Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരത്തിൽ കയറി പുള്ളിപ്പുലിയുടെ ഇരയെ അകത്താക്കിയ സിംഹിണി; ദൃശ്യങ്ങൾ കൗതുകമാകുന്നു

Tree climbing lionesses

പുള്ളിപ്പുലികൾ ഇര പിടിച്ചാൽ ആദ്യം ചെയ്യുന്നത് അതിനെയും കൊണ്ട് ഏതെങ്കിലുമൊരു മരത്തിൽ കയറുകയാണ്. പിടിച്ച ഇരയെ ആരും അടിച്ചോണ്ടു പോകാതിരിക്കാനും സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അവയുടെ സൈക്കോളജിക്കൽ മൂവാണത്. മരത്തിന്റെ ഏതെങ്കിലും ഒരു ചില്ലയിൽ വച്ച് പിടിച്ച ഇരയെ ആരുടേയും ശല്യമില്ലാതിരുന്ന് കഴിക്കാനാണിവ ഇങ്ങനെ ചെയ്യുന്നത്.

എന്നാൽ ആ പുള്ളിപ്പുലിക്കു പോലും ഇപ്പോൾ രക്ഷയില്ലെന്നായിരിക്കുകയാണ്. പിടിച്ചു മരത്തിനു മുകളിൽ കഴിക്കാനായി വച്ച ഇരയെ വരെ മരത്തിൽ കയറിയെടുക്കാൻ തുടങ്ങിയാൽ എന്തു ചെയ്യാനാകും?  മറ്റാരുമല്ല, ഒരു പെൺസിംഹമാണ് മരത്തിൽ കയറി പുള്ളിപ്പുലിയുടെ ഭക്ഷണം ൈകക്കലാക്കിയത്. സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി ഗെയിം റിസർവിലെത്തിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെത്തിയ വിനോദ സഞ്ചാരികളും ഒപ്പമുണ്ടായിരുന്ന റേഞ്ചർ എമി ആറ്റ്ൻബർഗും കുറച്ചു നേരമായി നിരീക്ഷിക്കുകയായിരുന്ന പുള്ളിപ്പുലിയുടെയും കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെയും നീക്കങ്ങൾ. പുള്ളിപ്പുലിയും കുഞ്ഞും മരച്ചുവട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു രണ്ടു സിംഹങ്ങളുടെ കടന്നുവരവ്.

Tree climbing lionesses

ഇവിടെ സിംഹങ്ങളും പുല്ലിപ്പുലികളും തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. നിരവധി പുള്ളിപ്പുലികൾക്ക് സിംഹങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ സിംഹങ്ങളെ കണ്ടതും പുള്ളിപ്പുലിക്കുഞ്ഞ് മരത്തിലേക്കോടിക്കയറിയതും ഒന്നിച്ചായിരുന്നു. മരത്തിൽകയറി രക്ഷപെടാൻ ശ്രമിച്ച പുള്ളിപ്പുലിയെ അങ്ങനെ വിടാൻ സിംഹം ഒരുക്കമല്ലായിരുന്നു. പുള്ളിപ്പുലിക്കു പിന്നാലെ ആയാസപ്പെട്ടാണെങ്കിലും സിംഹവും മരത്തിലേക്കു വലിഞ്ഞു കയറി. 

Tree climbing lionesses

അപ്പോഴാണ് പുള്ളിപ്പുലി പിടിച്ചുവച്ചിരുന്ന ഇരയായ ഇംമ്പാല സിംഹിണിയുടെ ശ്രദ്ധയിൽപ്പെട്ടത്. അതോടെ സിംഹം അതു ഭക്ഷിക്കുന്ന തിരക്കിലായി. മരത്തിന്റെ മുകളിലെ ചില്ലകളിലേക്ക് കയറി പുള്ളിപ്പുലിയും രക്ഷപെട്ടു. പിന്നാലെയെത്തിയ സിംഹിണിയും ഇരയെ പങ്കിട്ടു കഴിച്ചതോടെ രംഗം ശാന്തമായി. ഏതായാലും രണ്ടു കൂട്ടർക്കും പരിക്കൊന്നും പറ്റാത്തതിനാലും ഈ അപൂർവ രംഗം കാണാനും ദൃശ്യങ്ങൾ പകർത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിനോദ സഞ്ചാരികളുടെ സംഘം.