Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതലയു‌ടെ പിടിയിൽ നിന്ന് ഇരയെ രക്ഷിച്ച ഹിപ്പോകള്‍

Crocodile Attack

തടാകങ്ങളാണ് മൃഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലുകളും അതോടൊപ്പം പരസ്പര സഹകരണവും ഏറ്റവും തീക്ഷ്ണമായി കാണാന്‍ കഴിയുന്ന പ്രദേശങ്ങള്‍. പലപ്പോഴും ഒരു വിഭാഗത്തില്‍ പെട്ട മൃഗങ്ങള്‍ വെള്ളം കുടിച്ച് തീരുന്നത് വരെ മറ്റ് മൃഗങ്ങള്‍ മാറി നില്‍ക്കുന്ന കാഴ്ച പോലും നമുക്ക് ഇത്തരം തടാക കരകളില്‍ കാണാനാകും. തടാകക്കരകളിലേക്ക് ദാഹിച്ചെത്തുന്ന മൃഗങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി വെള്ളത്തില്‍ നിന്ന് തന്നെയാണ്. പ്രത്യേകിച്ചും ആഫ്രിക്കയില്‍.

ഭീമാകാരന്‍മാരായ മുതലകളാണ് ആഫ്രിക്കയിലെ തടാകങ്ങളിലും നദികളിലുമൊക്കെ ഇരകള്‍ക്കായി കാത്തു കിടക്കുന്നത്. വെള്ളം കുടിക്കാനെത്തുന്ന വൈല്‍ഡ് ബീസ്റ്റുകളെയും മാനുകളെയും ചിലപ്പോഴെങ്കിലും സീബ്രകളേയും സിംഹങ്ങളേയുമൊക്കെ ആഹാരമാക്കാന്‍ ഇവയ്ക്ക് യാതൊരു മടിയുമില്ല. ഇങ്ങനെ വെള്ളം കുടിക്കാനെത്തിയ വൈല്‍ഡ് ബീസ്റ്റുകളില്‍ ഒന്നിനെയാണ് ക്രൂഗര്‍ ദേശീയ പാര്‍ക്കിലെ തടാകത്തിലുള്ള മുതല പിടികൂടിയത്. എന്നാല്‍ മുതല വിചാരിച്ച പോലെ സുഖകരമായിരുന്നില്ല പിന്നീടുണ്ടായ സംഭവങ്ങള്‍.

മുതലകൾക്ക് വെള്ളത്തില്‍ പേടിയുള്ള ഒരേയൊരു ജീവിയാണ് ഹിപ്പോകള്‍. മുതല ആക്രമിക്കാന്‍ മടിക്കുന്ന ഏക ജീവിയും ഇതുതന്നെ. ഇവയുടെ ശക്തിയേറിയ വായകൊണ്ടുള്ള ഒരു കടി മതി മുതല രണ്ടായി ഒടിഞ്ഞു ജീവന്‍ വെടിയാന്‍. അതുകൊണ്ടു തന്നെ ഹിപ്പോകളുമായി ഏറ്റുമുട്ടാൻ മുതലകൾ ശ്രമിക്കാറില്ല. വെള്ളം കുടിക്കാനെത്തിയ വൈല്‍ഡ് ബീസ്റ്റിനെ പിടികൂടിയ മുതലയെയാണ് രണ്ടു ഹിപ്പോകൾ ചേർന്ന് ആക്രമിച്ചത്. വൈല്‍ഡ് ബീസ്റ്റിന്‍റെ കാലില്‍ പിടികൂടിയ മുതല ഈ ജീവിയെ വെള്ളത്തിലേക്ക് കൊണ്ടുപോകാനായി ശ്രമിച്ചു. ഏറെ നേരം ചെറുത്തു നിന്ന വൈല്‍ഡ് ബീസ്റ്റ് ക്ഷീണിച്ചതോടെ മുതല ഇരയെ വെള്ളത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു വന്നു.

എന്നാല്‍ ഇതിനിടെയിയാണ് രണ്ട് ഹിപ്പോകള്‍ മുതലയ്ക്കു നേരെ ചീറിയടുത്തത്. വെള്ളത്തില്‍ കിടക്കുകയായിരുന്ന ഹിപ്പോകള്‍ മുതലയുടെ അരികിലേക്കെത്തി ആക്രമിച്ചു. ഇതോടെ വൈല്‍ഡ് ബീസ്റ്റിന് മേലുള്ള പിടി വിടാന്‍ മുതല നിര്‍ബന്ധിതനായി. കാലുകൾ സ്വതന്ത്രമായതോടെ വൈല്‍ഡ് ബീസ്റ്റ് കരയിലേക്ക് കയറി ജീവനും കൊണ്ടോടി. കുളമ്പ് ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലായിരുന്നു ആ പാവം ജീവി.

Crocodile Attack

സ്വന്തം അതിര്‍ത്തി കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ജീവികളാണ് ഹിപ്പോകള്‍. മുതല തങ്ങളുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നതാകാം ഹിപ്പോകളെ പ്രകോപിപ്പിച്ചത്. ഏതായാലും വൈല്‍ഡ് ബീസ്റ്റിനെ ഭാഗ്യം കടാക്ഷിച്ചത് ഹിപ്പോകളുടെ രൂപത്തിലാണെന്ന് മാത്രം. അല്ലങ്കിൽ നിമിഷങ്ങൾക്കകം മുതല അതിനെ അകത്താക്കിയേനെ.