Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകൾക്ക് ഐഒസി നൽകും 30 കോടി

Print

പച്ചിലയിൽ നിന്നു പെട്രോളുണ്ടാക്കാനാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രലോകത്തിനു സംശയമാണ്. പക്ഷേ പ്രകൃതിക്കും പച്ചിലകൾക്കും ദോഷകരമല്ലാത്ത ‘ഇന്ധനം’ ഉണ്ടാക്കാനാകുമോയെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ചോദിക്കുന്നത്. ഐടിയും മൊബൈലുമൊന്നുമല്ലാതെ പ്രകൃതിക്കു ചേർന്ന തരം കണ്ടുപിടിത്തങ്ങൾക്കായി പുതിയ സ്റ്റാർട്ടപ് സ്കീമും ആരംഭിച്ചുകഴിഞ്ഞു ഐഒസി. ഇന്ത്യയിലെ ഇന്ധന/ഊർജോൽപാദന മേഖലയിൽ പരിസ്ഥിതിക്കു ദോഷകരമല്ലാത്ത തരം കണ്ടുപിടിത്തങ്ങൾ വികസിപ്പിച്ചെടുത്തു പ്രാവർത്തികമാക്കുകയാണു ലക്ഷ്യം. അത്തരം കണ്ടുപിടിത്തങ്ങൾ ഉൽപന്നമാക്കി വിപണിയിലെത്തിക്കാൻ ആദ്യഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നതോ 30 കോടി രൂപയും.

സംഗതി വാണിജ്യമൂല്യമുള്ളതായിരിക്കണം, സാമൂഹികപ്രസക്തിയുള്ളതും; എല്ലാറ്റിനുമുപരിയായി പരിസ്ഥിതി സൗഹാർദപരവും. ഹൈഡ്രജൻ ഉൽപാദനത്തിനുള്ള ചെലവുകുറഞ്ഞ വഴികൾ, കടൽവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതി, എണ്ണശാലകൾ വഴിയുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള വഴികൾ, സെറാമിക് ബ്ലാങ്കറ്റ്, ഗ്ലാസ് വൂൾ പോലുള്ളവയുടെ ഫലപ്രദമായ നിർമാർജനം, എൽപിജി സുരക്ഷ, മാലിന്യത്തിൽ നിന്ന് ഇന്ധനം/ഊർജ ഉൽപാദനം തുടങ്ങിയവ ചില ഉദാഹരണങ്ങൾ.

ഫരീദാബാദിലെ ഐഒസിയുടെ റിസർച് ആൻഡ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ വെബ്സൈറ്റ് വൈകാതെ നിലവിൽ വരും. അതുവഴി ആശയങ്ങൾ ശേഖരിച്ച് മികച്ചവയുടെ ‘പ്രോട്ടോടൈപ്പ്’ തയാറാക്കാനാകും നവസംരംഭകരെ കമ്പനി സഹായിക്കുക. ആശയങ്ങൾക്കായുള്ള ഇന്നവേഷൻ ചാലഞ്ച് പദ്ധതി ഔദ്യോഗിക വെബ്സൈറ്റിൽ വൈകാതെ പ്രഖ്യാപിക്കും: പ്രോജക്ടുകൾ പ്രോട്ടോടൈപ്പായി വികസിപ്പിക്കാൻ നൽകുക രണ്ടു കോടി രൂപ വീതം. വിശദാംശങ്ങൾ പ്രഖ്യാപിക്കുമ്പോൾ അറിയാൻ
വെബ്സൈറ്റ്: www.iocl.com

Your Rating: