Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദിവസം പിടികൂടുന്നത് നൂറിലധികം പാമ്പുകളെ ; ഓസ്ട്രേലിയയിലെ പാമ്പ് സുനാമിക്കു പിന്നിൽ?

snakes

ഓസ്ട്രേലിയയിലെ ഇപ്പോഴത്തെ അവസ്ഥയെ ഇവിടുത്തെ പാമ്പു പിടിത്തക്കാര്‍ വിശേഷിപ്പിക്കുന്നത് പാമ്പു സുനാമിയെന്നാണ്.കാരണം ഇവർക്കിപ്പോൾ ഒരു ദിവസം പിടിക്കേണ്ടി വരുന്ന പാമ്പുകളുടെ എണ്ണത്തിലുണ്ടായ വർധനവുതന്നെ.കഴിഞ്ഞ കുറച്ചു ദിവസങ്ങവായി ഒരു ദിവസം പാമ്പിനെ പിടിക്കുന്നതിനായി ശരാശരി വരുന്നത് പത്തോളം ഫോണ്‍കോളുകളാണ്. അപ്രതീക്ഷിതമായി ചൂടുകാറ്റു വീശിയതോടെ മഞ്ഞുകാലത്തെ ഉറക്കത്തില്‍ നിന്നു പാമ്പുകള്‍ കൂട്ടത്തോടെ എണീറ്റതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.

രണ്ടാഴ്ചയെങ്കിലും ഇപ്പോഴത്തെ പ്രതിഭാസം നീണ്ടു നില്‍ക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഓസ്ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച മുനന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്യൂന്‍സ്‌ലന്‍ഡ് ഉള്‍പ്പടെയുള്ള മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഹൈബര്‍നേഷനില്‍ നിന്നുണര്‍ന്ന ഉടനെ ഇണകളെ തേടിയുള്ള പരക്കം പാച്ചിലിലാണ് പാമ്പുകള്‍ കൂട്ടത്തോടെ പുറത്തു ചാടുന്നത്

ഗോള്‍ഡ് കോസ്റ്റിലെ ടോണി ഹാരിസണ്‍ എന്ന പാമ്പു പിടിത്ത വിദഗ്ദ്ധൻ ഒരു രാത്രി മാത്രം പിടിച്ചതു നൂറുകണക്കിനു പാമ്പുകളെയാണ്. സാധാരണ ഒന്നര മാസത്തോളമെടുക്കും പാമ്പുകൾ ഉറക്കത്തിൽ നിന്നുണരാൻ.പിന്നീടാണവ ഹൈബര്‍നേഷന്‍ വിട്ട് ഒന്നൊന്നായി പുറത്തു വരിക. എന്നാൽ പെട്ടെന്നുള്ള ഉഷ്ണകാറ്റില്‍ താപനില ഉയര്‍ന്നതാണ് ഈ പാമ്പു സുനാമിക്ക് കാരണമായതെന്ന് ടോണി ഹാരിസണ്‍ വിശദീകരിക്കുന്നു.

snakes

വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ പാമ്പു കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കടുത്ത വിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്ക് മുതല്‍ പെരുമ്പാമ്പുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.  ഭൂരിഭാഗം പാമ്പുകളെയും വീടിനുള്ളില്‍ നിന്നാണു കണ്ടെത്തുന്നതെന്നതാണ് മറ്റൊരു പേടിപ്പെടുത്തുന്ന വസ്തുത.ഈ സമയത്ത് വീട്ടുകാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീടിനു സമീപത്തും മറ്റും ചപ്പുചവറുകളും പാഴ്‌വസ്തുക്കളും കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു.