ്രവേശിക്കേണ്ട ആൾ  ജോലി ലഭിക്കും മുൻപേ ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കേണ്ടിവരും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ്, എൽഡി ക്ലാർക്ക് തുടങ്ങിയ എല്ലാ തസ്തികകളിലും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നവർക്ക് മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം നേടാൻ കഴിയൂ. ഇതിലേക്കുള്ള വിശദമായ സിലബസ് തയാറാക്കിയ ശേഷമേ പരീക്ഷാ നടപടികൾ ആരംഭിക്കൂ. 

ചോദ്യബാങ്ക്: നടപടി തുടങ്ങി
വിപുലമായ ചോദ്യശേഖലമുള്ള ചോദ്യബാങ്ക് ഏർപ്പെടുത്താനുള്ള നടപടികൾ പിഎസ്‌സി ആരംഭിച്ചു. ഹിസ്റ്ററി, ജിയോളജി, മെഡിക്കൽ തുടങ്ങിയ വിഷയങ്ങളുമായി  ബന്ധപ്പെട്ട ചോദ്യങ്ങളുടെ ശേഖരം മൂന്നു മാസത്തിനകം തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് സർവകലാശാല വൈസ്ചാൻസലർമാർ, റജിസ്ട്രാർമാർ, വകുപ്പുതലവൻമാർ, ബോർഡ് ഒാഫ് സ്റ്റഡീസ് അധ്യക്ഷൻമാർ എന്നിവരുടെ സഹായം തേടും. മുകളിൽ സൂചിപ്പിച്ച വിഷയങ്ങൾക്ക് സമാന്തരമായിതന്നെ മറ്റു വിഷയങ്ങളിലുള്ള ചോദ്യങ്ങളും ശേഖരിക്കുന്നുണ്ട്. വ്യത്യസ്ത ഘട്ടങ്ങളായി പരിശോധന പൂർത്തിയാക്കിയ ശേഷമേ ചോദ്യങ്ങൾ ബാങ്കിൽ ശേഖരിക്കൂ. പത്തുലക്ഷത്തോളം ചോദ്യങ്ങൾ  ഉൾപ്പെടുത്താനാണ് ആലോചന. ചോദ്യബാങ്കിൽ ഉൾപ്പെടുത്തുന്ന ചോദ്യങ്ങൾ പൂർണ്ണമായി  വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് വേണ്ടെന്നാണ് തീരുമാനം. എന്നാൽ ചോദ്യഘടന മനസിലാക്കുന്നതിനായി മാതൃകാ ചോദ്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  ഒരിക്കൽ എടുത്ത ചോദ്യങ്ങൾ ഒഴിവാക്കിയും കൂടുതൽ ഉൾപ്പെടുത്തിയും ചോദ്യബാങ്ക് കൃത്യമായി അപ്ഡേറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 

കെ.വി. സലാഹുദീൻ ചെയർമാനായിരുന്ന കാലത്താണ് ചോദ്യബാങ്ക് ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തത്. ഇപ്പോൾ എട്ടു വർഷംകഴിഞ്ഞിട്ടും ഇക്കാര്യത്തിൽ കാര്യമായ മുന്നോട്ട്പോക്ക് ഉണ്ടായിട്ടില്ല. വെറും 10,000 ചോദ്യങ്ങൾ മാത്രമാണ് ഇതുവരെ ചോദ്യബാങ്കിൽ ഉൾപ്പെടുത്താൻ പിഎസ്‌സിക്ക് കഴിഞ്ഞിട്ടുള്ളത്. ഇതിൽതന്നെ ഭൂരിഭാഗവും മുൻ പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങളാണ്. ഈ സാഹചര്യത്തിൽ സമയബന്ധിതമായി ഈ പരിഷ്ക്കാരം നടപ്പാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. 

എതിർപ്പുമായി ഉദ്യോഗാർഥികൾ
ധാരാളം അപേക്ഷകരുള്ള തസ്തികകളിൽ രണ്ടുഘട്ട പരീക്ഷ നടത്താനുള്ള പിഎസ്‌സി തീരുമാനത്തിനെതിരെ ഉദ്യോഗാർഥികൾ. ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സംവരണ വിഭാഗത്തിലുള്ളവർക്ക് ഒരു തിരഞ്ഞെടുപ്പിൽ രണ്ടു തവണ സംവരണം നൽകുന്നതിന് ഇതിടയാക്കും എന്നതാണ് പരിഷ്ക്കാരത്തെ എതിർക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. പ്രാഥമിക പരീക്ഷയ്ക്ക് ശേഷം ലിസ്റ്റ് തയാറാക്കുമ്പോൾ ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് നിശ്ചയിക്കുന്ന മാർക്കായിരിക്കില്ല സംവരണ വിഭാഗത്തിലുള്ളവർക്ക് നിശ്ചയിക്കുക. പ്രസിദ്ധീകരിക്കുന്ന കട്ട്ഒാഫ് മാർക്കിൽ കുറവ് വരുത്തിയാണ് ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്തുക. പ്രാഥമിക പരീക്ഷയിൽ ലഭിക്കുന്ന സംവരണത്തിന്റെ ആനൂകൂല്യം രണ്ടാമതു നടത്തുന്ന പരീക്ഷയിലും ഇവർക്ക് ലഭിക്കും. അപ്പോൾ രണ്ടുതവണ സംവരണം ലഭിക്കുമെന്നാണ് ഇവരുടെ വാദം. ഒരു തിരഞ്ഞെടുപ്പിൽ രണ്ടുതവണ സംവരണം നൽകാൻ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമായി ഇതുമാറുമെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്. പരിഷ്ക്കാരം നടപ്പാക്കാൻ പിഎസ്‌സി തീരുമാനിച്ചാൽ ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറയുന്നു. 

എൽഡിസി പോലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന തസ്തികകളിൽ രണ്ടു ഘട്ട പരീക്ഷ നടത്തുന്നത് തിരഞ്ഞെടുപ്പ് നടപടികൾ അനന്തമായി വൈകിപ്പിക്കുന്നതിനിടയാക്കുമെന്ന ആക്ഷേപവുമുയരുന്നുണ്ട്. രണ്ടു പരീക്ഷ നടത്തുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കണം.  എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്  പോലെയുള്ള പരീക്ഷകൾ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്നത്. ഒരു പരീക്ഷ എന്നത് രണ്ടാകുമ്പോൾ സാമ്പത്തിക ബാധ്യതയും കൂടും. അതുകൊണ്ടുതന്നെ രണ്ടുഘട്ട പരീക്ഷകൾ പ്രായോഗികമല്ലെന്ന വാദവും പ്രസക്തമാണ്.