Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പുകൾ മാത്രം വസിക്കുന്ന പ്രേത ദ്വീപ്

Snake Island

ഭൂമിയിൽ പോകാൻ പേടിക്കേണ്ട ഒരേയൊരു സ്ഥലമേയുള്ളൂ. അത് പാമ്പുകളുടെ മാത്രം ദ്വീപെന്നറിയപ്പെടുന്ന ബ്രസീലിലെ സാവോ പോളോയിൽ നിന്നും 144 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്കാണ്. അതിമനോഹരമായ സ്ഥലമാണിതെങ്കിലും പാമ്പുകളുടെ ദ്വീപ് ഇവിടുത്തുകാർക്കെന്നും ഒരു പേടിസ്വപ്നമാണ്. ഇലാ ക്വിമാഡെ ഗ്രാൻഡ് എന്നാണ് ഈ ദ്വീപിന്റെ യഥാർത്ഥ പേര്.

ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വർണത്തലയൻ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയിൽ അണലികൾ ഇവിടെയുണ്ടെന്നാണു നിഗമനം. ഇവയുടെ കടിയേറ്റാൽ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. ഈ ഗണത്തിൽ പെട്ട പാമ്പുകൾ മറ്റെവിടെയുമില്ലെന്നതാണ് രസകരമായ വസ്തുത.

Snake Island

ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണു ബ്രസീൽ നിവാസികൾക്കു പറയാനുള്ളത്. ഈ ദ്വീപിൽ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേൽനോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. അവസാനമായി നിയോഗിച്ച ലൈറ്റ് ഹൈസ് ജീവനക്കാരനും ഭാര്യയും അഞ്ചു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബവും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കാണപ്പെടുകയായിരുന്നു. പിന്നീട് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കാതെയായി. മനുഷ്യവാസമില്ലാതെ കിടക്കുന്ന 43 ഹെക്ടർ സ്ഥലത്തിന്റെ ആധിപത്യം ഇപ്പോൾ ഇവിടുത്തെ പാമ്പുകൾക്കാണ്. കടൽക്കൊള്ളക്കാർ തങ്ങളുടെ കൊള്ളമുതൽ ഒളിപ്പിച്ചിരുന്നതിവിടെയാണെന്നും അതു സൂക്ഷിക്കാനായി പാമ്പുകളെ ദ്വീപിലെത്തിച്ചതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. 

Snake Island

മനുഷ്യരാരും തന്നെ ഇവിടെയെത്താറില്ല. അഥവാ പഠനങ്ങൾക്കും ലൈറ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കുമെത്തുന്നവർ നാവികസേനയുടെ പ്രത്യേക  സംഘത്തോടൊപ്പമാണ് ഇവിടെയെത്താറുള്ളത്. വരുമ്പോൾ പാമ്പുകടിയേറ്റാൽ പ്രയോഗിക്കാനുള്ള പ്രതിവിഷവും ഒപ്പം കരുതും. ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെയുള്ള മരങ്ങളിലും പൊന്തക്കാടുകളിലും പതിയിരിക്കുന്നത്. ദ്വീപിലിറങ്ങി രണ്ടുചുവടു വയ്ക്കുമ്പോൾ തന്നെ മരങ്ങളിലും മറ്റും പതുങ്ങിയിരിക്കുന്ന പാമ്പുകളെ കാണാനാകും. ഇവയുടെ ഇരകൾ പ്രധാനമായും ദേശാടന പക്ഷികളാണ്. അതിനാൽ തന്നെ കൂടുതൽ സമയവും മരത്തിനു മുകളിലാണ് പാമ്പുകളുടെ വാസം.

Snake Island

പ്രതിവിഷം നിർമ്മിക്കാനായി പാമ്പുകളുടെ വിഷം ഗവേഷകർ ഗവൺമെന്റിന്റെ അനുമതിയോടെ എടുക്കാറുണ്ട്. അതുപോലെ തന്നെ കരിഞ്ചന്തയിലും പാമ്പുവിഷം വൻതോതിലെത്താറുണ്ട്. ഇതാണ് ഇവിടുത്തെ പാമ്പുകൾ നേരിടുന്ന ഏക ഭീഷണി. മരുന്നു കച്ചവടക്കാൻ വൻതോതിൽ പാമ്പുവിഷത്തിനായി പാമ്പുകളെ കൊന്നൊടുക്കുന്നുണ്ടെന്നാണു വിലയിരുത്തുന്നത്. ഇതിനെതിരെ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണു ഭരണകൂടം. അതുകൊണ്ടു തന്നെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ സ്വർണത്തലയൻ അണലികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

related stories