Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാറ്റി’ലെ കേമൻ; പക്ഷേ,ഐഐഎം വേണ്ട

aravind

പേര്: അരവിന്ദ് മേനോൻ

വയസ്സ്: 21

പഠനം: കെമിക്കൽ എൻജിനീയറിങ് അവസാന വർഷം, ഐഐടി ബോംബെ

നേട്ടം: ഐഐഎമ്മുകൾ ഉൾപ്പെടെയുള്ള ഉന്നത മാനേജ്മെന്റ് പഠന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയായ ‘ക്യാറ്റി’ൽ 100 പെർസന്റൈൽ എന്ന സ്വപ്ന നേട്ടം. രണ്ടു ലക്ഷത്തോളം പേർ എഴുതിയ പരീക്ഷയിലെ ആദ്യ  20 പേരിലൊരാൾ. 

ഇനി: ഏത് ഐഐഎമ്മിലും പ്രവേശനം കിട്ടും. പക്ഷേ പോകുന്നില്ല...

ക്യാംപസ് റിക്രൂട്മെന്റ് വഴി ആംസ്റ്റർഡാമിലെ ഓപ്റ്റിവർ കമ്പനിയിൽ ലഭിച്ച ജോലിയിൽ രണ്ടു വർഷമെങ്കിലും തുടരും. അതിനു ശേഷമേ എംബിഎ പഠനത്തിനുള്ളൂ. ലക്ഷ്യം ധനകാര്യ മാനേജ്മെന്റിൽ മികച്ച കരിയർ. 

അരവിന്ദിന്റെ അച്ഛൻ കോഴിക്കോട് സ്വദേശി പ്രസാദ് മേനോൻ മുംബൈയിൽ മുകുന്ദ് ലിമിറ്റഡ് ചീഫ് ഓഫ് ഓപ്പറേഷൻസാണ്. അരവിന്ദ് വളർന്നതും പഠിച്ചതും മുംബൈയിൽ തന്നെ. അമ്മ തിരുവനന്തപുരം സ്വദേശിനി രുക്മിണി പ്രസാദ്;   അനുജൻ അനിരുദ്ധ് മേനോൻ  (12–ാം ക്ലാസ്). 

ആദ്യ ഊഴത്തിൽ തന്നെ കോച്ചിങ്ങിന്റെ പിൻബലമില്ലാതെ നേടിയ മികച്ച വിജയത്തിന്റെ റെസിപ്പി എന്ത് ? അരവിന്ദ് തന്നെ പറയട്ടെ:

∙സ്വന്തം കോഴ്സ് ഭംഗിയായി പഠിക്കുക. അതുവഴി ആർജിക്കുന്ന അറിവും ശേഷികളും തീർച്ചയായും പരീക്ഷയിൽ സഹായിക്കും.

∙മുൻ വർഷ ചോദ്യപേപ്പറുകൾ നിർബന്ധമായും പരിശീലിക്കണം. വേഗവും കൃത്യതയും വർധിക്കാൻ ഇതു സഹായിക്കും. 

∙ഇംഗ്ലിഷ് പരിജ്ഞാനം വർധിപ്പിക്കണം. ലോജിക്കൽ റീസണിങ്ങിൽ കൺസെപ്റ്റുകൾ മനസ്സിലാക്കണം. കൺസെപ്റ്റുകൾ അറിയുന്നതു വേഗം വർധിപ്പിക്കും.

∙നന്നായി അറിയുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. അല്ലെങ്കിൽ നെഗറ്റീവ് മാർക്ക് ലഭിക്കുന്നതോടൊപ്പം സമയ നഷ്ടവും ഉണ്ടാകും. ഞാൻ ലോജിക്കൽ വിഭാഗത്തിൽ ഉത്തരം നൽകിയതു 18 ചോദ്യങ്ങൾക്കു മാത്രം. 

∙പുസ്തകങ്ങൾക്കപ്പുറമുള്ള ലോകവും ആവശ്യമാണ്. കമ്പനികളിലേക്കും ഐഐഎമ്മുകളിലേക്കുമുള്ള അഭിമുഖ സമയത്തു അക്കാദമിക് മികവിനോടൊപ്പം നമ്മുടെ വ്യക്തിത്വവും അളക്കും.

Job Tips >>