Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ഉപേക്ഷിച്ച ആനക്കുട്ടിക്ക് ഈ പുതപ്പാണ് ‘അമ്മ’

Shawu

ലിംപോപോയിലെ ഹോഡ്സ്പ്യുർട്ട് സംരക്ഷണ കേന്ദ്രത്തിലുള്ള ഷാവു 2 എന്ന ആനക്കുട്ടിക്ക് അമ്മയില്ല. ഒന്നരവയസ്സു മാത്രം പ്രായമുള്ള ഇവന്‍ അമ്മയുടെ സാമീപ്യം ഏറെ ആഗ്രഹിക്കുന്നുണ്ട്. അതിനായി ഇവിടുത്തെ ജീവനക്കാർ കണ്ടുപിടിച്ച വഴിയാണ് കട്ടിയുള്ള കമ്പിളിപ്പുതപ്പ് വലിച്ചുകെട്ടുകയെന്നത്. പാലു കുടിക്കുമ്പോഴും ഉറങ്ങുമ്പോഴുമാണ് ഇവന് അമ്മയുടെ സാമീപ്യം ഏറെയാവശ്യം. കാരണം കുട്ടിയാനകൾ അമ്മയെ തൊട്ടുരുമ്മി നിന്നാണല്ലോ പാലു കുടിക്കുന്നതും ഉറങ്ങുന്നതും. ഇവിടെ വന്നതു മുതൽ വലിയ കുപ്പിയിൽ പാലു നൽകുമ്പോൾ ഈ വലിച്ചു കെട്ടിയ പുതപ്പിൽ ചാരി നിന്നായിരുന്നു ഷാവുവിന്റെ പാലുകുടി. ഉറക്കവും ഈ കമ്പിളിപ്പുതപ്പിനരികിൽ തന്നെ. പാലു കുടിക്കുമ്പോഴും ഉറങ്ങുമ്പോഴും തുടങ്ങി അമ്മ കൂടെയുണ്ടായിരുന്ന സമയത്തെല്ലാം ഇപ്പോള്‍ പകരം കമ്പിളിപ്പുതപ്പാണ് ഷാവുവിനൊപ്പമുള്ളത്. 

പാലു കുടിക്കാന്‍ ഷാവുവിനെ വിളിക്കുന്നതിനായാണ് ആദ്യം ജീവനക്കാർ പുതപ്പ് ഉപയോഗിച്ച് തുടങ്ങിയത്. മരക്കൊമ്പില്‍ പുതപ്പ് വിരിച്ച ശേഷം പാലു നല്‍കിയായിരുന്നു തുടക്കം. പിന്നീട് മരക്കൊമ്പില്‍ പുതപ്പ് വിരിച്ചാലുടൻ ഷാവു പാലു കുടിക്കാനായി വന്നു തുടങ്ങി. പിന്നീട് തനിക്കു വിശക്കുമ്പോള്‍ ഷാവു പുതപ്പെടുത്ത് മരക്കൊമ്പില്‍ വിരിച്ചു തുടങ്ങി. അങ്ങനെയാണ് പുതപ്പിനോട് ഷാവു ഇഷ്ടം പ്രകടിപ്പിച്ചു തുടങ്ങി. ഒടുവില്‍ അതേ രീതിയിലുള്ള മറ്റൊരു പുതപ്പു കൂടി വാങ്ങി നൽകി .ഇപ്പോൾ പുതപ്പ് അരികിലില്ലാതെ ഉണ്ണാനും ഉറങ്ങാനും പറ്റില്ല ഈ ആനക്കുട്ടിക്ക്. കാരണം പുതപ്പുകൾ അവന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു

Shawu

ഒരു വര്‍ഷം മുന്‍പാണ് ആനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ ഷാവുവിനെ കാട്ടില്‍ നിന്നു കണ്ടെത്തുന്നത്. രണ്ടു വയസ്സു വരെയാണ് ഷാവുവിനെ സംരക്ഷണ കേന്ദ്രത്തില്‍ വളര്‍ത്താനാവുക. പിന്നീട് ആനക്കുട്ടിയെ തിരികെ കാട്ടിലേക്കയക്കും. കാട് പരിചയപ്പെടുത്താനായി ഇപ്പോള്‍ ഷാവുവിനെ രാവിലെ മുതല്‍ വൈകുന്നേരം വരെ സമീപത്തുള്ള പുല്‍മേടുകളിലേക്കയയ്ക്കും. ഈ സമയത്തെല്ലാം സംരക്ഷണ കേന്ദ്രത്തിലെ ജോലിക്കാര്‍ ഷാവുവിനെ നിരീക്ഷിക്കുന്നുണ്ടാകും.

കാട്ടിലൂടെയുള്ള നടത്തം കഴിഞ്ഞാല്‍ ഷാവുവിന് ഏറെയിഷ്ടം ഫുട്ബോള്‍ കളിക്കാനാണ്. എന്നന്നേക്കുമായി കാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ ഷാവുവിന് ഏറ്റവുമധികം നഷ്ടബോധം തോന്നുന്നത്  ഈ പുതപ്പിനെക്കുറിച്ചും ഫുട്ബോള്‍ കളിയെക്കുറിച്ചും ഓർക്കുമ്പോളായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.